സുരേഷ് ഗോപി ആഞ്ഞടിച്ചു...14 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷം വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ കടന്നു, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി, മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരണ്‍ റിജിജു

വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായതോടെ മുനമ്പം സമരപന്തലില്‍ പടക്കംപൊട്ടിച്ച് സമരക്കാര്‍ ആഹ്ലാദപ്രകടനം നടത്തി. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂല മുദ്രാവാക്യം മുഴക്കിയാണ് മുനമ്പത്തുകാര്‍ ആഹ്ലാദപ്രകടനം നടത്തിയത്. ലോക്സഭയില്‍ നടന്ന ചര്‍ച്ചകള്‍ മുനമ്പത്തെ സമരപന്തലില്‍വെച്ച് സമരക്കാര്‍ ലൈവായി കണ്ടിരുന്നു.
തങ്ങളെ അറിയാത്ത കിരണ്‍ റിജ്ജു പോലും തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുവെന്നും തങ്ങളെ അറിയേണ്ട എംപി ഹൈബി ഈഡന്‍ എന്താണ് സംസാരിച്ചത് എന്നും സമരക്കാര്‍ പ്രതികരിച്ചു. മുനമ്പത്തെ പ്രശ്നങ്ങള്‍ വഖഫ് ഭേദഗതിബില്ലോടുകൂടി പരിഹരിക്കപ്പെടും എന്ന് ബിജെപി നേതാക്കള്‍ ലോക്സഭാ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. കേരള രാഷ്ട്രീയത്തില്‍ ഇത് വലിയ ചലനം ഉണ്ടാക്കും. കേരളത്തില്‍ വലിയ വളര്‍ച്ച ബിജെപി ഇതിലൂടെ നേടും.
വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും വോട്ടിനിട്ട് തള്ളി.
2025 ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബില്‍ പരിശോധിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്ക്കെതിരെ 4ഉ ആക്രമണം നടത്തുകയാണെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു.
5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടര്‍ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
വഖഫ് ബില്ല് വന്നാല്‍ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അറുനൂറിലധികം പേരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഭൂമി തിരിച്ചെടുക്കാനാകുമെന്നും റിജിജു പറഞ്ഞു.
വഖഫ് ബില്ലിന് ലോക്‌സഭയില്‍ പിന്തുണയറിയിച്ച് ടിഡിപിയും ജെഡിയുവും രംഗത്തെത്തി. മുസ്ലീം ക്ഷേമത്തിനായി വഖഫ് ബില്ലിനെ പിന്തുണക്കുന്നുവെന്ന് ടിഡിപി പറഞ്ഞു. വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അവകാശം നല്‍കണമെന്നും ടിഡിപി അംഗം കൃഷ്ണ പ്രസാദ് വ്യക്തമാക്കി.
മുസ്ലീം ക്ഷേമത്തിനാണ് വഖഫ് നിയമമെന്ന് ജെഡിയു എംപിയും മന്ത്രിയുമായ ലലന്‍സിംഗ് പറഞ്ഞു. രാജ്യത്ത് മതേതരത്വം പുലരണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നയാളാണ് മോദി. നിതീഷ് കുമാറിനും ജെഡിയുവിനും പ്രതിപക്ഷത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഈ രാജ്യത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട മുസ്ലീങ്ങള്‍ മോദിക്കൊപ്പം നില്‍ക്കുമെന്നും ലലന്‍സിംഗ് കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭയില്‍ വഖഫ് ബില്‍ ചര്‍ച്ചക്കിടെ ബില്‍ കീറിക്കളഞ്ഞ് എ.ഐ.എം.ഐ.എം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. വഖഫ് ബില്ലിനെതിരെ മഹാത്മാഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്ത് വെള്ളക്കാര്‍ക്ക് അനുകൂലമായ ബില്‍ കീറിയെറിഞ്ഞായിരുന്നു ഗാന്ധിയുടെ സമരം.
ഗാന്ധിയെപ്പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരില്‍ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു. 10 ഭേദഗതികള്‍ അംഗീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് ആരംഭിച്ച മാരത്തണ്‍ ചര്‍ച്ചയുടെ അവസാനത്തിലാണ് ഒവൈസി സംസാരിച്ചത്. പ്രതിപക്ഷം ബില്ലിനെതിരെ അണിനിരന്നു.
ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും മതം ആചരിക്കാനുള്ള മൗലികാവകാശത്തെയും നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 14 ഉം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന ആര്‍ട്ടിക്കിള്‍ 15 ഉം ലംഘിക്കുന്നുവെന്നുമാണ് പ്രതിപക്ഷം വാദിച്ചത്. വഖഫ് ഭേദഗതി ബില്‍ അപകടകരവും ഭിന്നിപ്പിക്കുന്നതുമായ നിയമമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ വാദിച്ചു.
പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ, 14 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവില്‍ വഖഫ് ഭേദഗതി ബില്‍ ഇന്നു പുലര്‍ച്ചെ 1.56ന് ലോക്‌സഭ പാസാക്കി. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. 520 പേരാണ് വോട്ട് ചെയ്തത്. സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളില്‍ വോട്ട് ലഭിച്ചാല്‍ ബില്‍ പാസാകും. അതായത് 520 പേരില്‍ 261 പേരുടെ ഭൂരിപക്ഷം മതി.
കേരളത്തില്‍ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതായാണ് വിവരം. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല. 8 മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് 12.06ന് ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ 1.56 വരെ നീണ്ടു. ബില്‍ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാല്‍ ബില്‍ നിയമമാകും.
പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാര്‍ക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടത്. മുനമ്പത്തെ ജനങ്ങള്‍ക്കു നീതി ലഭിക്കണമെന്നു തന്നെയാണു കേരളത്തില്‍നിന്നുള്ള എല്ലാ ജനപ്രതിനിധികളുടെയും ആഗ്രഹമെന്നും എന്നാല്‍ അതിന്റെ പേരില്‍ മതസ്വാതന്ത്ര്യം ഇല്ലാതാകുന്ന നീക്കങ്ങള്‍ പാടില്ലെന്നും കോണ്‍ഗ്രസില്‍നിന്നു പ്രസംഗിച്ച കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ബില്‍ ഭരണഘടനയ്ക്കെതിരെയുള്ള ആക്രമണമാണെന്നും ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ളതാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുസ്‌ലിംകളുടെ മതകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ മാത്രമാണ് ഇടപെടുന്നതെന്നും റിജിജു പറഞ്ഞു. 'ഈ ബില്‍ വന്നില്ലായിരുന്നെങ്കില്‍, പാര്‍ലമെന്റ് സമുച്ചയത്തിനു മേല്‍ വരെ വഖഫ് അവകാശവാദം ഉന്നയിക്കുമായിരുന്നു' മന്ത്രി വാദിച്ചു.
കേരളത്തിലെ ക്രൈസ്തവ പ്രതിനിധികളും മുനമ്പത്തെ കുടുംബങ്ങളും എന്നെ വന്നു കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ (പ്രതിപക്ഷം) പരിഹരിച്ചെങ്കില്‍ പിന്നെന്തിന് അവര്‍ ഇവിടേക്കു വന്നു നിങ്ങളവരുടെ ദുഃഖം മനസ്സിലാക്കിയില്ല. ഈ ബില്‍ പാസാക്കുന്നതോടെ അവരുടെ ദുഃഖത്തിന് പരിഹാരമാകും. ബില്ലിനെ പിന്തുണച്ച കെസിബിസിയും സിബിസിഐയും മറ്റും അറിവില്ലാത്തവരാണോ ഞങ്ങള്‍ക്ക് ന്യൂനപക്ഷത്തിന്റെ പിന്തുണയുണ്ട്.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു (വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കുള്ള മറുപടിപ്രസംഗത്തില്‍ പറഞ്ഞത്)
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് ഇന്നലെ ലോക്‌സഭ പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്.
ആദിവാസിഭൂമിയും ചരിത്രസ്മാരകങ്ങളും വഖഫ് ഭൂമിയാക്കാന്‍ പാടില്ലെന്ന പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തു. ജെപിസി റിപ്പോര്‍ട്ടില്‍ ശുപാര്‍ശകളുണ്ടായിരുന്നെങ്കിലും ഒപ്പമുള്ള കരടുബില്ലില്‍ ഇതുണ്ടായിരുന്നില്ല. മന്ത്രി റിജിജു ഔദ്യോഗിക ഭേദഗതിയായിട്ടാണ് ഇവ കൊണ്ടുവന്നത്. കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, കെ.രാധാകൃഷ്ണന്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ നൂറിലേറെ ഭേദഗതികള്‍ കൊണ്ടുവന്നതെങ്കിലും ഇവ തള്ളി.
വ്യവസ്ഥകളെ എതിര്‍ത്ത് പ്രസംഗിച്ച എഐഎംഐഎം അംഗം അസദുദ്ദീന്‍ ഉവൈസി പ്രതിഷേധസൂചകമായി ബില്ലിന്റെ പകര്‍പ്പ് കീറി. വഖഫ് കൗണ്‍സിലില്‍ മുസ്‌ലിം ഇതരസമുദായത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് എന്‍.കെ.പ്രേമചന്ദ്രന്റെ ഭേദഗതിയിന്മേല്‍ പ്രതിപക്ഷം വോട്ടെടുപ്പ് (ഡിവിഷന്‍) തേടി. 231288 എന്ന വോട്ടിന് ഭേദഗതി തള്ളി. ബില്ലിനെതിരെ നിലപാട് എടുക്കാന്‍ മുസ്‌ലിം സംഘടനകളില്‍നിന്ന് എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയുവിനും ടിഡിപിക്കുംമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ബില്ലിനെ അനുകൂലിക്കുന്നതായി ഇരുപാര്‍ട്ടികളും വ്യക്തമാക്കി.
വഖഫ് ബില്‍ ചര്‍ച്ചക്കിടെ ലോക്സഭയില്‍ ക്ഷുഭിതനായി സുരേഷ് ഗോപി. ബില്ലിനെ എതിര്‍ത്തുസംസാരിച്ച സിപിഎം എംപി കെ.രാധാകൃഷ്ണന്‍ പ്രസംഗത്തിനിടെ തന്റെ പേര് പരാമര്‍ശിച്ചതാണ് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കിയത്., ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയം ഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കെ.രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞു.
'കേരള ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യമുള്ളതിന്റെ പേരില്‍ അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം കേരളത്തില്‍ ഉണ്ടായിയെന്ന് സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് കെ.രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി. ഇതിനു മറുപടിയായി സുരേഷ് ഗോപി രംഗത്തെത്തി. രാജ്യസഭയില്‍ ബില്‍ പാസാകുന്നതോടെ വഖഫ് ഭേദഗതിക്കെതിരെ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനായി കാത്തിരിക്കാനും സുരേഷ് ഗോപി പറഞ്ഞു.
"
https://www.facebook.com/Malayalivartha