ഗൂഡല്ലൂരിലേക്കുള്ള വിനോദ യാത്രയ്ക്കിടെ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്...

വിനോദയാത്രക്കിടെ കാട്ടുതേനീച്ചയുടെ കുത്തേറ്റ മലയാളി യുവാവ് മരിച്ചു. വടകര സ്വദേശി സാബിറാ(25)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആസിഫി(26)നെ ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റന്‍ പാറക്കെട്ടിനടുത്ത് നിന്ന് ഫൊട്ടോയെടുക്കുന്നതിനിടെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. മലമുകളിലെ കാട്ടുതേനീച്ചക്കൂട്ടില്‍ പരുന്ത് വന്നിടിച്ചതോടെ തേനീച്ചക്കൂടിളകിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സാബിറിനെ തേനീച്ചക്കൂട്ടം പൊതിഞ്ഞതോടെ ഒപ്പമുണ്ടായിരുന്നവര്‍ നിസഹായരായി ഓടി മാറി. കുത്തേറ്റ് സാബിര്‍ നിലത്തുവീണു. ഗൂഡല്ലൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീപ്പന്തം കത്തിച്ച് തേനീച്ചക്കൂട്ടത്തെ മാറ്റിയാണ് സാബിറിനെയും പരുക്കേറ്റ ആസിഫിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. സാബിറിന്‍റെ ശരീരമാസകലം തേനീച്ച പൊതിഞ്ഞ നിലയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദേശത്തായിരുന്ന സാബിര്‍ നാട്ടിലെത്തിയത്.
ചൊവ്വാഴ്ചയാണ് സാബിറും സുഹൃത്തുക്കളും വടകരയില്‍ നിന്ന് ഊട്ടിയിലേക്ക് യാത്ര തിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് മൂന്നുവര്‍ഷത്തിന് ശേഷം നാട്ടില്‍ പെരുന്നാള്‍ കൂടാനെത്തിയ സന്തോഷമെല്ലാം ആ യാത്രയിലുണ്ടായിരുന്നു. ബുധനാഴ്ചയാണ് മൂവരും സൂചി മലയിലെത്തുന്നത്. കൂറ്റന്‍ പാറക്കെട്ടുകള്‍ക്ക് സമീപത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിലാണ് തേനീച്ചയുടെ കൂട്ടമായ ആക്രമണം. മലമുകളിലുള്ള തേനീച്ചക്കൂട്ടില്‍ പരുന്ത് ഇടിച്ചതാണ് തേനീച്ച ഇളകാന്‍ കാരണമായത്. തേനീച്ച പാഞ്ഞെത്തി സാബിറിനെ പൊതിഞ്ഞു .രക്ഷപ്പെടാനായി ഷര്‍ട്ട് ഊരി വീശിയെങ്കിലും കൂടുതല്‍ ശക്തിയില്‍ ആക്രമിക്കുകയായിരുന്നു.
തൊട്ടരികില്‍ നിന്ന ആസിഫ് സാബിറിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആസിഫിനും തേനീച്ചയുടെ കുത്തേറ്റു. സിനാന്‍ കുറച്ചകലെ ആയിരുന്നതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെത്തി പന്തം കത്തിച്ചാണ് തേനീച്ചകളെ ഓടിച്ചത്. എന്നാല്‍ തേനീച്ചയുടെ കൂട്ടമായ അക്രമണത്തില്‍ വിഷം ഉള്ളില്‍ ചെന്ന് സാബിര്‍ മരിച്ചു. ആസിഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
വലുപ്പത്തില്‍ ചെറിയവനെങ്കിലും കടന്നല്‍ അപകടകാരിയാണ്. പ്രത്യേകിച്ചും കൂട്ടമായി ആക്രമിക്കുമ്പോള്‍. പാമ്പിന്‍വിഷത്തിന്റെ പത്തിലൊന്നു വിഷം ഓരോ കടന്നലിലുമുണ്ടെന്നറിയുക. പത്തു കടന്നല്‍ ചേര്‍ന്നാല്‍ പാമ്പു കടിച്ചതിനു തുല്യമായില്ലേ. കടന്നലില്‍ ഏറ്റവും അപകടകാരി കാട്ടു കടന്നലാണ്. കാഴ്ചയില്‍ തേനീച്ച പോലെ തോന്നിക്കുമെങ്കിലും കടന്നല്‍ തേന്‍ ഉല്‍പാദിപ്പിക്കുന്നില്ല.
