എസ്.എഫ്. ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിൽ നടപടി ത്വരിതപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ..പിണറായിയുടെ ലാവ്ലിൻ കേസ് പോലെ ഇതും അനന്തമായി നീട്ടി കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ ശ്രമം..

അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെടണമെന്നും അനുവാദമില്ലാതെ തുടർനടപടികൾ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎൽ ആവശ്യപ്പെട്ടത്. കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം. എന്നാൽ ചീഫ് ജസ്റ്റിസിന് കേസ് വിട്ടതോടെ കേസ് നടപടികൾ ഇനിയും നീളുമെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്.സംഗതി അത്ര പന്തിയല്ലെന്ന് പിണറായി മനസിലാക്കിയിട്ടുണ്ട്. അതോടെയാണ് മാസപ്പടി കേസിൽ പിണറായി മനസു തുറന്നത്. വീണക്കെതിരായ മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിൻ്റെ ജിഎസ്‌ടിയും ആദായ നികുതിയും അടച്ചതിൻ്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാർട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നത്. എന്നിട്ടും കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്ന കാര്യം മുഖമന്ത്രി പറഞ്ഞില്ല. മകളുടെ പേര് മാത്രമായി പരാമർശിക്കാതെ എന്റെ മകൾ എന്ന് അന്വേഷണ ഏജൻസികൾ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്?
മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിൻ്റെയും ജിഎസ്‌ടി അടച്ചതിൻ്റെയും കണക്കുകൾ പറയുന്നില്ല. നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) വേണ്ടത് എൻ്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതാണ് മുഖ്യമന്ത്രിയുടെ കഴിവ്. കേരളത്തിൽ രാജീവ് ചന്ദ്രശേഖർ ബി ജെ പി പ്രസിഡന്റായതു മുതലാണ് കാര്യങ്ങൾ കീഴ് മേൽ മറിഞ്ഞത്. അമിത് ഷായുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് രാജീവ് ചന്ദ്രശേഖർ. പിണറായിയുടെ ട്രിക്കുകളിൽ അദ്ദേഹം വീഴില്ല. ഇതാണ് പിണറായിയുടെ ഏറ്റവും വലിയ വേദന. കെ. സുരേന്ദ്രനെ പോലെ വിരട്ടിനിർത്താൻ പിണറായിയുടെ കൈയിൽ രാസായുധവുമില്ല.രാജീവ് ബി ജെ പി പ്രസിഡന്റായതോടെ പിണറായിയുടെ ആശ നശിച്ചു. അദ്ദേഹം ചുമതലയേറ്റതോടെ പിണറായിയുടെ സമയം മാറി.
പിണറായി വിജയൻ എന്ന് കേൾക്കുമ്പോൾ രാജ്യം ആദ്യം കണക്റ്റ് ചെയ്യുന്നത് ലാവ്ലിൻ കേസുമായാണ്. സി പി എമ്മിനുള്ളിൽ നിന്നാണ് പിണറായിക്കെതിരെ ആദ്യം അമ്പെയ്ത്തുണ്ടായത്. വി.എസ്.അച്ചുതാനന്ദനാണ് എക്കാലവും ലാവ്ലിൻ പറഞ്ഞ് പിണറായിയെ ധർമ്മസങ്കടത്തിലാക്കിയത്.ദല്ലാൾ നന്ദകുമാർ, ക്രൈം നന്ദകുമാർ , പി.സി.ജോർജ് തുടങ്ങി നിരവധിയാളുകളെ വി.എസ് ലാവ്ലിൻ കേസിന് വേണ്ടി രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ പിണറായിക്കൊപ്പമായിരുന്നു. ഭാഗ്യം. ആ ഭാഗ്യം തന്റെ മകൾക്കും ലഭിക്കണമെന്നാണ് പിണറായിയുടെ ആഗ്രഹം. ലാവ്ലിൻ കേസ് അട്ടിമറിച്ചത് രണ്ടു ജഡ്‌ജിമാരാണെന്ന് ക്രൈം നന്ദകുമാർ ആരോപണം ഉയർത്തിയിരുന്നു. ഇവർ ആരൊക്കെയാണെന്ന് താൻ കേന്ദ്ര ഏജൻസിക്ക് മൊഴി നൽകിയിട്ടുണ്ടെന്നാണ് നന്ദകുമാർ പറഞ്ഞത്. ഇവർ കൈക്കൂലി വാങ്ങിയെന്ന നന്ദകുമാറിൻറെ ആരോപണം ദൂരവ്യാപകചലനങ്ങളായിരിക്കും നിയമ ലോകത്ത് ഉണ്ടാക്കുകയെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.ദീർഘകാലം പിണറായിയെ വേട്ടയാടിയ നന്ദകുമാറിന് വി എസ് അച്ചുതാനന്ദൻറെ പിന്തുണയുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വി എസിൻറെ എക്കാലത്തെയും വിശ്വസ്തനായിരുന്നു നന്ദകുമാർ.പിണറായി വിജയനെ ലാവ്ലിൻ കേസിൽ വേട്ടയാടിയത് വി.എസാണ്. പിണറായിയെ അഴിമതിയുടെ നിഴലിൽ നിർത്താനാണ് എല്ലാ കാലത്തും വി.എസ്. ശ്രമിച്ചിരുന്നത്. പിണറായിക്കെതിരെ അതിശക്തമായ നിക്കങ്ങളാണ് ഓരോ കാലത്തും വി എസ് നടത്തിയത്. അതിൽ ക്രൈം നന്ദകുമാർ വഹിച്ച പങ്ക് ചെറുതല്ല. ലാവ്ലിൻ കേസിൽ ക്രൈം വാരിക സചിത്രമായ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പലതും അന്വേഷണ പരമ്പരകളായിരുന്നു. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ക്രൈം വാരികയുടെ ഓഫീസ് ആക്രമിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. പിന്നീട് ദീർഘകാലം നന്ദകുമാർ പിണറായിക്കെതിരെ നിശബ്ദത പാലിച്ചു. മുഹമ്മദ് റിയാസ് പിണറായി മന്ത്രിസഭയിൽ അംഗമായതോടെയാണ് വീണ്ടും നന്ദകുമാർ രംഗത്തിറങ്ങിയത്.എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവൻ തെളിവുകളും പരാതിക്കാരനായ ക്രൈം എഡിറ്റർ ടി പി നന്ദകുമാര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. പരാതിയിൽ നന്ദകുമാറിന്റെ മൊഴിയും രേഖപ്പെടുത്തി.എന്നിട്ടും ഒന്നും നടന്നില്ല. ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ ആവശ്യമായി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചതായും നന്ദകുമാർ പറഞ്ഞു.
ഇതിൽ രണ്ടു ജഡ്ജിമാർക്കും വിരമിച്ചപ്പോൾ പിണറായി സ്ഥാനമാനങ്ങൾ നൽകിയെന്നും നന്ദകുമാറിൻറെ മൊഴിയിലുണ്ടെന്നാണ് വിവരം. ജഡ്ജിമാർക്കെതിരായ ആരോപണം കേരളത്തിൽ പുതിയ സംഭവമാണ്. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നന്ദകുമാറിൻറെ പുതിയ ആരോപണം കത്തി കയറിയത്.ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ലാവലിൻ കേസ് മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ജസ്റ്റിസ് യു.യു. ലളിത് ഉത്തരവിട്ടത്. എന്നാൽ വീണ്ടും അദ്ദേഹത്തിന്റെ ബെഞ്ചിനു മുൻപാകെയാണ് കേസ് എത്തിയത്. 2017 മുതൽ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ചാണെന്നും അതിനാൽ കേസ് ഉചിതമായ ബെഞ്ചിലേക്കുതന്നെ വിടണമെന്നും അന്ന് ലളിത് ആവശ്യപ്പെടുന്നു. എന്നാൽ പഴയ ബെഞ്ചിന്റെ മെല്ലെ പോക്കിനെതിരെ ലാവ്ലിൻ കേസിൽ പിണറായിക്കെതിരെ രംഗത്തുള്ള മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാർ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ലളിതിൻറെ ബെഞ്ചിൽ കേസെത്തിയത്. .
വിവിധ കക്ഷികൾ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടുപോവുകയായിരുന്നു. ഇപ്പോഴും അതേ അവസ്ഥയിൽ തന്നെയാണ് കേസുള്ളത്. കേസ് പരിഗണിക്കുന്നത് താമസിപ്പിച്ചാൽ വിജയം തങ്ങൾക്ക് അനുകൂലമാകുമെന്ന് പിണറായിക്ക് അറിയാം. നാട്ടു മലയാളത്തിൽ ഒരു ചൊല്ലുണ്ട്. ആറിയ കഞ്ഞി പഴങ്കഞ്ഞിയെന്ന് .ഇതാണ് നടന്നു കൊണ്ടിരിക്കുന്നത്. പിണറായിയെ സംബന്ധിച്ചടത്തോളം എന്തു വില കൊടുത്തും. മകളെ രക്ഷിക്കണം. അതിന് തടസം നിൽക്കുന്നത് കേന്ദ്രമന്ത്രി അമിത് ഷായാണ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരവും പുറത്തുവന്നു. വീണയുടെ യാത്ര, താമസ ചെലവുകൾ അടക്കം സിഎംആർഎൽ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണാ വിജയനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിവരം തേടി.
