ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതിയിലെ ഹര്‍ജിയാണ് പിന്‍വലിച്ചത്. കേസില്‍ എക്‌സൈസ് നിലവില്‍ പ്രതി ചേര്‍ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. നേരത്തെ ശ്രീനാഥ് ഭാസി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി എക്‌സൈസിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. എന്നാല്‍ എക്‌സൈസ് നടപടികള്‍ കടുപ്പിക്കവേയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ പ്രതി തസ്ലിമാ സുല്‍ത്താന തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തസ്ലിമാ സുല്‍ത്താന തന്നെ വിളിച്ചിരുന്നു. ക്രിസ്റ്റീന എന്ന പേരില്‍ ആരാധികയാണെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാല്‍ സംഭാഷണത്തിനിടയില്‍ കഞ്ചാവ് വേണോയെന്ന് ചോദിച്ചു. കളിയാക്കുന്നതാണെന്ന് കരുതി കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. പ്രതിക്ക് ചാറ്റ് വഴി യാതൊരു മറുപടിയും നല്‍കിയിട്ടില്ല. താന്‍ അറിയപ്പെടുന്നൊരു സിനിമ നടനാണ്. അതുകൊണ്ട് തന്നെ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അവകാശപ്പെട്ടിരുന്നു.
രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന)യെയും ആലപ്പുഴ സ്വദേശി കെ. ഫിറോസിനെയും എക്സൈസ് പ്രത്യേകസംഘം അറസ്റ്റുചെയ്തത്. സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിരുന്നു.
https://www.facebook.com/Malayalivartha