യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍. കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലിയായി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു കുരിശു ചുമന്ന് കാല്‍വരി കുന്നിലേക്ക് സ്വയം മരണത്തിലേക്ക് നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു.
കുരിശിന്റെ രഹസ്യവും മഹത്വവും ദൈവിക പദ്ധതിയില്‍ അതിനുള്ള സ്ഥാനവും വ്യക്തമാക്കുന്ന പ്രാര്‍ഥനകളും കര്‍മങ്ങളുമാണ് ക്രിസ്തീയ ദേവാലയങ്ങളില്‍ ദുഃഖ വെള്ളിയാഴ്ച ദിവസം നടക്കുന്നത്. ദേവാലയങ്ങളില്‍ നടക്കുന്ന തിരുകര്‍മങ്ങളില്‍ പ്രധാനം പീഡാനുഭവ വായനയാണ്. പീലാത്തോസിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മുതല്‍ അവിടുത്തെ മൃതശരീരം അടക്കം ചെയ്യുന്നതു വരെയുള്ള സംഭവങ്ങള്‍ പീഡാനുഭവ വായനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുരിശിന്റെ വഴി, വി. കുരിശിന്റെ അനാച്ഛാദനം, ആരാധന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നിവയും ചടങ്ങുകളിലുണ്ട്.
അതേസമയം യേശു, ഭൂമിയിലെ തന്റെ ജീവിതത്തിലെ അവസാന പെസഹ ആചരിച്ചതിനു ശേഷം ഗത്സമനേ തോട്ടത്തില്‍ എത്തി പ്രാര്‍ത്ഥനയിലായിരിക്കാനാണു ശ്രമിച്ചത്. അടുത്ത ദിവസം തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ദിവസമാണെന്നും തന്റെ ജീവന്‍ നഷ്ടപ്പെടുവാന്‍ പോകയാണെന്നും അതികഠിനമായ മാനസിക-ശാരീരിക വേദനകള്‍ താന്‍ അനുഭവിക്കാനായി പോകയാണെന്നും യേശുവിന് അറിയാമായിരുന്നു.
പിറ്റേ ദിവസം നടപ്പാകുന്ന മരണശിക്ഷയിലൂടെ കടന്നു പോകുമ്പോള്‍ വേദന അനുഭവിക്കേണ്ടി വരുമോ, പെട്ടെന്നു തന്നെ ജീവന്‍ വേര്‍പെട്ട് വേദന അറിയാത്ത സ്ഥിതിയിലാവുമോ എന്നൊക്കെ മരണത്തെകുറിച്ചുള്ള ഭയാനകമായ ചിന്തകള്‍ മാത്രമായിരിക്കും ആ വ്യക്തിക്ക് ഉണ്ടാവുക. യേശുവും ആ കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. ഗത്മന തോട്ടത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ യേശുവിനെ കുറിച്ച് ബൈബിളില്‍ പറയുന്നത് ഇപ്രകാരമാണ്; പത്രോസിനേയും യോഹന്നാനേയും കൂട്ടിക്കൊണ്ട് ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി എന്നാണ്.
അതേ, യേശുവിന് ഭയമുണ്ടായിരുന്നു. തുടര്‍ന്നു വീണ്ടും എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; എന്റെ ഉള്ളം മരണവേദന പോലെ അതി ദുഖിതമായിരിക്കുന്നു. ഇവിടെ പാര്‍ത്തു ഉണര്‍ന്ന് ഇരിപ്പിന്‍ എന്ന് അവരോടു പറഞ്ഞു എന്ന്
യാതൊരു കുറ്റവും ചെയ്യാത്ത താന്‍ പിടിക്കപ്പെടുവാനും അതി കഠിനമായ അപമാനത്തിനും ശാരീരിക വേദനകള്‍ക്കും വിധേയനാകാന്‍ പോകയാണെന്ന് അറിഞ്ഞിട്ട് ഏതൊരു സാധാരണ മനുഷ്യനേയും പോലെ യേശുവും മരണവേദനയ്ക്കു തുല്യമായ മാനസിക വേദന അനുഭവിച്ചിരുന്നു.
