35കാരി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു

മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. അഞ്ചാം പ്രസവത്തിൽ 35കാരി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിസ്തയ്ക്കിടെ മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് മരണ കാരണമെന്നാണ് വീട്ടുകാരുടെ പരാതി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്. തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ തന്നെ. ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്.
ഒമ്പത് മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീന ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് തിരിച്ചത്. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പൊലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.
https://www.facebook.com/Malayalivartha