അമ്പലുക്ക് വിനീത കൊലക്കേസ്: കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് പ്രോസിക്യൂഷന്‍, പ്രതി കുറ്റക്കാരനെന്ന് കോടതി... ശിക്ഷാ വിധി 21 ന്

പേരൂര്‍ക്കട അമ്പലമുക്ക് അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് വീട്ടില്‍ രാഗിണി മകള്‍ (38) വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റകാരനെന്ന് കോടതി. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ ഡാനിയല്‍ മകന്‍ രാജേന്ദ്രന്‍ (40) ആണ് കേസിലെ പ്രതി. കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവര്‍ച്ച (397) തെളിവ് നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പ്രസൂണ്‍ മോഹന്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷയെക്കുറിച്ച് ഏപ്രില്‍ 21 ന് വിധി പറയും.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണന്നുള്ള പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് പ്രതിയെ കുറിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. വധശിക്ഷ നല്‍കുന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി 1980 ല്‍ പുറപ്പെടുവിച്ച ബച്ചന്‍ സിംഗ് കേസ് വിധി പ്രകാരമുള്ള മൂന്നും, നാലും വ്യവസ്ഥകളായ പ്രതി സമൂഹത്തിന് തുടര്‍ച്ചയായ ഭീഷണിയായി മാറുന്ന തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ ഇനി നടത്താതിരിക്കാനുള്ള സാധ്യതയുണ്ടോ, പ്രതിയെ പരിഷ്‌കരിക്കാനും പുനരധിവസിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള എന്തെങ്കിലും സാധ്യതകളുണ്ടോ എന്നും കാണിക്കുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. പ്രതിയെ തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഒരു സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.പ്രതിയുടെ ജീവിതത്തിന്റെ സാമൂഹിക വിലയിരുത്തല്‍ പഠനത്തെക്കുറിച്ച് കന്യാകുമാരി,തിരുവനതപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയുടെ ജയിലിനുള്ളിലെ സ്വഭാവവും പെരുമാറ്റവും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പ്രതിയുടെ കുറ്റകരമായ മുന്‍ പ്രവൃത്തികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം.കന്യാകുമാരി ജില്ലയിലെ പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. എല്ലാ റിപ്പോര്‍ട്ടുകളും 7 ദിവസത്തിനുള്ളില്‍ പ്രത്യേക മുദ്രവച്ച കവറുകളില്‍ സമര്‍പ്പിക്കണം.റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ പ്രതിയുടെ വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.
2022 ഫെബ്രുവരി ആറ് ഞായറാഴ്ചയായിരുന്നു തലസ്ഥാന നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ ഉള്ളപോഴാണ് രാജേന്ദ്രന്‍ പട്ടാപ്പകല്‍ വിനീതയെ നഗര ഹൃദയത്തില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീതയുടെ നാലര പവന്‍ തുക്കം വരുന്ന സ്വര്‍ണ്ണ മാല കവരുന്നതിനായാണ് പ്രതി ക്രൂര കൃത്യം നടത്തിയത്. ഇയാള്‍ പേരൂര്‍ക്കട ഭാഗത്തെ ഒരു ഹോട്ടലില്‍ ഒരു മാസത്തിലേറെയായി ജോലി നോക്കി വരികയായിരുന്നു.
