കാമുകിക്ക് വേണ്ടി 64 കാരന്‍ കിടപ്പുരോഗിയായ ഭാര്യയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസ്...പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലിസ് കസ്റ്റഡി അപേക്ഷയില്‍ വിധുവിന് പ്രൊഡക്ഷന്‍ വാറണ്ട്, തുമ്പുണ്ടാക്കിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാമുകിക്ക് ഒപ്പം ജീവിക്കാനായി കിടപ്പു രോഗിയായ ഭാര്യയെ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് 64 കാരന്‍ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ഉള്ളൂര്‍ സ്വദേശി കെ. വിധുവിന് പ്രൊഡക്ഷന്‍ വാറണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലിസ് കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജിന്റേതാണുത്തരവ്. മാര്‍ച്ച് 23 മുതല്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ഏപ്രില്‍ 4 ന് ജില്ലാ ജയില്‍ സൂപ്രണ്ടാണ് ഹാജരാക്കേണ്ടത്. പ്രതിയായ ഉള്ളൂര്‍ സ്വദേശി കെ. വിധു (64) ഭാര്യയെ കൊലപ്പെടുത്തിയത് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കാമുകിയുമായുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ രോഗിയായ ഭാര്യ ഒരു തടസമാണെന്ന് ബോധ്യമായതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. സംഭവം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ത്ത വിധു കുടുങ്ങിയത് ഭാര്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ തുടര്‍ന്നാണ്.
2024 സെപ്തംബര്‍ 26ന് രാത്രി എട്ടരയോടെ ആനയറ കിംസ് ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ ഷീലയെ (58) ബെഡ്‌റൂമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 6 മാസങ്ങള്‍ക്ക് ഒടുവില്‍ മാര്‍ച്ച് 23 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് വിധു തന്നെയാണ് നിലവിളിച്ച് ആളെക്കൂട്ടി ഷീലയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഷീലയുടെ മരണം സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും തുടങ്ങി.
കഴുത്തില്‍ ഷാള്‍ മുറുകിയതിലുണ്ടായ മുറിവും, ശ്വാസം മുട്ടലുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. ഇതിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഭര്‍ത്താവ് വിധുവിലേക്ക് എത്തിയത്. നാല് വര്‍ഷമായി അസുഖബാധിതയായ ഭാര്യയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മക്കളെ ചോദ്യം ചെയ്തപ്പോള്‍ മനസിലായി. തെളിവുകള്‍ ശേഖരിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനു കൈമാറി. ഭാര്യ ചികിത്സയിലാണെന്നും ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചതെന്നതു കൂടി പരിഗണിച്ച് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണത്തില്‍ സംശയം ഉയര്‍ന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ കൊലപാതകം പുറംലോകം അറിയാതെ പോവുമായിരുന്നു.
"https://www.facebook.com/Malayalivartha