വിഴിഞ്ഞം തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതിന് ട്രംപറ്റ് മോഡല്‍ പരിഗണിക്കാന്‍ സാധ്യത

ട്രയല്‍ റണ്ണില്‍ തന്നെ റെക്കോഡുകള്‍ ഭേദിക്കുന്ന വിഴിഞ്ഞം തുറമുഖം ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലായ എംഎസ്സി തുര്‍ക്കിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് മാസത്തില്‍ ഒരു ലക്ഷത്തില്‍ അധികം (1.08) കണ്ടെയ്നറുകള്‍ തുറമുഖത്ത് കൈകാര്യം ചെയ്തിരുന്നു. വിഴിഞ്ഞം തുറമുഖം പൂര്‍ണഘട്ടത്തിലെത്തുമ്പോള്‍ ചരക്ക് നീക്കത്തിന് റോഡ് ഗതാഗതം ഒഴിച്ച് കൂടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് വരും. എന്നാല്‍ കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക് പ്രതീക്ഷിച്ച വേഗത കൈവരിക്കുന്നില്ലെന്നതാണ് വസ്തുത. ദേശീയപാതയോട് ചേര്‍ന്ന് വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന ക്ലോവര്‍ ലീഫ് റോഡ് നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി ഇതിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബദല്‍ മാര്‍ഗമെന്നോണം ട്രംപറ്റ് മോഡലിന്റെ സാദ്ധ്യത പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ സാഹചര്യത്തില്‍ ഭീമമായ തുക താങ്ങാനാകില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. നാല് സര്‍ക്കുലാര്‍ ലൂപ്പുകളുള്ള ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ചുകള്‍ വാഹനത്തിരക്ക് വലിയ തോതില്‍ കുറയ്ക്കുകയും ഏറെക്കാലം നീണ്ടുനില്‍ക്കുകയും ചെയ്യും. സിംഗിള്‍ ലൂപ്പ് മാത്രമുള്ള ട്രംപറ്റ് ഇന്റര്‍ചേഞ്ചുകള്‍ നിര്‍മിക്കാന്‍ കുറഞ്ഞ സ്ഥലം മതിയെന്നതാണ് പ്രത്യേകത. എന്നാല്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഗതാഗത തിരക്ക് ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ ട്രംപറ്റ് മോഡല്‍ പര്യാപ്തമാകില്ലെന്നും വിലയിരുത്തലുകളുണ്ട്.
തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതിന് ദേശീയ പാത അതോറിറ്റി നിര്‍ദേശിച്ചിരുന്ന ക്ലോവര്‍ലീഫ് മാതൃകയിലുള്ള ഇന്റര്‍ചേഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടും ഭൂമിയേറ്റെടുക്കുന്നതിലെ തടസങ്ങളുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പകരം ചെലവ് കുറഞ്ഞ ട്രംപറ്റ് ഇന്റര്‍ചേഞ്ച് മതിയെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. ക്ലോവര്‍ലീഫ് മാതൃകയിലുള്ള ഇന്റര്‍ചേഞ്ച് നിര്‍മിക്കാന്‍ 30 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. ഇതിന് 380 കോടി രൂപ ചെലവാകും. പകുതി സംസ്ഥാനം നല്‍കേണ്ടി വരും.
https://www.facebook.com/Malayalivartha