അമ്പലമുക്ക് കുറവന്‍കോണം റോഡിലെ ''ടാബ്‌സ് അഗ്രി ക്ലിനിക്'' എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വിനീത. ചെടികള്‍ക്ക് വെള്ളമൊഴിക്കാനായിരുന്നു ഞായറാഴ്ച വിനീത സ്ഥാപനത്തില്‍ എത്തിയത്.തമിഴ്‌നാട്ടില്‍ നിന്നും പേരൂര്‍ക്കടയിലെ ടീ സ്റ്റാളില്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ കൃത്യദിവസം രാവിലെ 11:30 മണിയോടെ അമ്പലമുക്ക് ജംഗ്ഷനില്‍ നിന്നും കുറവന്‍കോണം റോഡിലൂടെ നടന്ന് സാന്ത്വനം ആശുപത്രി ജംഗ്ഷനില്‍ നിന്നും അമ്പലനഗറിലേക്ക് തിരിയുന്ന റോഡ് വഴി ലുണീക്ക ഫാഷന്‍സ് കെട്ടിടത്തിന് മുന്നിലുള്ള റോഡിലൂടെ നടന്ന് ടാബ്‌സ് അഗ്രിക്ലിനിക് എന്ന സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി സ്ഥാപനവും വിനീതയുടെയും നീക്കങ്ങള്‍ വീക്ഷച്ചതിന് ശേഷം 11:42 മണിയോടെ ടാബ്‌സ് അഗ്രി ക്ലിനിക്കില്‍ ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന കയറിയ രാജേന്ദ്രന്‍ വിനീതയുമായി സംസാരിച്ച ശേഷം ചെടിച്ചട്ടികള്‍ സൂക്ഷിച്ചിട്ടുള്ള ഷെഡിലേക് രാജേന്ദ്രന്റെ ആവശ്യപ്രകാരം ചെടിച്ചട്ടി എടുക്കാനായി കയറിയ വിനീതയുടെ പുറകെ ഷെഡിന് ഉള്ളിലേക്ക് കയറിയ രാജേന്ദ്രന്‍ വിനീതയുടെ മൂക്കും വായും ബലമായി പൊത്തിപിടിച്ഛ് രാജേന്ദ്രന്റെ പാന്റിന് അടിയില്‍ കരുതിയിരുന്ന കത്തി എടുത്ത് വിനീതയുടെ കഴുത്തിന്റെ മുന്‍വശത്തായി തുരു തുരെ ആഞ്ഞു കുത്തി കൊലപ്പെടുത്തിയ ശേഷം വിനീത കഴുത്തില്‍ ധരിച്ചിരുന്ന 4 1/2 പവന്‍ തൂക്കം വരുന്ന ദളപതി ഫാഷനിലുള്ള സ്വര്‍ണമാല കവര്‍ച്ച ചെയ്‌തെടുത്തു. വിനീതയുടെ മൃതദേഹം ഷെഡിന്റെ മൂലയിലുള്ള തറയില്‍ മലര്‍ത്തി കിടത്തിയതിന് ശേഷം അവിടെയുണ്ടായിരുന്ന മണലരിപ്പയും ഫ്‌ളക്‌സ്ഷീറ്റും കൊണ്ട് മൂടി മൃതദേഹം ഒളിപ്പിച്ചു. തുടര്‍ന്ന് 11:54മണിയോടെ സാന്ത്വനം ആശുപത്രി ജംഗ്ഷനില്‍ എത്തി .ഓട്ടോറിക്ഷക്ക് കൈ കാണിച്ച് നിര്‍ത്തി കയറി മുട്ടടക്ക് സമീപത്തിറങ്ങി അവിടയുള്ള കോര്‍പറേഷന്‍ വക അലപ്പുറം കുളത്തില്‍ രക്തം പുരണ്ട ഷര്‍ട്ട് ഉപേക്ഷിച്ചു. ഷര്‍ട്ടിനടിയില്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ടും ധരിച്ച് ഒരു സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് പരുത്തിപ്പാറയിലൂടെ ഉള്ളൂര്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി വീണ്ടും കേശവദാസപ്പുരം വഴി തന്റെ താമസമുറിയിലേക്ക് എത്തി. വിനീതയെ കൊലപ്പെടുത്തുന്ന സമയത്ത് വിനീത പ്രതിരോധിച്ചതില്‍ വെച്ച് രാജേന്ദ്രന്റെ വലത് കൈയിലും പരിക്കേറ്റിരുന്നു. തന്റെ കൈയിലേറ്റ മുറിവുകള്‍ തേങ്ങ ചുരണ്ടിയതില്‍ വെച്ച് ഉണ്ടായതാണെന്ന് വരുത്തി തീര്‍ക്കാന്‍ ഹോട്ടല്‍ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച് കൊണ്ടിരുന്ന ഇലക്ട്രിക് ചിരവയില്‍ സ്വമേധയാ തന്റെ വലത് കൈ വെച്ച് മുറിവുണ്ടാക്കിയ ശേഷം രാത്രി 7:40 ന് പേരൂര്‍ക്കടാ ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി പിറ്റേ ദിവസം രാവിലെ ബാഗുമെടുത്ത് തന്റെ സ്വദേശമായ തമിഴ്‌നാട് കാവല്‍ക്കിണറിലേക്ക് കടന്നു. ഫെബ്രുവരി 11ന് കാവല്‍കിണറില്‍ നിന്നും പ്രതിയെ പേരൂര്‍ക്കട സി.ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. വിനീത ധരിച്ചിരുന്ന സ്വര്‍ണമാല തമിഴ്‌നാടിലെ കാവല്‍കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരുന്നത് പോലീസ് കണ്ടെടുത്തിരുന്നു.
