സുകാന്തിനെ പിടികൂടാൻ തമിഴ്നാട്ടിലേക്കു പോയ പൊലീസ് സംഘം വെറും കയ്യോടെ തിരിച്ചെത്തി...

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ബ്യൂറോ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനെ പിടികൂടാൻ തമിഴ്നാട്ടിലേക്കു പോയ പൊലീസ് സംഘം വെറും കയ്യോടെ തിരിച്ചെത്തി. യുവതി മരിച്ച് 19 ദിവസം കഴിഞ്ഞിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. കേസന്വേഷണത്തിൽ മനഃപൂർവം ഉഴപ്പിയ ഉദ്യോഗസ്ഥരിൽ നിന്ന് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി ഏറ്റെടുത്തിട്ടും ഇതാണു സ്ഥിതി.
സുകാന്തിന് പൊലീസിലെ ഉന്നതരുമായുള്ള സൗഹൃദമാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുയരുന്ന ആക്ഷേപം. 24ന് ആണ് ചാ ക്കയിലെ റെയിൽവേ ട്രാക്കിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുകാന്ത് യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നും വിശ്വാസവഞ്ചന നടത്തിയെന്നുമാണ് കേസ്.
അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്ന് കണ്ടെത്തിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവും കണക്കിലെടുത്ത് കേസ് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ പേട്ട സ്റ്റേഷനിൽ മാദ്ധ്യമങ്ങളെ കണ്ട ഡിസിപി അന്വേഷണം വേഗത്തിലാക്കുമെന്ന് പ്രതികരിച്ചിരുന്നതാണ്. സുകാന്തിന്റെ വീട്ടിൽനിന്ന് ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് രേഖകൾ ലഭിച്ചിട്ടുണ്ട്.ഐ.ബി ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നതിനാൽ അതിലെ തെളിവുകൾ പൂർണ്ണമായും വീണ്ടെടുക്കാനായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്.
പ്രതിയുടെ ഓഫീസിൽ നിന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച തെളിവുകൾ നിർണായകമാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിൽ ഇയാളുടെ പങ്ക് വ്യക്തമാകാൻ പ്രതിയെ പിടികൂടി ചോദ്യം ചെയ്യണം. പ്രതിക്കൊപ്പം മാതാപിതാക്കളും ഒളിവിലാണ്.
https://www.facebook.com/Malayalivartha