തെങ്ങണയിൽ ബാറിൽ മദ്യപിച്ച് കത്തിക്കുത്ത്; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ ബിയർ ബോട്ടിലുമായി ഭീകരാന്തരീക്ഷം...

ചങ്ങനാശേരി തൃക്കൊടിത്താനം തെങ്ങണയിൽ ബാറിൽ മദ്യപിച്ച് ആക്രമണം നടത്തുകയും, സംഘർഷമുണ്ടാക്കുകയും ചെയ്ത ശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബിയർ ബോട്ടിലുമായി യാത്രക്കാരനെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികളെ സാഹസികമായി കീഴ്‌പ്പെടുത്തി റെയിൽവേ പൊലീസ് സംഘം. നിരവധി ക്രമിനൽക്കേസുകളിൽ പ്രതികളായ കുറിച്ചി മന്ദിരം തകിടിപ്പറമ്പിൽ സിയാദ് ഷാജി (32), ചങ്ങനാശേരി പുതുപ്പറമ്പിൽ മുഹമ്മദ് അമീൻ (23) എന്നിവരെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അമിറ്റി റീജൻസി എന്ന ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കി യുവാവിനെ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഘം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും മലബാർ എക്‌സ്പ്രസിൽ കയറി മംഗലാപുരത്തേയ്ക്ക് രക്ഷപെടുകയായിരുന്നു. ഈ സമയം കേസിലെ രണ്ടു പ്രതികളായ സിയാദും, മുഹമ്മദ് അമീനും ട്രെയിന്റെ ഫുട്‌ബോർഡ് പടിയിലാണ് ഇരുന്നിരുന്നത്.
കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ നിർത്തിയപ്പോൾ പരപ്പനങ്ങാടി സ്വദേശിയായ യാത്രക്കാരൻ ഈ ട്രെയിനിൽ കയറാനെത്തി. ഇരുവരും ഫുട്‌ബോർഡിൽ നിന്നും മാറാതിരുന്നതിനെ തുടർന്ന് യാത്രക്കാരനായ യുവാവും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് ഒടുവിൽ പ്രതികൾ കയ്യിൽ കരുതിയിരുന്ന ബിയർ ബോട്ടിൽ ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിച്ചു. തുടർന്ന് ബിയർ ബോട്ടിൽ പൊട്ടിച്ച് പ്ലാറ്റ്‌ഫോമിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞ് കോട്ടയം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് സിവിൽ പൊലീസ് ഓഫിസർമാരായ ജോൺസൺ, ജോബിൻ എന്നിവർ ചേർന്ന് പ്രതികളെ സാഹസികമായി പിടികൂടി. പ്രതികൾക്ക് മയക്കുമരുന്ന് കടത്തൽ, അടിപിടി എന്നിവ അടക്കം നിരവധി ക്രിമിനൽക്കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha