എഫ് സി ഐ യില്‍ നിന്ന് 2. 5 ലക്ഷം കിലോ റേഷനരിയും ഗോതമ്പും കടത്തിയ കേസ്... കുറ്റം ചുമത്തലിന് വ്യാപാരികളെയും ഗോഡൗണ്‍ ഉടമകളെയും മെയ് 8 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ നിന്ന് 2.5 ലക്ഷം കിലോ റേഷന്‍ ഗോതമ്പും റേഷനരിയും കൊള്ളയടിച്ച് തലസ്ഥാന ജില്ലയിലെ വിവിധ സ്വകാര്യ ഗോഡൗണിലേക്ക് കടത്തിയ കേസില്‍ വ്യാപാരികളെയും സ്വകാര്യ ഗോഡൗണ്‍ മുതലാളിമാരേയും മെയ് 8 ന്
ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് നിമ്മി നായരുടേതാണുത്തരവ്.
വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ ചുമത്തുന്നതിനായാണ് പ്രതികളെ വിളിച്ചു വരുത്തുന്നത്.
വ്യാപാരികളും സ്വകാര്യ ഗോഡൗണ്‍ ഉടമകളുമായ കളിയിക്കാവിള സ്വദേശി ഷേയ്ക്ക് ഉസ്മാന്‍ , ഐങ്കാമം സ്വദേശി അബ്ദുള്‍ ലത്തീഫ് , മാലിക്ക് മുഹമ്മദ് എന്ന പട്ടണം സാഹിബ് പീരു മുഹമ്മദ് , ബാലരാമപുരം ഉച്ചക്കട സ്വദേശി സുനില്‍ കുമാര്‍ എന്നിവരെയാണ് റേഷന്‍ ധാന്യ കള്ളക്കടത്ത് കേസില്‍ ഹാജരാക്കേണ്ടത്. എഫ് സി ഐ റേഷന്‍ കൊള്ളയടി കേസിലെ പ്രതികളെ ഹാജരാക്കാന്‍ പാറശാല , ബാലരാമപുരം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരോടാണ് കോടതി ഉത്തരവിട്ടത്.
2013 ഫെബ്രുവരി 8 നാണ് കേസിനാസ്പദമായ റേഷന്‍ കൊള്ള നടന്നത്. ജില്ലയിലെ വിവിധ സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ച 3,100 ചാക്ക് റേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍ പിടിച്ചെടുത്തത്. ചിറയിന്‍കീഴ് , നെയ്യാറ്റിന്‍കര താലൂക്കുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് റേഷന്‍ അരിയും ഗോതമ്പും പിടികൂടിയത്. ജില്ലാ സപ്ലെ ഓഫീസര്‍ പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്യുകയും അഞ്ച് കടത്ത് ലോറികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
പാറശാലയിലെ ഇഞ്ചി വിള, വന്യക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളിലും കളിയിക്കാവിളയിലെ രണ്ട് അരിക്കട ഗോഡൗണുകളിലും ബാലരാമപുരം ഉച്ചക്കടയിലെ സ്വകാര്യ ഗോഡൗണിലുമാണ് ഒരേ സമയം സിവില്‍ സപ്ലൈസ് , പോലീസ് സംയുക്ത റെയ്ഡ് നടന്നത്. ലോറികളില്‍ കൊണ്ടു വന്ന എഫ് സി ഐ മുദ്ര പതിച്ച ചാക്കുകളിലുള്ള റേഷനരിയും ഗോതമ്പും ഇറക്കുകയും മറ്റു ചാക്കുകളിലേയ്ക്കും മാറ്റുമ്പോഴുമായിരുന്നു റെയ്ഡ്. നെയ്യാറ്റിന്‍കര താലൂക്കിലെ അമരവിള , കാരാളി , പൂവാര്‍ എഫ് സി ഐ ഗോഡൗണുകളില്‍ നിന്നാണ് ഇവ കടത്തിയത്. റേഷന്‍ കടകളിലൂടെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ട ഭക്ഷ്യധാന്യങ്ങളാണ് കടത്തിയത്.
ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപക്കും എ പി എല്ലുകാര്‍ക്ക് രണ്ടു രൂപക്കു നല്‍കുന്നതും വിപണിയില്‍ പാക്കറ്റ് അരിയായി കിലോയ്ക്ക് 40 രൂപ വരെ വില്‍ക്കുന്ന അരിയും 53 രൂപ വരെ വില്‍ക്കുന്ന ഗോതമ്പുമാണുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha