അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു ; തെറ്റ് പറ്റി, കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിൽ പ്രതികരണവുമായി ഗായകൻ എം.ജി.ശ്രീകുമാർ.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി പാട്ടുകാരൻ എംജി ശ്രീകുമാറുമായി ബന്ധപ്പെട്ട് വൻ ട്രോളുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. അദ്ദേഹത്തിന്റെ വീട്ട് മുറ്റത്ത് നിന്ന് അടുത്തുള്ള കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരിൽ പിഴ ചുമത്തിയിരുന്നു.
ഈ സംഭവം നിമിഷ നേരങ്ങൾക്കുള്ളിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവം ഉള്ളത് തന്നെയാണ്. അത് ഒരു തെറ്റ് പറ്റിയെന്ന് സമ്മതിച്ച് എംജി ശ്രീകുമാർ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തന്റെ ജോലിക്കാരി അണ്ണാന്മാര്‍ കടിച്ച മാങ്ങ നിലത്ത് ചിതറിക്കിടന്നപ്പോള്‍ പേപ്പറില്‍ പൊതിഞ്ഞ് കായലിലേക്ക് വലിച്ചെറിഞ്ഞതാണെന്ന് എം.ജി. ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാലിന്യം കായലിലേക്ക് വലിച്ചെറിഞ്ഞത് തെറ്റാണ്. തന്റെ വീടായതുകൊണ്ട് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വീടിന്റെ പരിസരത്ത് ഹരിതകര്‍മ സേനയെ കണ്ടിട്ടില്ല. സേനയ്ക്ക് നല്‍കാന്‍ പ്ലാസ്റ്റിക്മാലിന്യം വീട്ടിലില്ലെന്നും അദ്ദേഹം പറഞ്ഞു.
മുളവുകാട് പഞ്ചായത്തില്‍ ബോള്‍ഗാട്ടിക്ക് സമീപം ഗായകന്റെ കായലോരത്തുള്ള വീട്ടില്‍നിന്നാണ് മാലിന്യം കായലിലേക്കെറിഞ്ഞത്. ഇത് വീഡിയോയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.
കായലിലൂടെ യാത്രചെയ്ത വിനോദസഞ്ചാരിയാണ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. മന്ത്രി എം.ബി. രാജേഷിനെയും ടാഗ് ചെയ്തിരുന്നു.
തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്നതാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന്, അന്നുതന്നെ വീട്ടുടമയായ എം.ജി. ശ്രീകുമാറിന് പിഴ ചുമത്തി നോട്ടീസ് നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ് പോസ്റ്റിനു നല്‍കിയ മറുപടിയില്‍ പറയുന്നു. എം.ജി. ശ്രീകുമാറിനുവേണ്ടി ജോലിക്കാരനെത്തി പിഴത്തുകയായ 25000 രൂപ അടച്ചു.
https://www.facebook.com/Malayalivartha