ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

താമരശേരിയില്‍ സഹപാഠികളുടെ ക്രൂരമര്‍ദ്ദനത്തില്‍ പത്താംക്ലാസുകാരന്‍ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു. ഏപ്രില്‍ പതിനൊന്നിനാണ് വിധി പറയുക. കഴിഞ്ഞ വ്യാഴാഴ്ച പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയതെങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് പേരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി ഷഹബാസിന്റെ പിതാവും നേരത്തെ രംഗത്തെത്തിയിരുന്നു. മകനെ കൊലപ്പെടുത്തിയതില്‍ മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രിയില്‍ നിന്ന് ശുഭ പ്രതീക്ഷയാണ് ലഭിച്ചതെന്ന് ഷഹബാസിന്റെ കുടുംബം അന്ന് പ്രതികരിച്ചിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. ട്യൂഷന്‍ സെന്ററിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി 27ന് വൈകിട്ടാണ് ഷഹബാസിനെ താമരശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. രാത്രിയോടെ ഛര്‍ദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ട്യൂഷന്‍ സെന്ററിലെ സംഘര്‍ഷത്തിനുശേഷം പ്രതികളായ വിദ്യാര്‍ത്ഥികള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കി പ്രതികാര നടപടികള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കരാട്ടെയില്‍ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റത്. നഞ്ചക്ക് ലഭിക്കാന്‍ മുതിര്‍ന്നവരുടെ സഹായം ലഭിച്ചോയെന്നതും പൊലീസ് പരിശോധിച്ചിരുന്നു.
https://www.facebook.com/Malayalivartha