വീണ തായിക്കണ്ടിയുടെ അറസ്റ്റ് എപ്പോള്‍..? ആദ്യം രാജിവയ്ക്കുന്നത് പിണറായി വിജയനോ അതോ മരുമകന്‍ മുഹമ്മദ് റിയാസോ..?

മൂന്ന് ചോദ്യങ്ങള്‍ പ്രസക്തമായിരിക്കുന്നു. വീണ തായിക്കണ്ടിയുടെ അറസ്റ്റ് എപ്പോള്‍. രണ്ട് പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ എത്ര ദിവസം കൂടിയുണ്ടാകും. മൂന്നാമത്തെ ചോദ്യം ഇത് ആദ്യം രാജിവയ്ക്കുന്നത് പിണറായി വിജയനോ അതോ മരുമകന്‍ മുഹമ്മദ് റിയാസോ. ഒന്ന് തീര്‍ച്ചയാണ് . അച്ഛനും മരുമകനും ആകെ ചീറ്റാന്‍ പോവുകയാണ്. മകള്‍ വീണ തായിക്കണ്ടി പ്രതിയായ കരിമണല്‍ മാസപ്പടിക്കേസില്‍ ആകെ ചീറ്റി തലയില്‍ മുണ്ടിട്ട് മധുരയിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയ പിണറായി വിജയനെ പുറത്തേക്ക് കാണാനില്ല. നാണമുണ്ടെങ്കില്‍ ഇനി പുറത്തേക്ക് ഇറങ്ങുമെന്നും തോന്നുന്നില്ല. ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വീണയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വീണയെയ്‌ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനി ഏതു നിമിഷവും വീണ പിടിയിലാകാം.
ജാമ്യം കിട്ടിയാലും മകള്‍ അറസ്റ്റിലായാല്‍ ഒരു നിമിഷം പോലും പിണറായി വിജയന്‍ എന്ന മഹാന് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നുഭരിക്കാനാവില്ല. മകള്‍ ശിക്ഷിക്കപ്പെട്ട് ജയലില്‍ പോകുന്ന കാഴ്ച ഇരട്ടച്ചങ്കുള്ള അച്ഛന് കാണേണ്ടിവരും എന്നതില്‍ സംശയമില്ല. സിപിഎമ്മിലെ ന്യായീകരണത്തൊഴിലാളികളായി അധപതിച്ച എംഎ ബേബിയും പ്രകാശ് കാരാട്ടും എംവി ഗോവിന്ദനും ഇപി ജയരാജനും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും പിണറായിയെ ന്യായീകരിക്കുകയാണ്. വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ എന്ന് എന്തിന് പണം വാങ്ങി, എന്തു സേവനം കൊടുത്തു, ആ പണം എവിടെ നിക്ഷേപിച്ചു എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ സിപിഎമ്മിനോ ദേശാഭിമാനിക്കോ സാധിച്ചിട്ടില്ല.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റയുടന്‍ എം.എ.ബേബിയും ആവര്‍ത്തിച്ചു. പിണറായിയെ അടിക്കാന്‍ വേണ്ടി മകളെ കരുവാക്കിയതാണെന്നും വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനാണെന്നും അതിന് നികുതിയും നല്‍കിയിട്ടുണ്ടെന്നുമാണ് ബേബി പറയുന്നത്. ബേബിയുടെ തൊലിക്കട്ടിയും അപാരമെന്നേ പറയാനാകൂ. വീണയുടെ ഇല്ലാത്ത കമ്പനി എന്തു സേവനം നല്‍കിയെന്ന ചോദ്യത്തിന് ബേബിക്കെന്നല്ല പിണറായി വിജയനും ഉത്തരം നല്‍കാനാവില്ല. ധിക്കാരത്തിന്റെ ഭാഷയും അഹങ്കാരത്തിന്റെ മുദ്രയുമുള്ള എംവി ഗോവിന്ദന്‍ പണം വാങ്ങി വീണ പുട്ടടിച്ചെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയേക്കാം. ശരായാണ് ആ കോടികള്‍ വീണ പുട്ടടിക്കാന്‍ തന്നെ ചെലവഴിച്ചതാണെന്ന് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ബൂര്‍ഷ്വ ജീവിതം നയിക്കുന്ന കുടുംബം പിണറായി വിജയന്റേതാണെന്ന തിരിച്ചറിവ് ഇപ്പോഴും സിപിഎമ്മിലെ കൂലി അണികള്‍ക്കില്ല. ലക്ഷങ്ങള്‍ വിലയുള്ള പവിഴ മാലയും പതിനായിരങ്ങള്‍ വിലയുള്ള വസ്ത്രവും തോള്‍ബാഗും ചെരിപ്പുമൊക്കെയായി സുഖജീവിതം നയിക്കുന്ന അമ്മയും മകളും. അഹങ്കാരത്തിന്റെ ആള്‍രൂപമായി സമൂഹത്തിനു മുന്നിലെത്തുന്ന അച്ഛന്റെ അതേ നയവും നിലപാടും. പിണറായി കുടുംബത്തിന്റെ ആഡംബരങ്ങളിലൊന്നും വിലക്കോ നിയന്ത്രണമോ എര്‍പ്പെടുത്തണമെന്ന് പറയാന്‍ പോളിറ്റ് ബ്യൂറോയിലോ സംസ്ഥാന സെക്രട്ടറിയേറ്റിലോ തന്റേടമുള്ള ഒരാള്‍ പോലുമില്ല. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവന്‍ പാര്‍ട്ടിയുടെ പുറമ്പോക്കില്‍ പോലും ബാക്കിയുണ്ടാവില്ല. അത്തരത്തില്‍ മറ്റൊരു മാവോയും സ്റ്റാലിനുമായി പിണറായി വിജയന്‍ സിപിഎം പ്രസ്ഥാനത്തെ സ്വന്തമാക്കിയിരിക്കുന്നു. മകള്‍ വീണയ്ക്ക് ബംഗളുരുവിലും ദുബായിലും അമേരിക്കയിലും കോടികളുടെ ബിസിനസ് സാമ്രാജ്യമുണ്ടെന്ന ആരോപണത്തിനു പിന്നില്‍ അവശേഷിക്കുന്ന വലിയൊരു ചോദ്യമുണ്ട്.
