മണ്ണ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഗുണ്ടാ പിരിവ് ചോദിച്ചു; കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം അമിറ്റി ബാറിനു മുന്നിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി ക്രിമിനൽക്കേസുകളിൽ അടക്കം പ്രതികളായ സംഘത്തിലെ അഞ്ചു പേർ പിടിയിൽ...

മണ്ണ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചങ്ങനാശേരി തൃക്കൊടിത്താനം തെങ്ങണ അമ്മിറ്റി ബാറിനു മുന്നിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാ സംഘത്തിലെ അഞ്ചു പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ മറ്റ് രണ്ട് പ്രതികളെ കോട്ടയം റെയിൽവേ പൊലീസ് സംഘവും അറസ്റ്റ് ചെയ്തിരുന്നു.
തൃക്കൊടിത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാശേരി ഫാത്തിമാപുരം നാലുപറയിൽ വീട്ടിൽ ഷിബിൻ മൈക്കിൾ (25), തൃക്കൊടിത്താനം മാലൂർക്കാവ് അമ്പലംഭാഗത്ത് അമ്പാട്ട് വീട്ടിൽ ബിബിൻ വർഗീസ് (37), തെങ്ങണ വട്ടച്ചാൽപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാശേരി പുതുപ്പറമ്പിൽ കെവിൻ ജേക്കബ് (26), തൃക്കൊടിത്താനം സാംസ്‌കാരിക നിലയംഭാഗത്ത് കടമാൻചിറ ചക്കാലയിൽ വീട്ടിൽ ടോൺസൺ ആന്റണി (26), ചങ്ങനാശേരി മുത്തിരിക്കവല ഭാഗത്ത് കുരിശുംമൂട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സാജു ജോജോ (30) എന്നിവരെയാണ്
തൃക്കൊടിത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിലെ രണ്ട് പ്രതികളായ കുറിച്ചി മന്ദിരം തകിടിപ്പറമ്പിൽ സിയാദ് ഷാജി (32), ചങ്ങനാശേരി പുതുപ്പറമ്പിൽ മുഹമ്മദ് അമീൻ (23) എന്നിവരെ കോട്ടയം റെയിൽവേ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മണ്ണ് വിൽപ്പനയുമായി ബന്ധപ്പെട്ട് നേരത്തെ പ്രതികളും വാദിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്ന് പ്രതികൾ സംഘം ചേർന്ന് എത്തി ബാറിനു മുന്നിൽ വച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഹെൽമറ്റും , മാരകായുധങ്ങളും അടക്കം ഉപയോഗിച്ചാണ് പ്രതികൾ ഇയാളെ ആക്രമിച്ചത്. തുടർന്ന്, ഇയാളെ പ്രതികൾ കുത്തിവീഴ്ത്തുകയും ചെയ്തു.
സംഭവത്തിന് ശേഷം പ്രതികൾ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ മാർഗം മംഗലാപുരത്തിന് കടക്കാൻ ശ്രമിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരം ചങ്ങനാശേരി ഡിവൈ.എസ്.പി എ.കെ വിശ്വനാഥൻ, തൃക്കൊടിത്താനം എസ്.എച്ച്.ഒ എം.ജെ അരുൺ, എസ്.ഐ മനോജ്, എ.എസ്.ഐമാരായ സിജോ ചാണ്ടപ്പിള്ള, ആന്റണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സെൽവരാജ്, ശ്രീകുമാർ, മണികണ്ഠൻ എന്നിവരും ചങ്ങനാശേരി ഡെൻസാഫ് സംഘവും ചേർന്നാണ് ഒളിവിൽ പോയ പ്രതികളെ പിടികൂടിയത്.
സംഭവത്തിന് ശേഷം രക്ഷപെടുന്നതിനിടെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരനെ ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിച്ച കേസിലാണ് കുറിച്ചി മന്ദിരം തകിടിപ്പറമ്പിൽ സിയാദ് ഷാജി (32), ചങ്ങനാശേരി പുതുപ്പറമ്പിൽ മുഹമ്മദ് അമീൻ (23) എന്നിവരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സാജു ജോജോയ്‌ക്കെതിരെ നേരത്തെ ജില്ലാ പൊലീസ് കാപ്പാ ചുമത്തിയിരുന്നു. കാപ്പാ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സാജു വീണ്ടും ഗുണ്ടാ പ്രവർത്തനം നടത്തിയത്.
https://www.facebook.com/Malayalivartha