അവയൊക്കെ താന്‍ മാത്രമായി അനുഭവിക്കുകയും സഹിക്കുകയും വേണമെന്ന് അറിയാമായിരുന്നെങ്കിലും ആ അതിവേദനയുടെ സമയത്ത് ആരെങ്കിലും കൂട്ടിനുണ്ടായിരുന്നെങ്കില്‍ എന്ന് ഏതൊരു സാധാരണ മനുഷ്യനെപ്പോലെ ദൈവപുത്രനും ആഗ്രഹിച്ചിരുന്നു എന്നതിനു തെളിവാണ് തന്റെ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകള്‍. ഇവിടെ പാര്‍ത്ത് ഉണര്‍ന്നിരിപ്പിന്‍ എന്നാണ് അവരോട് ആവശ്യപ്പെട്ടത്. പിന്നീട് നിലത്തു കവിണ്ണു വീണു പ്രാര്‍ത്ഥിക്കുന്നത് സ്വന്തം പിതാവായ ദൈവത്തോടാണ്. അബ്ബാ..പിതാവേ നിനക്ക് എല്ലാം കഴിയും, ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ. എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതു പോലെയല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞാണ് പ്രാര്‍ത്ഥിച്ചത്. അപ്രകാരമുള്ള അതികഠിനമായ അധിക്ഷേപത്തിലൂടെയും ശാരീരിക വേദനകളിലൂടെയും കടന്നു പോകാന്‍ ആരും ആഗ്രഹിക്കില്ല.
യേശുവും അത് അവങ്കല്‍ നിന്നു മാറിക്കിട്ടുവാന്‍ ആഗ്രഹിച്ചിരുന്നു. എന്നാലും പിതാവിന് ഇപ്രകാരം നടത്താനാണ് ഇഷ്ടമെങ്കില്‍ പൂര്‍ണ്ണ വിധേയത്വത്തോടെ തന്റെ പൂര്‍ണ്ണ മനസ്സമ്മതം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ദുഖവെള്ളി ക്രൈസ്തവരുടെ പ്രത്യാശാ ദിവസം ആയി മാറുവാനുള്ള ഏറ്റവും വലിയ കാരണം ഇതു തന്നെയാണ്. പാപത്തിലൊഴികെ മറ്റ് എല്ലാ കാര്യത്തിലും എല്ലാ മനുഷ്യരെയും പോലെ പരീക്ഷിക്കപ്പെട്ടവനാണ് ക്രിസ്തു എന്നും നാം കടന്നു പോകുന്ന എല്ലാ ദുര്‍ഘട ഘട്ടങ്ങളിലെയും ശാരീരികവും മാനസികവുമായ വേദനയുടെ ആഴം മനസ്സിലാക്കാന്‍ കഴിയുന്ന ദൈവമാണ് ക്രിസ്തു എന്നതും ഓരോ വിശ്വാസിക്കും പ്രത്യാശ നല്‍കുന്ന വസ്തുതയാണ്.
അവന്‍ സകല സുഖത്തിലും സ്വര്‍ഗ്ഗത്തിലിരിക്കുന്നവനായ ദൈവ പുത്രനാകയാല്‍ സാധാരണ മനുഷ്യരുടെ വേദനയുടെ ആഴം മനസ്സിലാക്കാന്‍ കഴിവില്ലാത്ത ദൈവമാണെന്ന് ആര്‍ക്കും പറയാനാവില്ല. ഓരോ വിശ്വാസിയുടെയും വേദനകളുടെ ആഴം മനസ്സിലാക്കാനാവും വിധം കഠിന വേദനയും അപമാനവും അവന്‍ അനുഭവിച്ചു കഴിഞ്ഞതാണ്. അതു കൊണ്ട് തന്നെ നമ്മുടെ വേദനയില്‍ നിന്നും വിടുതല്‍ തരണമെന്ന് അവനോട് അപേക്ഷിക്കാനായി ധൈര്യത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലാമെന്നതാണ് ഓരോ ക്രൈസ്തവ വിശ്വാസിയുടെയും പ്രത്യാശ. അതു കൊണ്ടു തന്നെ ദുഖവെള്ളി ക്രൈസ്തവര്‍ക്ക് ദുഖ വെള്ളിയല്ല മറിച്ച് ഗുഡ് ഫ്രൈഡേ എന്ന നല്ല വെള്ളിയാഴ്ച തന്നെയാണെന്നു പറയാം.
https://www.facebook.com/Malayalivartha