കണ്ണൂരിലെ ഒരു ചെത്തുതൊഴിലാളിയുടെ മകനായി പിറന്ന പിണറായി വിജയന്റെ കുടുംബത്തിന് എവിടെ നിന്നാണ് ഈ വരുമാനം. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പോങ്ങച്ചവുമായാണ് പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും മരുമകന്‍ മന്ത്രി റിയാസും മധുരയില്‍ എത്തിയത്. കാറല്‍ മാക്‌സിനെക്കാള്‍ വലിയ ആചാര്യനും അത്ഭുതവുമായി മധുരയിലെത്തി കത്തിനില്‍ക്കുന്ന വേളയിലാണ് ഇടിത്തീ പോലെ മകള്‍ക്കെതിരെയുള്ള കുറ്റപത്രം പുറത്തുവരുന്നത്. ആ നിമിഷം പിണറായി വിജയന്റെ മുഖത്തു തെളിഞ്ഞ കലിപ്പും ഇരുട്ടും ഇതുവരെ മാറിയിട്ടില്ല. കുറ്റപത്രം പുറത്തുവന്നശേഷം വീണയെ പുറത്തുകണ്ടിട്ടില്ല. കമലയെ പുറത്തുകണ്ടിട്ടില്ല.
പിണറായി വിജയന്റെ മാന്ത്രിക സര്‍ക്കാര്‍ ദേശീയ മാതൃകയാണെന്നു മധുരയില്‍ സിപിഎം പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് വീണ പണമിടപാടു കേസില്‍ പ്രതിയായെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഇതോടെ മധുര പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഗതിയാകെ മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനത്തിലായി. മധുരയില്‍ മഹാറാണിയെപ്പോലെ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇരുന്ന വീണ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയില്ല. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയുടെ പിന്‍വാതിലിലൂടെ മുങ്ങിയ മഹതി പഞ്ചനക്ഷഹോട്ടല്‍ മുറിയില്‍ പോയി കതകടച്ചിരുന്നു.
സ്വകാര്യ കരിമണല്‍ കമ്പനിയും വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ നേടിയ രാഷ്ട്രീയ മേല്‍ക്കൈയാണ് എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) കേസില്‍ വീണ പ്രതിയായതോടെ തകര്‍ന്നു വീണത്. എക്‌സാലോജിക് കമ്പനി സിഎംആര്‍എലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തായപ്പോള്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് ഇല്ലെന്നായിരുന്നു സിപിഎം വാദം. വീണയും എക്‌സാലോജിക്കും ചേര്‍ന്ന് 2.7 കോടി രൂപ കൈപ്പറ്റിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയതോടെ ആ വാദങ്ങളുടെയെല്ലാം മുനയൊടിഞ്ഞു.
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കിയതോടെ ഇനി പിണറായി വിജയനെ ന്യായീകരിച്ചും വെള്ളപൂശിയും മുന്നോട്ടു പോകാന്‍ പാര്‍ട്ടിക്കു സാധിക്കില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞു. കേസില്‍ വീണയെ വിചാരണചെയ്യാന്‍ കേന്ദ്ര കമ്പനികാര്യമന്ത്രാലയവും അനുമതി നല്‍കിക്കഴിഞ്ഞു. ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷംനടന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇനിയുള്ള മണിക്കൂറുകള്‍ അതിനിര്‍ണായകമാണ്. എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വീണ തായ്ക്കണ്ടിക്ക് സാധിക്കില്ല.
https://www.facebook.com/Malayalivartha