പോളിടെക്‌നിക് കോളേജിനു മുന്നിൽ കാറും ബൊളോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം; ഗുരുതരമായി പരിക്കേറ്റ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ...

എംസി റോഡിൽ നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നിൽ കാറും ബൊളോറോ ജീപ്പും കൂട്ടിയിടിച്ച് മരിച്ചത് തൊടുപുഴ സ്വദേശിയും ബീഹാർ സ്വദേശിയും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തൊടുപുഴ മണക്കാട് അരീപ്പുഴ കുളത്തുങ്കൽ കടവ് വീട്ടിൽ കെ.കെ രവിയുടെ മകൻ സനൂഷ് (42), ബീഹാർ സ്വദേശി കനയ്യ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബീഹാർ സ്വദേശി ഇസ്‌തേക്കാർ ഖാൻ (29), തമിഴ്‌നാട് ത്രിച്ചിനാപ്പള്ളി സ്വദേശി സലമോൻ ആൽബനോസ് (44), തമിഴ്‌നാട് തെങ്കാശി സ്വദേശി മുരുകേശൻ (41) എന്നിവരെയാണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ എം.സി റോഡിൽ നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൊളേറോ ജീപ്പ്, നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ പാഴ്‌സൽ ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്നും പള്ളത്തേയ്ക്ക് പാഴ്‌സലുമായി വരികയായിരുന്നു ലോറി. വി.ആർ.എൽ ലോജിസ്റ്റിക്‌സിലേയ്ക്കുള്ള പാഴ്‌സലുമായാണ് ലോറി എത്തിയത്.
നാട്ടകം പോളിടെക്‌നിക്കിന് മുന്നിലെ വളവിൽ വ്ച്ച നിയന്ത്രണം നഷ്ടമായ ജീപ്പ് ലോറിയുടെ മുന്നിലേയ്ക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തവിടുപൊടിയായി. അപകട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ചിങ്ങവനം എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അഗ്നിരക്ഷാ സേനാ സംഘത്തെ വിളിച്ചു വരുത്തിയാണ് വാഹനത്തിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്. ജീപ്പിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ച ശേഷമാണ് ഇവരെ വെളിയിലെത്തിച്ചത്.
പരിക്കേറ്റവരെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിലും, 108 ആംബുലൻസിലും പൊലീസ് ജീപ്പിലുമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് രണ്ടര മുതൽ പുലർച്ചെ അഞ്ചര വരെ കോട്ടയം - ചിങ്ങവനം റൂട്ടിൽ എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി. ക്രെയിൻ ഉപയോഗിച്ച് കാറും ലോറിയും മാറ്റിയിട്ട ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
https://www.facebook.com/Malayalivartha