മര്‍മത്തിലാണു കടന്നല്‍ കുത്തുക. ശരീരത്തിലെ 107 മര്‍മ ഭാഗങ്ങളില്‍ വിഷദംശം ഏറ്റാല്‍ പ്രഹരശേഷി പതിന്മടങ്ങാകും. മര്‍മം നോക്കി കുത്താനും കടന്നലുകള്‍ക്കറിയാം. പ്രത്യേകിച്ചും അരയ്ക്കു മുകളിലായിരിക്കും ആക്രമണം. നെറ്റിയുടെ മധ്യം, ഹൃദയഭാഗം, ചെന്നി, കഴുത്തിന്റെ വശങ്ങള്‍, തൊണ്ടയുടെ അടുത്ത് എന്നിവിടങ്ങളില്‍ കുത്തേറ്റാല്‍ വിഷം പെട്ടെന്നു സംക്രമിക്കും.
പാമ്പിന്‍ വിഷത്തിനു സമാനമാണു കടന്നലിന്റെ വിഷത്തിന്റെയും പ്രവര്‍ത്തനം. രക്തം, നാഡീവ്യവസ്ഥ, ശ്വാസകോശം എന്നിവിടങ്ങളെയും ബാധിക്കും. അതിനേക്കാളുപരി കുത്തേറ്റ ഭാഗത്തു പ്രതിരോധം ശക്തമാക്കുന്നതിനു ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങളും വിപരീതഫലം സൃഷ്ടിക്കും. കടുത്ത അലര്‍ജിയാണു കടന്നല്‍ കുത്ത് നല്‍കുന്നത്. ഇതിനെതിരെ വ്യാപകമായി ആന്റി ഹിസ്റ്റമിനുകള്‍ പുറപ്പെടുവിക്കുന്നതു മൂലമാണു ദേഹം മുഴുവനും നീര് വരുന്നത്. മരണത്തില്‍ നിന്നു രക്ഷപ്പെട്ടാലും കുത്തേറ്റ ഭാഗത്തു സ്പര്‍ശനം നഷ്ടപ്പെടുക പോലുള്ള അവസ്ഥയും ഭാവിയിലുണ്ടാകും. ഓടിരക്ഷപ്പെട്ട് വെള്ളത്തില്‍ മുങ്ങുകയാണു കാട്ടിലുള്ളവര്‍ ചെയ്യുന്നത്.
എന്നാല്‍ പോലും ഇര പോയ വഴി പിന്തുടരാനും ഏറെ നേരം കാത്തു നില്‍ക്കാനും കടന്നലുകള്‍ക്കറിയാം. ഉടനടി വൈദ്യസഹായം നല്‍കണം. ശരീരത്തില്‍ നിന്നു കൊമ്പ് ഊരി മാറ്റുകയും അലര്‍ജിക്കുള്ള മരുന്നുകള്‍ നല്‍കുന്നതും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. കുത്തേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തണം. ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനം, രക്തസമ്മര്‍ദം താഴുക തുടങ്ങിയ അവസ്ഥയും ജീവനു ഭീഷണി ഉയര്‍ത്തുന്നതാണ്. വിഷത്തേക്കാളേറെ അലർജിയാണ് കടന്നൽ കുത്തേറ്റുള്ള മരണത്തിനു വഴിയൊരുക്കുന്നത്.
ശരീരത്തിൽ പ്രവേശിക്കുന്ന കടന്നൽകൊമ്പിനെതിരെ ശരീരം പ്രവർത്തിക്കും. ദേഹത്തിനു പുറത്തു കാണുന്നതുപോലെ അകത്തും നീരുവ്യാപിക്കും. രക്തക്കുഴലുകൾ അടക്കം നീരുവന്നു തടിക്കുന്നതോടെ ശ്വാസംമുട്ടൽ അനുഭവപ്പെടും. ഇതാകും മരണകാരണമാകുകയെന്നു ഡോക്ടർമാർ പറയുന്നു. കൂട്ടമായി കടന്നലുകൾ ആക്രമിക്കുമ്പോൾ ശരീരമാകെ അലർജി വ്യാപിക്കുന്നു. കുത്തേറ്റാൽ രക്തസമ്മർദം താഴുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്നത് മരണകാരണമാകും. ഇത്തരം കേസുകളിൽ ഒരു കടന്നൽക്കുത്ത് ഏറ്റാലും മരണം സംഭവിക്കാം.
https://www.facebook.com/Malayalivartha