മുഖ്യമന്ത്രിയുടെ മകൾ വീണ അഴിമതി കേസിൽ വരുന്ന ദിവസങ്ങളിൽ കോടതിയിൽ ഹാജരാകുന്ന സാഹചര്യത്തിൽ..മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറി നിൽക്കുന്നതാണ് നല്ലതെന്ന് സി പി ഐയിൽ പൊതു അഭിപ്രായം ഉയരുന്നു..

മുഖ്യമന്ത്രിയുടെ മകൾ വീണ അഴിമതി കേസിൽ വരുന്ന ദിവസങ്ങളിൽ കോടതിയിൽ ഹാജരാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറി നിൽക്കുന്നതാണ് നല്ലതെന്ന് സി പി ഐയിൽ പൊതു അഭിപ്രായം ഉയരുന്നു. പിണറായി മുഖ്യമന്ത്രിയായി തുടരുകയും മകൾ കേസിൽ പ്രതിയാവുകയും ചെയ്യുന്ന സാഹചര്യം തീർത്തും ഒഴിവാക്കുന്നതാണ് നല്ലതെന്ന് സി പി ഐ നേതാക്കൾ വിശ്വസിക്കുന്നു. മന്ത്രി വി.ശിവൻകുട്ടിയെ പോലുള്ള പ്രമുഖർ സി പി ഐക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിൽ വിവാദം കൊഴുക്കാനാണ് സാധ്യത.
സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാമെന്ന് വിചാരണക്കോടതി തീരമാനിച്ച സാഹചര്യത്തിലാണ് വീണാവിഷയം വീണ്ടും വിവാദമാകുന്നത്.. കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കും. കേസിൽ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നിർദേശം നൽകി.
തുടര്‍നടപടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെടെയുളളവര്‍ക്ക് കോടതി സമന്‍സ് അയക്കും. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. കേസില്‍ നമ്പറിടുകയാണ് ആദ്യ നടപടി. ശേഷം എസ്എഫ്ഐഒ പ്രതിചേര്‍ത്ത ഒന്നാം പ്രതി സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത മുതല്‍ 11ാം പ്രതി ടി. വീണ ഉള്‍പ്പെടെയുളളവര്‍ക്ക് സമന്‍സ് അയക്കും. ഇതില്‍ നാല് പ്രതികള്‍ നാല് കമ്പനികളാണ്.
അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം. മാസപ്പടി കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പിനായി ഇഡി കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാവും പകർപ്പ് ഇ.ഡിക്ക് കൈമാറുക. കേസിൽ പിഎംഎൽഎ, ഫെമ കുറ്റങ്ങൾ ചുമത്തുന്ന സാഹചര്യമുണ്ടായാൽ സിഎംആർഎൽ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇഡിക്ക് കടക്കാൻ കഴിയും. ഇ.ഡി യുടെ കടന്നു വരവ് പിണറായിയെ ശരിക്കും. ഭയപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾ തനിക്കെതിരെ നീങ്ങുമെന്ന ഉത്തമ വിശ്വാസത്തിലാണ് മുഖ്യമന്ത്രിയുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട കേസില്‍ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക് നീങ്ങുകയാണ്.. കേസിനെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നു പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്നും എക്‌സാലോജിക് കേസ് എല്‍ഡിഎഫിന്റെ കേസ് അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
വീണാ വിജയന്റെ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണയ്ക്ക് അറിയാം. എല്‍ഡിഎഫും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്‍ഡിഎഫ് യോഗത്തിലാണ് പറയേണ്ടിയിരുന്നത്. ഇത്തരം കാര്യങ്ങള്‍ പറയാന്‍ പ്രതിപക്ഷ നേതാവ് ഇവിടെ ഉണ്ടെന്നും മന്ത്രി പറഞ്ഞു.അതായത് പ്രതിപക്ഷ നേതാവ് പൂർണമായും മൗനം പാലിച്ച വിഷയത്തിൽ ബിനോയ് വിശ്വം നടത്തിയത് അധികപ്രസംഗമാണെന്നാണ് ശിവൻ കുട്ടി പറയുന്നത്.
‘‘വീണാ വിജയന്റെ പേരില്‍ രാഷ്ട്രീയദുഷ്ടലാക്കോടു കൂടി കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ കേസെടുക്കുകയാണ്. കേസുകള്‍ അന്വേഷണത്തിന്റെ പാതയിലും കോടതിയുടെ പരിഗണനയിലുമാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ വീണാ വിജയന്റെ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണാ വിജയന് അറിയാം. ബിനോയ് വിശ്വം വ്യതസ്ത നിലപാട് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. എല്‍ഡിഎഫ് യോഗത്തിലാണ് പറയേണ്ടിയിരുന്നത്. പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ എന്നു പറയാന്‍ പാടില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ പുതിയ കണ്ടുപിടിത്തം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവായ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ എന്നാണ് എല്ലാവരും പറയുന്നത്. കാബിനറ്റ് അജന്‍ഡയില്‍ അടിച്ചുവരുന്നതും അങ്ങനെ തന്നെയാണ്. ബിനോയ് വിശ്വം മുഖ്യമന്ത്രി ആയാലും, അങ്ങനെ തന്നെയാവും സര്‍ക്കാര്‍ അറിയപ്പെടുക. അതിലൊന്നും ഒരു അസൂയയുടെയും കുശുമ്പിന്റെയും കാര്യമില്ലെന്നേ പറയാനുള്ളു.' - ശിവന്‍കുട്ടി പറഞ്ഞു.
വീണയ്‌ക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അതിനെ പ്രതിരോധിക്കുമെന്നും സിപിഎം ആവര്‍ത്തിക്കുന്നതിനിടെ ആ ബാധ്യത തങ്ങള്‍ക്കില്ലെന്ന പരസ്യനിലപാടു സിപിഐ എടുത്തതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. വീണയ്‌ക്കെതിരായ കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായി കാണണമെന്നും രാഷ്ട്രീയമായി ശക്തമായി ചെറുക്കണമെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ വീണാ വിജയന്റെ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടും രണ്ടാണെന്നും കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിന്റെ തെറ്റും ശരിയും കമ്പനി നിയമപ്രകാരം തീരുമാനിക്കേണ്ടതാണെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ മകള്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. അവര്‍ക്ക് കമ്പനി ആരംഭിക്കാനും മറ്റൊരു കമ്പനിയുമായി കരാറിലേര്‍പ്പെടാനും അവകാശമുണ്ട്. എന്നാല്‍, ആ കമ്പനിയുടെ ഓരോ ഇടപാടിനെക്കുറിച്ചും ഞങ്ങള്‍ക്ക് അറിയില്ല. അതില്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല. 2 കമ്പനികളുടെ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വിഷയം അതിന്റെ വഴിക്കു പോകട്ടെ. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന രീതിയുണ്ട്. ആ നിലയില്‍ എല്‍ഡിഎഫിനെ ആക്രമിക്കാനുള്ള വടിയാക്കി മാറ്റാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
അതായത് മുഖ്യമന്ത്രിയെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സി പി ഐക്ക് മടുത്തു കഴിഞ്ഞു. സി പി ഐ യുടെ കമ്മറ്റികളിൽ മുഖ്യമന്ത്രിക്കെതിരെ അതി നിശിത വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാദം സർക്കാരിനെ ഒന്നടങ്കം ദോഷകരമായി ബാധിക്കുന്നതായി സി പി ഐ കരുതുന്നു. ഇത്തരം ഒരു സാഹചര്യം ഇടതു മുന്നണി സർക്കാർ പൊതുവേ അഴിമതി സർക്കാരാണെന്ന പ്രതീതി ജനിപ്പിച്ചിരിക്കുന്നു. ഇത് സി പി ഐക്ക് ദോഷം ചെയ്യും എന്ന അഭിപ്രായമാണ് സി പി ഐക്കുള്ളത്. തങ്ങളുടെ ഇമേജിനെ ബാധിക്കുന്നതായും സി പി ഐ കരുതുന്നു. ബിനോയ് വിശ്വം ഇമേജിന്റെ തടവുകാരനാണ്. അദ്ദേഹം അഴിമതിയെ എക്കാലവും എതിർത്തിട്ടെയുള്ളു. സി പി ഐ മന്ത്രിമാരെല്ലാം അഴിമതിക്കെതിരെ സംസാരിക്കുന്നവരാണ്. ഇവർക്ക് സർക്കാർ അഴിമതിയുടെ പേരിൽ ചീത്ത പേര് കേൾപ്പിക്കരുതെന്ന ആഗ്രഹം മാത്രമാണുള്ളത്.
പിണറായിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്ന തരത്തിലുള്ള പ്രസ്താവനകൾ ജനങ്ങൾ വിശ്വസിക്കുകയില്ലെന്ന് സി പി ഐക്കറിയാം. കേന്ദ്ര സർക്കാരിൽ പിണറായിക്ക് അസാമാന്യമായ സ്വാധീനമുണ്ടെന്ന് സി പി ഐ കരുതുന്നു. എന്നിട്ടും ഇര ആരോപണം ഉന്നയിക്കുകയാണെങ്കിൽ അത് സി പി എം സഹിക്കട്ടെ എന്നാണ് ബിനോയ് പറയുന്നത്.
ബിനോയ് വിശ്വം സി പി ഐ യോഗങ്ങളിൽ മൂക സാക്ഷി മാത്രമാണെന്ന് സി പി ഐ നേതാക്കൾ പറയുന്നത്. ബിനോയിയെ മുഖ്യമന്ത്രിയുടെ ആളായാണ് നേതാക്കൾ കരുതുന്നത്. സംസ്ഥാന കമ്മറ്റി പക്ഷേ മുഖ്യമന്ത്രിക്ക് എതിരാണ്. മന്ത്രിസഭ യോഗങ്ങളിൽ മന്ത്രി പി. പ്രസാദിനെ മുഖ്യമന്ത്രിയുമായി ഉടക്കാൻ ചട്ടം കെട്ടിയത് സി പി ഐ നേതാക്കളാണ്. . ഇത് ഒരു ടെസ്റ്റ് ടോസാണ്. ഇനി എല്ലാ മന്ത്രിസഭായോഗങ്ങളുടെയുംഅവസ്ഥ ഇതായിരിക്കും. പ്രസാദ് ഉടക്കിയിട്ടും ബിനോയ് തടസം നിന്നില്ല.
സ്വകാര്യ സർവ്വകലാശാല ബില്ലിലാണ് സി പി ഐ ആശങ്കയുമായി രംഗത്തെത്തിയത് .എന്നിട്ടും ബിൽ നടപ്പാക്കാൻ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ ഇല്ലായിരുന്നു.മന്ത്രി പ്രസാദിന്റെ ആശങ്ക വെറും ശങ്ക മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇത് വെറും ആശങ്കയല്ലെന്ന് പ്രസാദ് പറഞ്ഞു. എങ്കിൽ മന്ത്രി ബിന്ദു വരട്ടെയെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അങ്ങനെ കൂടുതൽ ചർച്ചക്കായി ബിൽ മാറ്റി വെച്ചു. പക്ഷേ ബിൽ നടപ്പക്കാൻ തീരുമാനമായി.ഇത്തരം സംഭവങ്ങൾ പിണറായിയുടെ കാബിനറ്റിൽ അപൂർവമായി മാത്രമേ നടക്കാറുള്ളു.
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.. ഉന്നത വിദ്യാഭ്യാസമന്ത്രി ആ ബിന്ദു കാബിനറ്റ് യോഗത്തിൽ പങ്കെടുത്തില്ല. മന്ത്രി ബംഗ്ളൂരുവിലായിരുന്നു. സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ് സി എസ് ടി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ സംവരണമുണ്ടാകും. അതേ സമയം ഫീസിൽ സർക്കാറിന് നിയന്ത്രണമുണ്ടാകില്ല.ബ്രൂവറി അനുമതിക്കു പിന്നാലെ ഘടകകക്ഷികളെ മുഖവിലക്കെടുക്കാതെയുള്ള സിപിഐം തീരുമാനത്തിനെതിരെ പല കക്ഷികള്‍ക്കും അതൃപ്തിയുണ്ടെന്ന വിലയിരുത്തലുമുണ്ട്. പല വിഷയങ്ങളിലും പിണറായി ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നു എന്നാണ് സി പി ഐ നേതാക്കളുടെ പരാതി.
ബ്രൂവറി വിഷയത്തിൽ ഉൾപ്പെടെ മുന്നണിയിൽ ഒരു ചർച്ചയും കൂടാതെയാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. എ.കെ. ശശീന്ദ്രനെയും റോഷി അഗസ്റ്റിനെയും പോലുള്ള ഘടകകക്ഷി മന്ത്രിമാർ പിണറായിയെ കാണുമ്പോൾ തന്നെ പേടിച്ച് മിണ്ടാതിരിക്കും. മന്ത്രി കെ. രാജനും ഒരു പരിധിക്ക് അപ്പുറം മുഖ്യമന്ത്രിയുമായി സംസാരിക്കുകയില്ല. എന്നാൽ പ്രസാദ് അങ്ങനെയല്ല.തനിക്ക് പറയാനുള്ള കാര്യങ്ങൾ മുത്തു നോക്കി പറയാനുള്ള ആർജവം അദ്ദേഹത്തിനുണ്ട്. ഇക്കാര്യം പിണറായിക്കും അറിയാം. അതാണ് പ്രസാദിനെ അവഗണിക്കാൻ അദ്ദേഹം ശ്രമിക്കാതിരുന്നത്.
കേരളത്തിൽ തുടങ്ങുന്ന സ്വകാര്യ സർവകലാശാലകൾ വമ്പൻ ടൗൺഷിപ്പുകളാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. സർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്, വിനോദ, പാർപ്പിട കേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ഗവേഷണകേന്ദ്രങ്ങൾ, തൊഴിൽശാലകൾ എന്നിവ നിർമ്മിക്കാൻ അനുമതി നൽകും. ഇതോടെ വാഴ്സിറ്റികൾക്ക് ചുറ്റുമുള്ള പ്രദേശം സംയോജിത ടൗൺഷിപ്പുകളായി വളരും.
അഞ്ചുവർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്തെവിടെയും വാഴ്സിറ്റികൾക്ക് ഓഫ് കാമ്പസുകളും സ്റ്റഡി സെന്ററുകളും തുടങ്ങാനാവും. ഇത്തരം ടൗൺഷിപ്പുകൾ വരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ വികസിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ അത് സി പി ഐക്ക് സഹിക്കുന്നില്ല.
ഇത്തരത്തിൽ വിവാദങ്ങൾ വളരുന്നതിനിടയിലാണ് വീണക്കെതിരായ വിവാദം കത്തിയത്. അതോടെ സി പി ഐ നേതാക്കൾക്ക് പായസം കുടിച്ച പ്രരീതിയുണ്ടായി. ഒരാൾക്ക് വേണ്ടി സർക്കാരിനെ ബലി കൊടുക്കുന്നത് എന്തിനാണെന്നാണ് സി പി ഐ നേതാക്കളുടെ ചോദ്യം. അതിനാൽ വരും ദിവസങ്ങളിൽ കാതലായ ഒരു ചോദ്യം ഉയരാം.ഒരാൾക്ക് വേണ്ടി എന്തിന് എല്ലാവരും ബലിയാടാവണം?
https://www.facebook.com/Malayalivartha