പോലീസ് ആമ്പുലൻസ് പോലുമില്ല; ഇവിടെ ഇതെന്താ നടക്കുന്നത് !? സിപിഒ വനിതാ ഉദ്യോഗാർത്ഥിനികളുടെ സമരത്തിൽ എത്തിയതിനിടെ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

നിയമന കാലാവധി അവസാനിക്കാൻ ഇനി വെറും ഒമ്പത് ദിവസം മാത്രമേയുള്ളൂ. മുട്ടിലിഴഞ്ഞും കയ്യിൽ കർപ്പൂരം കത്തിച്ചും സ്വയം വേദനിപ്പിച്ച് കൊണ്ട് സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയിൽ സമരം തുടരുകയാണ് 2022 ലിസ്റ്റിൽ പെട്ട സിപിഒ ഉദ്യോഗാർത്ഥികൾ.
നിയമന കാലാവധി അവസാനിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമേയുള്ളൂ എങ്കിലും ലിസ്റ്റിൽ പെട്ട അധിക ആളുകളേയും ജോലിയിലേക്ക് നിയമിക്കപ്പെട്ടിട്ടില്ല. ഈ വിശയവുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് ഇന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.
എന്നാൽ വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർഥി കുഴഞ്ഞു വീണ കഴ്ചയാണ് രമേശ് ചെന്നിത്തലയ്ക്ക് കാണാൻ സാധിച്ചത്. ഏത്തമിട്ടു പ്രതിഷേധക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശിയായ സി.എസ്.ഹനീന കുഴഞ്ഞു വീണത്.
ഉദ്യോഗാർഥി തളർന്നു വീണ സമയത്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമര മുഖത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിലാണ് ഹനീനയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
‘‘ ഉദ്യോഗാർഥികൾ കുറേ ദിവസമായി സമരം നടത്തുകയാണ്. ഈ വിഷയത്തെ കുറിച്ചു മുഖ്യമന്ത്രിയോടു സംസാരിച്ചതാണ്. പരിശോധിക്കാം എന്ന് പറഞ്ഞതല്ലാതെ അദ്ദേഹം നടപടി സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ അടിയന്തരമായി തീരുമാനമുണ്ടാകണം.
പൊലീസും ആംബുലൻസും സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് തന്റെ വാഹനത്തിൽ ഉദ്യോഗാർഥിയെ ആശുപത്രിയിലെത്തിക്കേണ്ടി വന്നത്. സമരം ചെയ്യുന്നവരോട് കുറച്ചുകൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം’’ – രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha