അവധിക്കാല യാത്ര നീലഗിരിയിലേക്കാണോ: ഇ-പാസ് പരിശോധനയില്‍ വലഞ്ഞ് സഞ്ചാരികള്‍

അവധി ദിവസങ്ങളായതിനാല്‍ മലയാളികളടക്കം നിരവധിപേരാണ് ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നത്. തമിഴ്‌നാട്ടിലെ നീലഗിരിയിലേക്ക് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഏര്‍പ്പെടുത്തിയതാണ് ഇ-പാസ്. തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്ന എല്ലാ ചെക്‌പോസ്റ്റുകളിലും പരിശോധനയ്ക്കു ശേഷം മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്. പാസില്ലാത്തതിനാല്‍ നിരവധി പേര്‍ക്കു മടങ്ങിപ്പോകേണ്ടി വരുന്നു.
വയനാട് ജില്ലയില്‍നിന്ന് തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്ന പാട്ടവയല്‍, നമ്പ്യാര്‍കുന്ന്, താളൂര്‍, ചോലാടി ചെക്‌പോസ്റ്റുകളിലാണു പരിശോധന തുടങ്ങിയത്. മലപ്പുറം ജില്ലയില്‍നിന്ന് നാടുകാണി ചുരം വഴി പ്രവേശിക്കുന്നിടത്തും പരിശോധനയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരില്‍ ഭൂരിഭാഗവും നാടുകാണി വഴിയാണ് നീലഗിരിയിലേക്കു പ്രവേശിക്കുന്നത്. ചെക്‌പോസ്റ്റില്‍ മണിക്കൂറുകളോളം കാത്തു കിടന്നശേഷം മടങ്ങിപ്പോയവരും നിരവധിയാണ്. ഇതിനിടെ സെര്‍വര്‍ തകരാറിലായാല്‍ പരിശോധന പൂര്‍ണമായി മുടങ്ങുകയും വാഹനങ്ങള്‍ കടത്തി വിടുന്നതു നിര്‍ത്തുകയും ചെയ്യും.
പ്രവൃത്തി ദിവസങ്ങളില്‍ 6,000, അവധി ദിവസങ്ങളില്‍ 8,000 എന്നിങ്ങനെയാണ് നീലഗിരിയിലേക്കു പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടുള്ളത്. നീലഗിരിയില്‍ സ്ഥിരതാമസമായവര്‍ക്ക് ഇ-പാസിന്റെ ആവശ്യമില്ല. എന്നാല്‍ നീലഗിരിയിലേക്കുള്ള എട്ട് ചെക്‌പോസ്റ്റുകള്‍ വഴിയെത്തുന്ന സഞ്ചാരികള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണ്. ഊട്ടി അടക്കമുള്ള നീലഗിരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇ പാസുകള്‍ ഉച്ചയോടെ തീര്‍ന്നതിനാല്‍ നിരവധിപ്പേര്‍ക്ക് നാടുകാണിയില്‍ നിന്ന് മടങ്ങിപ്പോകേണ്ടി വന്നു.
ഇ-പാസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇ- പാസ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യാപാരികളും നീലഗിരിയില്‍ ഹര്‍ത്താല്‍ നടത്തി. പാസ് നിര്‍ബന്ധമാക്കിയതോടെ നിരവധിപ്പേര്‍ യാത്ര ഒഴിവാക്കിയതിനാല്‍ നീലഗിരിയിലെ ടൂറിസം മേഖലയ്ക്കു കനത്ത തിരിച്ചടിയാണ്. അവധിക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും ദുരിതത്തിലായി.
ഊട്ടി, കൊടക്കനാല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://epass.tnega.org/ എന്ന വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്. പുതിയ ഉത്തരവ് പ്രകാരം, സ്വകാര്യ വാഹനങ്ങളില്‍ ജില്ല സന്ദര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കി ഇ- പാസ് നേടേണ്ടതുണ്ട്. വേനല്‍ക്കാലത്ത് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വര്‍ദ്ധിച്ചുവരുന്ന വാഹന തിരക്ക് പരിശോധിക്കാന്‍ തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാലില്‍ (ദിണ്ടിഗല്‍ ജില്ല) ഇ-പാസ് സംവിധാനം നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
മെഡിക്കല്‍ അല്ലെങ്കില്‍ മറ്റ് അടിയന്തര സാഹചര്യങ്ങള്‍, സര്‍ക്കാര്‍ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, നീലഗിരി ജില്ലാ വാഹനങ്ങള്‍ എന്നിവ ഇ-പാസ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കൂടാതെ പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha