സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടിയുമായി ഇന്റലിജന്‍സ് ബ്യൂറോ: സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിന് നടപടികള്‍ ആരംഭിച്ചു...

ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടിയുമായി ഇന്റലിജന്‍സ് ബ്യൂറോ. സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികള്‍ ആരംഭിച്ചു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഐ ബി ജോയിന്റ് ഡയറക്ടര്‍ക്ക് ഉടന്‍ കൈമാറും എന്നാണ് വിവരം. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിചേര്‍ത്തതോടെയാണ് സുകാന്തിനെതിരെ വകുപ്പുതല നടപടികള്‍ ഐ ബി വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിനാണ് നീക്കം. പ്രൊബേഷന്‍ സമയമായതിനാല്‍ നിയമ തടസ്സങ്ങള്‍ ഇല്ലെന്ന് ഐ ബി വിലയിരുത്തുന്നു. സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസ് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരത്തെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ് മേധാവി അരവിന്ദ് മേനോന്‍ ഐപിഎസിനാണ് മേല്‍നോട്ട ചുമതല. ഐബി ഉദ്യോഗസ്ഥരുടെ മരണശേഷം ഒളിവില്‍ പോയ സുകാന്ത് സുരേഷിനെ ഇനിയും പോലീസിനെ കണ്ടെത്താനായിട്ടില്ല. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്. സുകാന്തിനെ പിടികൂടാൻ തമിഴ്നാട്ടിലേക്കു പോയ പൊലീസ് സംഘം വെറും കയ്യോടെ തിരിച്ചെത്തുകയായിരുന്നു. യുവതി മരിച്ച് 20 ദിവസം കഴിഞ്ഞിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
കേസന്വേഷണത്തിൽ മനഃപൂർവം ഉഴപ്പിയ ഉദ്യോഗസ്ഥരിൽ നിന്ന് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി ഏറ്റെടുത്തിട്ടും ഇതാണു സ്ഥിതി. സുകാന്തിന് പൊലീസിലെ ഉന്നതരുമായുള്ള സൗഹൃദമാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുയരുന്ന ആക്ഷേപം.
24ന് ആണ് ചാ ക്കയിലെ റെയിൽവേ ട്രാക്കിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുകാന്ത് യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നും വിശ്വാസവഞ്ചന നടത്തിയെന്നുമാണ് കേസ്.
https://www.facebook.com/Malayalivartha