മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും..എൻഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്..

യുഎസ് ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക അന്വേഷണസംഘമാണു റാണയെ കസ്റ്റഡിയിൽ വാങ്ങി കൊച്ചിയിൽ എത്തിക്കുന്നത്. എൻഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്.റാണയെ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തു ചോദ്യം ചെയ്യുന്നതു തുടരവേ കൊച്ചിയിൽ ഇയാളെ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്.
ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം. 2008 നവംബർ 16,17 തീയതികളിൽ കൊച്ചി മറൈൻഡ്രൈവിലെ താജ് റസിഡൻസി ഹോട്ടലിൽ റാണ തങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരെക്കാണാനാണു റാണ അന്നെത്തിയത്, ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദർശനലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളിൽ ഫോണിൽ ബന്ധപ്പെട്ടു തുടങ്ങിയ നിർണായക വിവരങ്ങളിൽ വ്യക്തത വരുത്താനാണു ശ്രമിക്കുന്നത്. ഈ ദിവസങ്ങളിൽ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
റാണ കേരളത്തിൽ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്നും ഇതിനു മുൻപും കേരളത്തിൽ എത്തിയിട്ടുണ്ടോ എന്നും ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും.റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങൾ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് എൻഐഎ. കൊച്ചിയിൽ എത്തും മുൻപ് പ്രമുഖ ഇംഗ്ലിഷ് പത്രത്തിൽ റാണയുടെ പേരിൽ വിദേശ റിക്രൂട്മെന്റ് പരസ്യം നൽകിയിരുന്നതായും ഹോട്ടൽ മുറിയിൽ ഇന്റർവ്യൂ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.2008ലെ ബെംഗളൂരു സ്ഫോടനത്തിലും കേരളത്തില്‍നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തകേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കും.
2008 നവംബര്‍ 16-നാണ് തഹാവൂര്‍ റാണ കേരളത്തിലെത്തിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു താമസം. കൊച്ചിയില്‍ താമസിച്ച വേളയില്‍ 13 ഫോണ്‍നമ്പറുകളിലാണ് റാണ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ആ നമ്പറുകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. നിലവില്‍ റാണ കസ്റ്റഡിയിലുള്ളതിനാല്‍ ഈ നമ്പറുകളെക്കുറിച്ചും കേരളത്തിലെ സന്ദര്‍ശനത്തെക്കുറിച്ചും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനുമാണ് നീക്കം.
https://www.facebook.com/Malayalivartha