ദൃസാക്ഷികളാരും ഇല്ലാതിരുന്ന കേസില്‍ പ്രോസീക്യൂഷന് സഹായകരമായത് സാഹചര്യ തെളിവുകളും, ശാസ്ത്രീയമായ തെളിവുകളും, സൈബര്‍ ഫോറെന്‍സിക് തെളിവുകളുമാണ്. കൃത്യദിവസം കൃത്യത്തിന് മുന്‍പും ശേഷവുമുള്ള രാജേന്ദ്രന്റെ സഞ്ചാരപദങ്ങള്‍ നഗരത്തിലെ സിസിടിവി ക്യാമറകളില്‍ നിന്ന് പോലീസ് കണ്ടെടുത്തത് 11 പെന്‍ഡ്രൈവുകളിലാക്കി പ്രോസീക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം വിനീത ധരിച്ചിരുന്ന സ്വര്‍ണമാല കണ്ടെടുക്കുന്നതിന്റെയും രാജേന്ദ്രന്‍ ധരിച്ചിരുന്ന രക്തം പുരണ്ട ഷര്‍ട്ട് അലപ്പുറം കുളത്തില്‍ നിന്ന് കണ്ടെടുക്കുന്നതിന്റെയും വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന കത്തി പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഒളിപ്പിച്ചുവെച്ചത് കണ്ടെടുക്കുന്നതുള്‍പ്പടെയുള്ള 7 ഡിവിഡി ദൃശ്യങ്ങളും അടങ്ങിയ 68 ലക്ഷ്യം വകകള്‍ പ്രോസീക്യൂഷന്‍ ഹാജരാക്കിയിരുന്നു. വിനിതയുടെ മാതാവ് രാഗിണി സഹോദരന്‍ വിനോദ്, ടാബ്‌സ് അഗ്രി ക്ലിനിക് ഉടമ തോമസ് മാമന്‍ ഉള്‍പ്പടെ 96 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. 222 രേഖകളും ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, ദേവിക മധു, ഫസ്‌ന.ജെ, ചിത്ര. ഒ.എസ് എന്നിവര്‍ ഹാജരായി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എ.സി.യായിരുന്ന വി.എസ്.ദിനരാജ്, , പേരൂര്‍ക്കട സി.ഐ. ആയിരുന്ന വി.സജികുമാര്‍, ജുവനപുടി മഹേഷ് ഐ.പി.എസ്, സബ് ഇന്‍സ്പക്ടര്‍മാരായ എസ്.ജയുമാര്‍, ആര്‍. അനില്‍കുമാര്‍, മീന എസ്.നായര്‍ , സീനിയര്‍ സിവില്‍ പോലീസുകരായ പ്രമോദ്.ആര്‍, നൗഫല്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്..
സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങള്‍ തമിഴ്‌നാട്ടില്‍ ചെയ്തശേഷം ജാമ്യത്തില്‍ കഴിയവെയാണ് പ്രതി പേരൂര്‍ക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്‌നാട് തിരുനെല്‍വേലി ആരുല്‍വാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58) , ഭാര്യ വാസന്തി (55), വളര്‍ത്ത് മകള്‍ അഭിശ്രീ (13) എന്നിവരെ കൊലപെടുത്തി 95ഗ്രാം സ്വര്‍ണാഭരണം കവര്‍ച്ച നടത്തിയ കേസിലും രാജേന്ദ്രന്‍ പ്രതിയാണ്. അതിന്റെ വിചാരണ നാഗര്‍കോവില്‍ സെഷന്‍സ് കോടതിയില്‍ നടന്നു വരുന്നു.
ഉന്നതബിരുദ്ധധാരിയായ രാജേന്ദ്രന്‍ ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിംങ്ങില്‍ പണം നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.
കൊലയിലേക്കുള്ള വഴി......
06-02-2022 ഞായര്‍ രാവിലെ 10.20ന് പ്രതി രാജേന്ദ്രന്‍ താന്‍ ജോലി ചെയ്യുന്ന പേരൂര്‍ക്കടയിലെ ടീസ്റ്റാളിലെത്തി പ്രഭാത ഭക്ഷണം കഴിച്ചു, തൊട്ടടുത്തുള്ള തന്റെ താമസ സ്ഥലത്തേക്ക് മടങ്ങി പോകുന്നു.
11.29 രാജേന്ദ്രന്‍ കറുത്ത പാന്റും വെള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും ധരിച്ച് മുഖത്ത് കറുത്ത മാസ്‌കും തലയില്‍ കെട്ടുമായി അമ്പലമുക്ക് ജംഗ്ഷനില്‍ നിന്നും മുട്ടട- കുറവന്‍ കോണം ഭാഗത്തേക്കുള്ള റോഡിലേക്ക് നടക്കുന്നു.
11.32 കുറവന്‍ കോണം - മുട്ടട റോഡുകള്‍ രണ്ടായി തിരിയുന്ന സാന്ത്വനം ആശുപത്രി ജംഗ്ഷനിലെത്തി കൊല നടന്ന ടാബ്‌സ് അഗ്രി ക്‌ളിനിക് അലങ്കാര ചെടി വില്‍പ്പനശാല സ്ഥിതി ചെയ്യുന്ന കുറവന്‍ കോണം ഭാഗത്തേക്ക് പോകുന്നു.
11.33 കൃത്യ സ്ഥലമായ അലങ്കാര ചെടി വില്‍പ്പനശാലയുടെ സമീപത്തുള്ള ചൈതന്യ വീടിന് മുന്നിലൂടെ നടന്ന് കൃത്യ സ്ഥലത്ത് പ്രവേശിച്ച് കൊലപാതകം നടത്തിയ ശേഷം കവര്‍ന്നെടുത്ത സ്വര്‍ണ്ണമാലയുമായി 11.52 ന് ചൈതന്യ വീടിന് മുന്നിലൂടെ മടങ്ങി പോകുന്നു. (അക്രമം തടയാനുള്ള വിനിതയുടെ ശ്രമത്തിനിടയില്‍ രാജേന്ദ്രന്റെ വലത്‌കൈക്ക് പരിക്കേറ്റിരുന്നു.)
11.54 രക്തം പുരണ്ട ഷര്‍ട്ടുമായി രാജേന്ദ്രന്‍ വീണ്ടും സാന്ത്വനം ആശുപത്രി ജംഗ്ഷനിലെത്തി ഒരു ഓട്ടോ റിക്ഷ കൈകാണിച്ച് കയറി മുട്ടട റോഡിലെ കോര്‍പ്പറേഷന്‍ വക അലപ്പുറം കുളത്തിന് സമീപമിറങ്ങി രക്തം പുരണ്ട ഷര്‍ട്ട് കുളത്തില്‍ ഉപേക്ഷിച്ച്,ഷര്‍ട്ടിനടിയിലുണ്ടായിരുന്ന ടീ-ഷര്‍ട്ടും ധരിച്ച് മുട്ടട പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപമെത്തുന്നു.
12.06 ഹെല്‍ത്ത് സെന്ററിന് സമീപത്ത് നിന്നും ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ കൈ കാണിച്ച് ഇദ്ദേഹത്തോടൊപ്പം സ്‌കൂട്ടറിന്റെ പിറകിലിരുന്ന് പരുത്തിപ്പാറ ഭാഗത്തേക്ക് സഞ്ചരിക്കുന്നു..
12.11 ന് പരുത്തിപ്പാറ വഴി കേശവദാസപുരത്തേക്കും 12.13 ന് കേശവദാസപുരം - ഉള്ളുര്‍ റോഡേ ഇതേ സ്‌കൂട്ടറില്‍ സഞ്ചരിച്ച് ഉള്ളൂര്‍ ജംഗഷനിലിറങ്ങി അവിടെ നിന്നും മറ്റൊരു ഓട്ടോയില്‍ കയറി വീണ്ടും കേശവദാസപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നു.
12.18 ന് രാജേന്ദ്രനെയും കൊണ്ട് ആട്ടോറിക്ഷ കേശവദാസപുരത്തെ ഭാരത് പെട്രോള്‍ പമ്പില്‍ കയറി ഓട്ടോയില്‍ പെട്രോള്‍ ഒഴിച്ചതിന് ശേഷം 12.38 ന് രാജേന്ദ്രന്റെ തമസ്സ സ്ഥലമായ പേരൂര്‍ക്കട ജില്ലാ ആശുപത്രിക്ക് മുന്‍വശമിറക്കുന്നു.
രാത്രി 7.40 കൊലപാതക സമയത്ത് കൈയ്യിലേറ്റ മുറിവിന് ചികിത്സ തേടി പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തുന്നു.
പിറ്റേദിവസം (07.02.2022) രാവിലെ 8ന് സ്വദേശമായ തമിഴ്‌നാട്ടിലെ കാവല്‍ കിണറിലേക്ക് കടക്കുന്നു. ഉച്ചക്ക് 2 മണിക്ക് അഞ്ചു ഗ്രാമത്തുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വിനിതയുടെ സ്വര്‍ണ്ണ മാല 95000/ രൂപക്ക് പണയം വയ്ക്കുന്നു.
അന്നേദിവസം വൈകുന്നേരം 3 മണി കാവല്‍ കിണറിലുള്ള ഇന്ത്യന്‍ ബാങ്കിന്റെ പെരുങ്കുഴി ബ്രാഞ്ചിലെത്തി ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലേക്ക് 32000/ രൂപ നിക്ഷേപിക്കുന്നു.
11-02-2022 രാവിലെ 10 മണിക്ക് കാവല്‍ കിണറിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും രാജേന്ദ്രനെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുക്കുന്നു.
(നഗരത്തിലെ വിവിധ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ രാജേന്ദ്രന്റെ സഞ്ചാരപഥങ്ങളിലെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത് വിചാരണ സമയത്ത് കോടതി ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.)
https://www.facebook.com/Malayalivartha