എക്‌സാലോജിക് സൊലൂഷൻസ് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന എസ്.എഫ്.ഐ.ഒ. അന്വേഷണം കോടതിയിൽ ചോദ്യംചെയ്യുന്നതിന് കെ.എസ്.ഐ.ഡി.സി. എന്ന സർക്കാർ സ്ഥാപനം ലക്ഷങ്ങളാണ് ചെലവിട്ടത്.ഇത് പുറത്തുവന്ന കണക്കാണ്. പുറത്തുവരാത്ത കണക്ക് എത്രയെന്ന് കണ്ടറിയണം. ഈ കേസിൽ കെ.എസ്.ഐ.ഡി.സി.ക്കായി ഹൈക്കോടതിയിൽ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥന് ഫീസായി നൽകിയത് 82.50 ലക്ഷം രൂപയാണ്. ഹൈക്കോടതിയിൽ മൂന്നുതവണയാണ് ഇദ്ദേഹം ഹാജരായത്. കേസിൽ ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വേനൽ അവധിക്കുശേഷം ഹർജിയിൽ വിശദമായ വാദംകേൾക്കും.അപ്പോൾ ഇനിയും കോടികൾ കൊടുക്കും.എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിനെത്തുടർന്നാണ് എസ്.എഫ്.ഐ.ഒ. അന്വേഷണം തുടങ്ങിയത്. എന്നാൽ സി.എം.ആർ.എൽ. നടത്തിയ ഇടപാടിന്റെ പേരിൽ തങ്ങൾക്കെതിരേ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് കെ.എസ്.ഐ.ഡി.സി.യുടെ വാദം.
സി.എം.ആർ.എലിന്റെ പണമിടപാടിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന വാദമാണ് കെ.എസ്.ഐ.ഡി.സി. ഉന്നയിച്ചത്. എന്നാൽ, സി.എം.ആർ.എൽ. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ കെ.എസ്.ഐ.ഡി.സി.യുടെ പ്രതിനിധിയും ഉള്ള സാഹചര്യത്തിൽ ഇത്തരമൊരു വാദം ഉന്നയിക്കാനാകുമോ എന്നായിരുന്നു ഹർജി പരിഗണിക്കവേ ഹൈക്കോടതിയുടെ പ്രതികരണം നേരത്തേ ഉണ്ടായത്.ഇതിനിടയിലാണ് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി. കേസ് നടത്തുന്നതിനായി വലിയ തുകയാണ് ചെലവാക്കുന്നതെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് കെ.എസ്.ഐ.ഡി.സി. നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.വീണാ വിജയനെന്ന വ്യക്തിയുടെ സ്വകാര്യ ബിസിനസ് ഇടപാടിന്റെ രാഷ്ട്രീയഭാരം പേറേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് സി.പി.എമ്മും സർക്കാരും. മാസപ്പടി ആരോപണം ഉയർന്നപ്പോൾ അസാധാരണവേഗത്തിലും അസ്വാഭാവികരീതിയിലും എക്സാലോജിക്കിന്റെ സംരക്ഷണം സി.പി.എം. ഏറ്റെടുത്തതിനാൽ എസ്.എഫ്.ഐ.ഒ. അന്വേഷണത്തിന്റെ ഇനിയുള്ള നീക്കം പാർട്ടിക്ക് നിർണായകമാണ്.
എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണത്തിൽ വീണാ വിജയന് കർണാടക ഹൈക്കോടതിയിൽ തിരിച്ചടി കിട്ടിയത് അപ്രതീക്ഷിതമായിട്ടാണ്.ഇതാണ് കേസിൽ വഴിത്തിരിവായത്.സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 2013-ലെ കമ്പനീസ് ആക്ട് 210-ാം വകുപ്പുപ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി 212-ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ. അന്വേഷണം നടത്താനാവില്ലെന്നായിരുന്നു വീണയുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. സി.എം.ആർ.എൽ. 1.72 കോടി രൂപ സോഫ്റ്റ്വേർ സേവനക്കരാറിന്റെ മറവിൽ എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.എഫ്.ഐ.ഒ. വാദിച്ചു.
കേന്ദ്ര ഏജൻസി കൃത്യമായ വിവരങ്ങളായിരിക്കും കേന്ദ്ര സർക്കാരിന് കൈമാറുക. ഇനി പിണറായി സർക്കാരിന് ബാക്കിയുള്ളത് ഒരു വർഷം മാത്രമാണ്. ഇക്കാലയളവിൽ കോടതി കടുത്ത തീരുമാനം എടുക്കാതിരുന്നാൽ പിണറായിക്ക് സമാധാനത്തോടെ മുഖ്യമന്ത്രി കസേര ഒഴിയാം. അതിനുള്ള നീക്കങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇത്തരം സ്വപ്നങ്ങൾ നടക്കുമോ എന്ന് കണ്ടറിയാം. എന്നാൽ കേരളത്തിലെത് പോലെ ഡൽഹിയിൽ ഓപ്പറേഷൻ നടക്കുന്നില്ല. ഒപ്പം അമിത് ഷായുടെ ഇടങ്കോലും... കകാണാൻ പോകുന്ന പൂരം കാത്തിരിക്കാം.
https://www.facebook.com/Malayalivartha