സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും: ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ്...

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ എല്ലാ തെളിവുകളും തനിയ്ക്ക് എതിരാണെന്ന് മനസ്സിലാക്കിയതോടെ ഒളിവിൽ കഴിയുന്ന പ്രതി ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് സുകാന്ത് ആ പെൺകുട്ടിയുടെ കുടുംബത്തിനെതിരെയും പിതാവിനെതിരെയും ഉന്നയിച്ചിരിക്കുന്നത്. പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സുകാന്ത് സുരേഷിനെ പ്രതിചേര്‍ത്തിട്ടില്ല. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഓഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. മകളെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്ന കുടുംബത്തിന്റെ ആരോപണത്തിൽ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയക്കുന്നതായി സുകാന്ത് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് സഹപ്രവർത്തകനായ സുകാന്ത് സുരേഷാണ് ഉത്തരവാദിയെന്ന് കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് ഒളിവില്‍ പോയ സുകാന്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹർജിയിൽ പറയുന്നു. മറിച്ച് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ഹർജിയിൽ പറയുന്നു.
യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുൾപ്പെടെ ഒരു കാര്യവും പറയാൻ യുവതിയുടെ വീട്ടുകാർ തയാറായില്ല. മാത്രമല്ല, താനുമായി ഏതെങ്കിലും വിധത്തിൽ ബന്ധം പുലർത്തുന്നതിനെ രൂക്ഷമായി എതിർത്തു.
മൊബൈൽ നമ്പർ പോലും ബ്ലോക്ക് ചെയ്ത് തമ്മില്‍ ബന്ധപ്പെടാതിരിക്കാൻ യുവതിയോട് നിർദേശിച്ചു. എന്നാൽ മാതാപിതാക്കളുടെ ഇത്തരം സമീപനത്തിൽ നിരാശയായ യുവതി തനിക്കൊപ്പം നിൽക്കാനാണ് തീരുമാനിച്ചത് എന്നാണ് സുകാന്ത് പറയുന്നത്. ബന്ധം തുടരാൻ തീരുമാനിച്ച് ഇരുവരും ചേർന്ന് നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും ഹർജിയിൽ പറയുന്നു. പതിവു പോലെ ജോലിക്കു പോയ യുവതി തന്നോട് ജോലിക്കാര്യങ്ങെളെ കുറിച്ച് സാധാരണ സംസാരിക്കാറുള്ളതു പോലെ സംസാരിച്ചെന്നും സുകാന്ത് പറയുന്നു. എന്നാൽ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്ന മാതാപിതാക്കളുടെ സമ്മർദത്താൽ യുവതി വളരെയധികം ബുദ്ധിമുട്ടിയിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. യുവതി ഏതെങ്കിലും വിധത്തിൽ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് പിന്നിൽ തങ്ങളുടെ ബന്ധത്തെ എതിർത്ത മാതാപിതാക്കൾ ഏൽപ്പിച്ച സമ്മർദവും വിഷമവുമാണ് കാരണമെന്നും സുകാന്ത് ഹർജിയിൽ ആരോപിക്കുന്നു.
യുവതിയുടെ മരണവുമായി താൻ യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും മറിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് ജീവിത പങ്കാളി നഷ്ടപ്പെട്ട ആളാണ് താനെന്നും സുകാന്ത് പറയുന്നു. തന്നെ ഇപ്പോൾ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും യുവതിയുടെ വീട്ടുകാർ അതിന് ശ്രമിക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് സുകാന്തിന്റെ ആവശ്യം. യുവതിയിൽ നിന്ന് ഇയാൾ പലവട്ടമായി പണം വാങ്ങിയെന്നും ശമ്പളം ഉൾപ്പെടെ ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിനു പുറമെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും ആരോപിച്ചാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറയുന്നത്. സുകാന്തിന് അച്ഛനും അമ്മയും ഉണ്ടെന്നറിയാം എന്നല്ലാതെ അവര്‍ എവിടെയാണെന്നോ എങ്ങനെയാണെന്നോ തങ്ങള്‍ക്കറിയില്ലെന്നും പിതാവ് പറഞ്ഞു. തങ്ങള്‍ സുകാന്തിന്റെ വീട്ടിലേക്കോ അവര്‍ ഇങ്ങോട്ടോ വന്നിട്ടില്ല. സുകാന്തിന്റെ വീട്ടുകാരുമായി തങ്ങള്‍ക്ക് കോണ്‍ടാക്റ്റ് ഉണ്ടായിരുന്നില്ല. അവരുടെ ഫോണ്‍ നമ്പര്‍ പോലും തങ്ങളുടെ പക്കല്‍ ഇല്ല. സുകാന്ത് രക്ഷപ്പെടാന്‍ എന്തു വേണമെങ്കിലും ചെയ്യും. അതിനെ എതിര്‍ക്കാന്‍ തങ്ങളും നിയമപരമായ കാര്യങ്ങള്‍ ചെയ്യും. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ തങ്ങള്‍ എതിര്‍ക്കും. സുകാന്തിന് മുന്‍കൂര്‍ ജാമ്യം നല്‍കരുത്.
ഉടന്‍തന്നെ ഹര്‍ജി നല്‍കും തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കും. സുകാന്തിനെ കസ്റ്റഡിയില്‍ കിട്ടിയിട്ടില്ല എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവിക്കാത്ത കാര്യം സുകാന്ത് പറയുമ്പോള്‍ തങ്ങള്‍ എതിര്‍ക്കുമെന്നും ഐബി ഉദ്യോഗസ്ഥയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസില്‍ സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹരജിയില്‍ സിംഗിള്‍ ബെഞ്ച് പൊലീസ് റിപ്പോർട്ട് തേടിയേക്കും.
https://www.facebook.com/Malayalivartha