വായ്പാ തിരിച്ചടവില്‍ സര്‍വകാല റെക്കോര്‍ഡുമായി വനിതാ വികസന കോര്പറേഷന്

വായ്പാ തിരിച്ചടവില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മികച്ച നേട്ടം കൈവരിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 267 കോടി രൂപ വനിതാ സംരംഭകര്‍ തിരിച്ചടച്ചു. ഇത് സര്‍വകാല റെക്കോഡാണ്. 333 കോടി രൂപയാണ് കോര്‍പറേഷന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 214 കോടി രൂപയായിരുന്നു തിരിച്ചടവായി ലഭിച്ചത്. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിലാണ് വനിതാ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കില്‍ കോര്‍പറേഷന്‍ വായ്പയായി നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കുമാണ് വായ്പ ലഭിക്കുന്നത്. സംരംഭത്തിന്റെ പ്രാരംഭഘട്ടം മുതല്‍ എല്ലാ കാര്യങ്ങളിലും കോര്‍പറേഷന്‍ കൃത്യമയി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യാറുണ്ട്.
വായ്പാ ഗുണഭോക്താക്കള്‍ക്ക് കുടിശിക തീര്‍പ്പാക്കുന്നതിന് നാല് സ്‌കീമുകള്‍ കോര്‍പറേഷനില്‍ നിലവിലുണ്ട്. കോര്‍പ്പറേഷനില്‍ നിലവിലുള്ള മൂന്ന് വര്‍ഷം കഴിഞ്ഞതും കുടിശികയുള്ളതുമായ ഫയലുകളില്‍ 50% പിഴപലിശ ഒഴിവാക്കികൊണ്ട് പലിശയും ബാക്കി നില്‍ക്കുന്ന 50% പിഴപ്പലിശയും ഒറ്റത്തവണയായി അടച്ചു തീര്‍ക്കുന്നവര്‍ക്ക് ബാക്കി വരുന്ന മുതല്‍ തുക പുതിയ വായ്പയായി അനുവദിക്കും. നിലവില്‍ വായ്പാ കാലാവധി തീരാന്‍ 6 മാസം വരെ കുടിശികയുള്ള ഗുണഭോക്താവ് 50% പിഴപ്പലിശ ഇളവോടെ വായ്പ അടച്ചുതീര്‍ക്കുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് അടുത്ത വായ്പ അനുവദിക്കുന്നതിന് മുന്‍ഗണനയും ലഭിക്കും.
രാജ്യത്തെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ വനിതാ വികസന കോര്‍പറേഷന് ലഭിച്ചിട്ടുണ്ട്. സ്ത്രീ സംരംഭകര്‍ക്ക് വിപണിയിലൂടെ മികച്ച വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികളും വനിതാ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2025 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് വെച്ച് ഏഴ് ദിവസം നീണ്ട വിപണന മേള എസ്‌കലേറ 2025 നടത്തിയിരുന്നു. ഡിസംബറില്‍ മറ്റൊരു മേള കൂടി സംഘടിപ്പിക്കുന്നതാണ്.
https://www.facebook.com/Malayalivartha