പരീക്ഷാ പേപ്പര്‍ നോക്കുമ്പോള്‍ തെറ്റുകളും തമാശകളും കണ്ട് ചിരിക്കരുതെന്ന് അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസുകളിലെ തെറ്റുകളും തമാശകളും കണ്ടാല്‍ ചിരിക്കരുതെന്ന് അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കുവെക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അത് കുട്ടികളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായാണ് എസ്എസ്എല്‍എസി, പ്ലസ്ടു മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെ സൂപ്പര്‍വൈസര്‍മാര്‍ അധ്യാപകരെ ഓര്‍മ്മിപ്പിക്കുന്നത്. ഉത്തരക്കടലാസിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നേരത്തേ നിര്‍ദേശമുണ്ട്.
എന്നാല്‍, ഇക്കുറി കടുപ്പിച്ചു. മാധ്യമങ്ങളില്‍ അത്തരം വിശേഷങ്ങള്‍ വന്നതിന്റെ പേരില്‍ കേസെടുത്തതും ബാലാവകാശ കമ്മിഷന്‍ സ്വയം കേസെടുക്കുമെന്നതുമാണ് വിലക്കിനു കാരണം.ഉത്തരക്കടലാസിലെ ഭാവനാവിലാസങ്ങള്‍ അധ്യാപകര്‍ മുന്‍പ് പങ്കുവെക്കാറുണ്ടായിരുന്നു. കുട്ടികളെ തിരിച്ചറിയാത്തതിനാല്‍ അവ നിര്‍ദോഷ ഫലിതമായി മാറുമായിരുന്നു. പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്വയംവിശകലനം നടത്താന്‍ പറയുമ്പോഴും ഉപന്യാസവും കത്തും തയ്യാറാക്കാന്‍ പറയുമ്പോഴുമൊക്കെയാണ് കുസൃതി കൂടുതലായി വരുക.
ശാസ്ത്ര-സാമൂഹികപാഠ ഉത്തരക്കടലാസുകളിലെ അത്തരം ഉത്തരങ്ങള്‍ മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെ സൂപ്പര്‍വൈസര്‍മാര്‍പോലും ഉറക്കെ വായിച്ചുകേള്‍പ്പിക്കുമായിരുന്നു. എന്നാല്‍, അതെല്ലാം കുട്ടികളെ അധിക്ഷേപിക്കലാണെന്ന വിലയിരുത്തലാണ് ഇപ്പോള്‍.കുട്ടികളില്‍ അത് അപകര്‍ഷബോധമുണ്ടാക്കുമെന്നും അധ്യാപകരെ ഓര്‍മ്മിപ്പിക്കുന്നു. എസ്എസ്എല്‍സി, പ്ലസ്ടു, ടിഎച്ച്എസ്എല്‍സി മൂല്യനിര്‍ണയമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha