നിരീശ്വരവാദിയായ സഖാവ് എ. കെ. ജിയുടെ പേരിലുള്ളതും, സി പി എം സംസ്ഥാന കമ്മിറ്റിയുടെ ഓഫീസുമായ എ. കെ. ജി, സെന്ററിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഏപ്രിൽ 23 ന്... ഈ ദിവസത്തിന്റെ പ്രത്യേകത എന്താണ്..?

നിരീശ്വരവാദിയായ സഖാവ് എ. കെ. ജിയുടെ പേരിലുള്ളതും സി പി എം സംസ്ഥാന കമ്മിറ്റിയുടെ ഓഫീസുമായ എ. കെ. ജി,സെന്ററിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഏപ്രിൽ 23 ന്. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണ്? ഏപ്രിൽ 23 നാണ് പത്താമുദയം. ഹൈന്ദവാചാര പ്രകാരം ശുഭകാര്യങ്ങൾക്ക് പത്താമുദയത്തെക്കാൾ ശ്രേഷ്ഠം മറ്റൊന്നുമില്ല.കേരളത്തിൽ ഏറ്റവുമധികം വീടുപാലുകാച്ചലുകൾ നടത്തുന്നത് പത്താമുദയ ദിവസമാണ്. കാവിനിറത്തിൽ പെയിന്റ് ചെയ്ത കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് പത്താമുദയം തിരഞ്ഞടുത്തതോടെ സി പി ഐ എം മാലയിട്ട് കെട്ടുകെട്ടി ശബരിമല ദർശനം നടത്തുമെന്ന് ഉറപ്പായി.അത്രമേൽ വിശ്വാസമാണ് സഖാക്കൾക്ക് ഇപ്പോൾ ഹിന്ദു മതത്തിൽ ഉണ്ടായിരിക്കുന്നത്.
‘എ കെ ജി സെന്റർ’ ഏപ്രിൽ 23 ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാളയത്ത് ഇപ്പോൾ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് സമീപം ഡോ. എൻ എസ് വാര്യർ റോഡിലാണ് ഒമ്പതുനിലകളും രണ്ട് സെല്ലാർ പാർക്കിങ്ങുമുള്ള പുതിയ മന്ദിരം.സംസ്ഥാന കമ്മിറ്റി ഓഫീസ്, യോഗം ചേരാനും വാർത്താസമ്മേളനത്തിനുമുള്ള പ്രത്യേക ഹാളുകൾ, സെക്രട്ടറിയറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടറിയറ്റംഗങ്ങൾക്കും പിബി അംഗങ്ങൾക്കുമുള്ള ഓഫീസ് സൗകര്യങ്ങൾ, അത്യാവശ്യത്തിന് താമസ സൗകര്യം എന്നിവയാണ് മന്ദിരത്തിലുള്ളത്.
നഗരസഭ, ഫയർ, മലിനീകരണ നിയന്ത്രണ ബോർഡ്, എയർപോർട്ട് അതോറിറ്റി, മൈനിങ് ആൻഡ് ജിയോളജി, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങി നിയമപരമായ എല്ലാ അംഗീകാരങ്ങളും നേടിയാണ് നിർമാണം. വാസ്തുശിൽപി എൻ മഹേഷ് ആണ് 60,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം രൂപകൽപന ചെയ്തത്. അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്. ഏറ്റവും മികച്ച ലൈബ്രറിയുള്ള എകെജി പഠന ഗവേഷണ കേന്ദ്രം പൂർണമായും ഗവേഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്താണ് എ. കെ. ജി പഠന ഗവേഷണ കേന്ദ്രം? ഇത് സി പി എം എന്ന സംഘടനയുടെ പാർട്ടി ഓഫീസ് മാത്രമല്ല.
ഒരു കാലത്ത് കേരളത്തിൽ നടന്ന നവ ചിന്താ പഠനങ്ങൾക്കൊക്കെ സാക്ഷിയായ കെട്ടിടമാണിത്. എ കെ.ജി. സെന്റർ വെറുമൊരു പേരല്ല. അത് ഒരു സംസ്കാരമാണ്. അവിടെയാണ് പത്താമുദയത്തിൽ പാലുകാച്ച് നടക്കുന്നത്. പ്രമുഖ ചിന്തകനായിരുന്ന എം. കുഞ്ഞാമൻ എ.കെ. ജിസെന്ററിനെ കുറിച്ച് ഒരിക്കൽ എഴുതിയത് ഇങ്ങനെയാണ്. കേരള യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി തിരുവനന്തപുരത്ത് കഴിയുന്ന കാലം ഞാൻ ഓർക്കുകയാണ്. അക്കാലത്ത് ഞാൻ എ.കെ.ജി സെന്റർ എന്ന യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയും കേരള യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുകയുമായിരുന്നുവെന്ന് മുമ്പ് എഴുതിയിട്ടുണ്ട്. അത് വളരെ ആത്മാർഥമായി പറഞ്ഞ കാര്യമാണ്.
അന്ന് എ.കെ.ജി സെന്റർ ഒരു പാർട്ടി ഓഫീസായല്ല പരിഗണിക്കപ്പെട്ടിരുന്നത്, അതൊരു റിസർച്ച് സെന്ററായിരുന്നു. അവിടെ പ്രഗൽഭരായ പണ്ഡിതന്മാരും ചിന്തകരും വരും. അത്തരം ചർച്ചയിൽ പങ്കെടുക്കുക എന്നത് എന്നെ സംബന്ധിച്ച് പഠിക്കാനുള്ള അവസരമായിരുന്നു. ഓരോ കാര്യങ്ങളെയും വിശകലനാത്മകമായും വിമർശനാത്മകമായും എങ്ങനെ സമീപിക്കണം? ഇത്തരത്തിലൊരു പഠനക്കളരിയായാണ് ഞാനതിനെ കണ്ടിരുന്നത്. അന്നത്തെ അക്കാദമിക ചർച്ചകളിൽ പാർട്ടി കാര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്.
വളരെ ഉയർന്ന തലത്തിലുള്ള ഒരു സ്‌പെയ്‌സ് എനിക്ക് അവിടെ ലഭിച്ചിരുന്നു. വളരെ ഉയർന്ന തലത്തിൽ അഭിപ്രായങ്ങൾ പറയാൻ അവസരം കിട്ടി. സമൂഹത്തിൽ ഒരു പദവി കിട്ടുക എന്നത് വലിയ കാര്യമായി ഞാൻ കാണുന്നില്ല, പകരം പഠിക്കാനും ചിന്തിക്കാനും നമ്മളെയും സമൂഹത്തെയും മനസ്സിലാക്കാനും ഒരു അവസരം കിട്ടുന്നു എന്നതാണ് പ്രധാനം. സാമൂഹികശാസ്ത്രപരമായ സമീപനത്തിന്റെ അന്തഃസ്സത്ത അതാണ്. അതിനുള്ള സ്‌പെയ്‌സ് അവിടെയുണ്ടായിരുന്നു. കേരള സ്‌റ്റേറ്റ് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. പ്രഭാത് പട്‌നായിക് ചെയർമാനായി രൂപീകരിച്ച "കമീഷൻ ഫോർ റീ സ്ട്രക്ചറിങ് ഹയർ എഡ്യുക്കേഷൻ' എന്ന സമിതിയിൽ ഡോ. മൈക്കിൾ തരകനും ഞാനുമൊക്കെ അംഗങ്ങളായിരുന്ന കാര്യം ഇപ്പോൾ ഓർക്കുന്നു.
ഇവിടെയാണ് പത്താമുദയത്തിൽ പാലുകാച്ചൽ നടക്കുന്നത്. സർവ്വ കാര്യങ്ങൾക്കും ശുഭകരമായ ഈ ദിവസം സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികളെയും ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു.നിത്യ പൂജയില്ലാത്ത കാവുകളിലും ഈ ദിവസം പൂജകൾ നടത്തും.വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമാണ്. ഏപ്രിൽ 23ന് ആണ് ഈ വർഷത്തെ പത്താമുദയം. മേടം പത്താം തീയതിയാണ് പത്താം ഉദയം.അന്ന് സൂര്യൻ ഉച്ചത്തിലാണ് എന്നതാണ് പ്രത്യേകത .അഥവാ സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണ്.കൃഷിക്കാർക്ക് പ്രധാനപ്പെട്ട ഒരു ദിവസമാണിത്. പകൽ വാഴും പൊന്നു തമ്പുരാൻ ഏറ്റവും കരുത്തോടെ കത്തിജ്വലിച്ചു നിൽക്കുന്ന ദിവസം.ഇതിന് വിപരീതമാണ് സൂര്യൻ നീചനാകുന്നത് തുലാപത്ത്.
വിഷുദിവസം പാടത്ത് കൃഷി ആരംഭിക്കും. പാടത്തു ചാലു കീറലാണ് ആദ്യം ചെയ്യുക.എന്നാൽ വിത്തു വിതയ്ക്കാനും തെങ്ങ് നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്.ഈ ദിവസമായാൽ മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് വിശ്വാസം. ഏതു ശുഭകാര്യവും തുടങ്ങാനും ഉത്തമമാണ്. സൂര്യാരാധനയുടെ ഭാഗമായി വെള്ളിമുറം കാണിക്കലെന്നൊരു ചടങ്ങ് മുമ്പ് ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി സൂര്യനെ ഉദയത്തിന് കാണിക്കും.പിന്നീട് ഈ അരിപ്പൊടി പലഹാരമാക്കി കഴിക്കും. മുഹൂർത്തമില്ലാത്തതിനാൽ നടക്കാതെ പോയ പലകാര്യങ്ങളും മാറ്റിവച്ചവയും എല്ലാം മുഹൂർത്തം നോക്കാതെ പത്താമുദയം ദിവസം നടത്താം. മലബാറിൽ കാലിച്ചാൻ തെയ്യത്തെയും കൊണ്ട് വീടുകൾ കയറിയിറിങ്ങി അനുഗ്രഹം നൽകുന്നതും ഇതേ ദിവസമാണ്. അതിനാൽ എ. കെ.ജി. സെന്റർ ഉദ്ഘാടനത്തിന് മുഹൂർത്തം നോക്കേണ്ടതില്ല.
തുടികൊട്ടിന്റെ അകമ്പടിയിൽ തെയ്യം വീടിന്റെ കോണിക്കൽ നിന്ന് ഈണത്തിൽ പാടുകയും തിരിയോലത്തലപ്പു കൊണ്ട് അനുഗ്രഹം ചൊരിയുകയും ചെയ്യും. വയനാട്ടിലെ കുറിച്യ വിഭാഗത്തിൽപ്പെട്ടവർ ആയോധന കലാപ്രദർശനവും ഈ ദിവസം നടത്തിപ്പോരുന്നു.മഴക്കാറ് മൂടാത്ത പത്താമുദയമാണ് നാടിനും വീടിനും സമ്പൽ സമൃദ്ധി നൽകുക. ഇതെല്ലാമാണ് പത്താമുദയത്തിന്റെ ഐതിഹ്യം.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുഖ്യമന്ത്രി വിശ്വാസികൾക്ക് ഒപ്പമാണ്. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും തഞ്ചാവൂരിലെത്തിയതും ഇതിന്റെ ഭാഗമാകണം.. വിശ്വാസ സംബന്ധമായ വിഷയങ്ങളിൽ പരാമർശങ്ങൾ ജാഗ്രതയോടെ വേണമെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ ഒടുവിൽ പറഞ്ഞത് സ്പീക്കർ ഷംസീറിനോടാണ് .
.എൽ ഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് മിത്ത് വിവാദം പരാമർശിക്കാതെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ധാരാളം വിശ്വാസികൾ എൽഡിഎഫിനൊപ്പമുണ്ട്. പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മിത്ത് വിവാദത്തിൽ അതുവരെയും മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഷംസീറിന്റെ ഗണപതി വിവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സഖാവ് നരബലി നടത്തിയിട്ടും അന്ധവിശ്വാസ നിരോധന നിയമം നടപ്പിലാക്കണ്ടതില്ലെന്ന തീരുമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ചു നിന്നതും ഏതാനും വർഷം മുമ്പാണ്. വിദേശ സന്ദർശനത്തിലുള്ള മുഖ്യമന്ത്രിയുമായി സർക്കാർ ഉന്നതർ ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയെങ്കിലും ഇത്തരം നിയമങ്ങൾ നടപ്പാക്കിയാൽ തങ്ങളുടെ പ്രവർത്തകർ ബി ജെ പി കോട്ടയിൽ എത്തുമെന്ന് പിണറായി പറഞ്ഞു...
അതിനാൽ നിരോധന നിയമം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മനസിലിരുപ്പ്.സി പി എമ്മിലെ പ്രമുഖ നേതാക്കളും പ്രവർത്തകരും മന്ത്രിമാരും ഈശ്വര വിശ്വാസികളായി മാറികൊണ്ടിരിക്കുകയാണെന്നും ഇതിന് പാർട്ടി തടസ്സം നിൽക്കേണ്ടതില്ലെന്നും പാർട്ടി ഔദ്യോഗിക തലത്തിൽ തീരുമാനം എടുത്തിരുന്നു എ.കെ.ജി. സെൻററിൽ ദോഷങ്ങൾ തീരാൻ ഗണപതിഹോമവും ഭഗവതി സേവയും വരെ നടത്താൻ സി പി എം ഒരുക്കമാണ്. മുഖ്യമന്ത്രിയുടെ ഭാര്യയും മക്കളും വിശ്വാസികളാണെന്നും പറയുന്നു. മുഖ്യമന്ത്രിയുടെ പേരിൽ വരെ അദ്ദേഹത്തിൻെറ ചില അഭ്യുദയകാംക്ഷികൾ പ്രമുഖ ക്ഷേത്രങ്ങളിൽ പൂജകൾ കഴിക്കാറുണ്ടെന്നാണ് ചില സി പി എം നേതാക്കൾ പറയുന്നത്. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ഭാര്യ ഗുരുവായൂർ സന്ദർശിക്കുമായിരുന്നു.
കോടിയേരിയുടെ പേരിൽ കാടാമ്പുഴയിൽ നടന്ന പൂമൂടൽ വലിയ വിവാദമായിരുന്നു.ശബരിമലയിൽ യുവതികളെ കയറ്റിയതിൽ മുഖ്യമന്ത്രിക്ക് വേണ്ടി ശബരിമലയിൽ തന്നെ പ്രായി ശ്ചിത്തം ചെയ്തെന്ന് പറയുന്ന സി പി എം നേതാക്കളുമുണ്ട്. മുഖ്യമന്ത്രിക്ക് ബ്രാഹ്മണ ശാപം ഉണ്ടെന്നും അതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് ക്ലിഫ് ഹൗസിൽ പശു തൊഴുത്ത് നിർമ്മിച്ചതെന്നും കരുതുന്നവർ നിരവധിയാണ്. ഒരു ജ്യോതിഷിയുടെ നിർദ്ദേശാനുസരണമാണ് തൊഴുത്ത് നിർമ്മാണം നടന്നതെന്നും ആരോപണമുണ്ട്.അയ്യപ്പ കോപം തീർക്കാനായി ഔദ്യോഗിക കാറിൻെറ നിറം മുഖ്യമന്ത്രി കറുപ്പാക്കി. എന്നിട്ടും അയ്യപ്പൻ പണി കൊടുത്തുവെന്ന് വിശ്വാസികൾ പറയുന്നു. 2024 ന് ശേഷം പിണറായി വിജയൻ്റെ സമയം മോശമാകുമെന്ന ജ്യോതിഷികളുടെ പ്രവചനം സത്യമാകുമോ എന്നറ സംശയത്തിലാണ് കേരളം.
ഇതിനെതിരെയും അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികൾ പരിഹാരം ചെയ്യാറുണ്ടത്രേകമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ നടപ്പിലാക്കാത്ത അന്ധവിശ്വാസനിരോധന നിയമം ബി ജെ പി ഭരിക്കുന്ന കർണാടകം രണ്ടു കൊല്ലം മുമ്പ് നടപ്പിലാക്കി. ആഭിചാര കൊലകള്‍ വര്‍ധിച്ചതോടെയാണ് അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കിയത്.. ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. നിയമം നടപ്പാക്കിയതിന് പിന്നാലെ ദുരാചാര കൊലപാതകള്‍ ഗണ്യമായി കര്‍ണാടകയില്‍ കുറഞ്ഞു.ശാസ്ത്രത്തിന്‍റെ പിൻബലമില്ലാത്തതിനെയൊക്കെ അന്ധവിശ്വാസമെന്ന് കര്‍ണാടകയിലെ അന്ധവിശ്വാസ നിരോധന നിയമം നിര്‍വചിക്കുന്നു.
ആഭിചാര കൊലപാതകള്‍ കൂടിയതോടെ 2017ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ബില്ലിന് സഭയില്‍ അംഗീകാരം നല്‍കി. വാസ്തു, ജ്യോതിഷം, വിശ്വാസത്തിന്‍റെ ഭാഗമായുളള തല മൊട്ടയടിക്കൽ,കാതുകുത്ത് വഴിപാടുകള്‍ തുടങ്ങിയവ ഒഴിവാക്കിയാണ് നിയമം. ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും.നിയമം നടപ്പാക്കിയതോടെ ആഭിചാര കൊലകള്‍ക്ക് ഒപ്പം മടേസ്നാന പോലുള്ള ആചാരങ്ങള്‍ക്കും ഒരുപരിധി വരെ തടയിടാനായി. സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിര്‍മ്മാണം നടത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാതി വഴിയിലായിട്ട് വർഷങ്ങളായി. അന്ധവിശ്വാസത്തിന്റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആചാരങ്ങളെല്ലാം കുറ്റകൃത്യമാക്കി നിയമപരിഷ്കാര കമ്മീഷൻ സമഗ്ര റിപ്പോര്‍ട്ട് ഒരു വർഷം മുമ്പാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
നിയമ വകുപ്പ് തയ്യാറാക്കിയ കരട് ബില്ല് ആഭ്യന്തര വകുപ്പിന്റെ പരിഗണന കാത്തിരിക്കുകയാണ്. ബിൽ നടപ്പിലാക്കണ്ടതില്ലെന്നാണ് ആഭ്യന്തര വകുപ്പിൻെറ ചിന്ത. അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പേരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനെതിരെ കര്‍ശന നടപടി ലക്ഷ്യമിട്ടാണ് പ്രത്യേക നിയമ നിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മന്ത്രവാദം, കൂടോത്രം, പ്രേത ബാധ ഒഴിപ്പിക്കൽ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമപരിഷ്കാര കമ്മീഷൻ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്. ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പുതിയ നിയമ പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ കരട് നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ ശൂപാര്‍ശകൾ കൈമാറിയത്. കേരള പ്രിവെൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഇവിൾ പ്രാക്ടീസസ് സോഴ്സറി ആന്റ് ബ്ലാക്ക് മാജിക്ക് ബില്ല് എന്ന് പേരിട്ട് നിയമ വകുപ്പ് കൈമാറിയ കരട് കഴിഞ്ഞ കുറെ വർഷങ്ങളായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലിരിക്കുകയാണ്. വിപുലമായ അഭിപ്രായ ശേഖരണം നടത്തിയ ശേഷം നിയമ നിര്‍മ്മാണത്തിലേക്ക് കടക്കാനാകൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. സമാന ആവശ്യത്തിൽ രണ്ട് സ്വകാര്യ ബില്ലുകൾ നിയമസഭയിൽ വന്നെങ്കിലും സമഗ്ര നിയമം പരിഗണനയിലെന്ന് പറഞ്ഞ് സർക്കാർ തള്ളുകയായിരുന്നു. മഹാരാഷ്ട്രയിലും കർണ്ണാടകയിലുമുള്ള നിയമത്തിൻ്റെ മാതൃകയിലായിരുന്നു നിയമപരിഷ്ക്കാര കമ്മീഷൻ ശുപാർശ നൽകിയത്
ശബരിമല സംഭവമുണ്ടാക്കിയ പ്രത്യാഘാതങ്ങളെ തുടർന്നാണ് നിയമത്തിൽ നിന്നും മുഖ്യമന്ത്രി പിൻമാറാൻ കാരണമെന്നറിയുന്നു. സ്വാമി അയ്യപ്പൻ ചതിച്ചുവെന്ന് സി പി എം വിശ്വസിക്കുന്നു. കോടിയേരിയുടെ അസുഖം പോലും കണ്ടെത്തിയത് ശബരിമല വിഷയത്തിന് ശേഷമാണ്. ഒരു കാലത്ത് അച്യുതാനന്ദൻ അനുഭവിച്ച അതേ കർമ്മഗതിയിലാണ് പിന്നീട് അച്യുതാനന്ദനെ തമസ്കരിച്ച പിണറായി വിജയനും എത്തിച്ചേർന്നത്. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതിനെക്കാൾ ബി ജെ പി ക്കെതിരെ തന്റെ ശക്തി തെളിയിക്കുക എന്ന വാശിയാണ് പിണറായിയെ നയിച്ചത്. വനിതാമതിലിന് പിറ്റേന്ന് ശബരിമലയിൽ യുവതികളെ കയറ്റിയ കടുംകൈ വേണ്ടായിരുന്നു എന്ന അഭിപ്രായമാണ് കോടിയേരി ഉൾപ്പെടെയുള്ള നേതാക്കൾക്കുണ്ടായിരുന്നത്. വി.എസ്. അച്യുതാനന്ദന്റെ ശാപം പിണറായിക്ക് ഏറ്റതാണെന്നും ചിലർ പറഞ്ഞു.. വനിതാ മതിലിന്റെ പിറ്റേന്ന് തന്നെ യുവതികളെ മലകയറ്റണമെന്ന തീരുമാനം പിണറായി നേരിട്ട് എടുത്തതാണ്.
ഇതിന് തയ്യാറുള്ളവരെ അന്വേഷിക്കുകയായിരുന്നു പിണറായി. കനകദുർഗയും ബിന്ദുവും അവിചാരിതമായി ഇവരുടെ കൈയിൽ വീണു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഇവരെ ഉപയോഗിക്കാമെന്ന സന്ദേശം പിണറായിക്ക് നേരിട്ട് കൈമാറിയത്. എൻ എസ് എസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധി നേതാക്കൾ സി പി എമ്മിലുണ്ടായിരുന്നു. യുവതി പ്രവേശത്തോടെ എൻ എസ് എസുമായുള്ള സമവായത്തിന്റെ അവസാന സാധ്യതയും അടഞു.. എല്ലാം ഇല്ലാതാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണെന്ന് എല്ലാവരും വിശ്വസിച്ചു. നവോത്ഥാന നായകനാവാനായിരുന്നു പിണറായി ശ്രമിച്ചത്. പക്ഷേ ആഭിചാരത്തിനെതിരായ നിയമം പാസാക്കാൻ നവോത്ഥാന നായകൻ തയ്യാറായില്ല. പിണറായി തന്നെയാണ് നവേത്ഥാന യോഗം എന്ന ആശയം മുന്നോട്ട് വച്ചത്. അതിന് അദ്ദേഹം ഉപദേഷ്ടാക്കളെ ആശ്രയിച്ചില്ല. ബിജെ പിക്കെതിരെയാണ് പിണറായി നവോത്ഥാനവുമായി നീങ്ങിയത്.
ഇപ്പോൾ നവോത്ഥാനം അധോഗതിയായെന്ന് പറഞ്ഞാൽ മതി. സി പി എം പ്രവർത്തകൻ നരബലി നടത്തിയതിനാൽ സി പി എമ്മിന് ഒരു പ്രശ്നവുമില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം പാർട്ടി പഴയ പാർട്ടിയല്ലെന്ന് ഗോവിന്ദൻ മാഷ് പോലും സമ്മതിക്കും.പത്താമുദയത്തിൽ ഉദ്ഘാടനം ചെയ്യുന്ന എ.കെ. ജി സെന്ററിൽ ഗണപതിഹോമവും ഭഗവതിസേവയും നടക്കുന്നുണ്ടോ എന്നു മാത്രം ഇനി അറിഞ്ഞാൽ മതി,
https://www.facebook.com/Malayalivartha