മുഖ്യമന്ത്രിയുടെ നീന്തൽ കുളത്തിന് 4 ലക്ഷം; ഇടംവലം നോക്കാതെ മുഹമ്മദ് റിയാസ്, ധനമന്ത്രിക്കും മൗനം സമ്മതം

മുഖ്യമന്ത്രിയുടെ നീന്തൽ കുളത്തിന് നാലു ലക്ഷം. ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണമനുവദിച്ചു എന്ന റിപ്പോർട്ട് പുറത്ത്. നീന്തൽ കുളത്തിൻ്റെ ആറാം ഘട്ട വാർഷിക പരിപാലനത്തിനാണ് ഊരാളുങ്കലിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പണം അനുവദിച്ചത്.
4,43,721 രൂപയാണ് അനുവദിച്ചത്. ക്ലിഫ് ഹൗസിലെ നീന്തൽകുള പരിപാലനത്തിന്റെ പേരിൽ ഇത് ആറാമത്തെ തവണയാണ് പണം അനുവദിക്കുന്നത്. ഒന്നാം ഘട്ട വാര്‍ഷിക പരിപാലനത്തിന് 2,28,330 രൂപ, രണ്ടാം ഘട്ടം വാര്‍ഷിക പരിപാലനത്തിന് 2,51,163 രൂപ, മൂന്നാം ഘട്ട വാര്‍ഷിക പരിപാലത്തിന് 3, 84, 356 രൂപ, നാലാം ഘട്ടത്തിന് 3, 84, 356 രൂപയാണ്, അഞ്ചാം ഘട്ടത്തിനും 3,84,356 രൂപ എന്നിങ്ങനെയാണ് നേരത്തെ ഖജനാവിൽ നിന്ന് ഫണ്ട് കണ്ടെത്തിയത്.
ഇത് ആറാമത്തെ നവീകരണമാണിപ്പോൾ നടക്കാൻ പോകുന്നത്. ഉപയോഗ ശൂന്യമായ കിടന്നിരുന്ന ക്ലിഫ് ഹൗസിലെ നീന്തൽ കുളം 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷമാണ് ഊരാളുങ്കൽ വഴി നവീകരിച്ചത്. ശേഷം വാർഷിക പരിപാലനം നടത്തി വരുകയാണ്.
ഊരാളുങ്കൽ സൊസൈറ്റിയാണ് ഈ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം ക്ലിഫ് ഹൗസിൽ 2 കോടിക്ക് മുകളിൽ നവീകരണ പ്രവർത്തനം നടത്തിയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 4.40 ലക്ഷം രൂപയ്ക്കാണ് ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിച്ചത്.
42 ലക്ഷം രൂപയുടെ കാലിതൊഴുത്തും രണ്ട് നില മാത്രമുള്ള വീടിന് ലിഫ്റ്റ് നിർമ്മിച്ചതും വിവാദമായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ പ്രവർത്തകരും സിപിഒ ഉദ്യോഗാർത്ഥികളും സമരം ചെയ്തുകൊണ്ടിരിക്കെ തന്നെയാണ് ഈ വിവരം പുറത്ത് വന്നത് എന്നത് സമർക്കാർക്കിടയിലും വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കാരണമാണ് സമരക്കാരുടെ ആവിശ്യങ്ങൾ ഒന്നും പരിഗണിക്കാതിരുന്നതെന്ന് പറയുന്ന അതേ സമയമാണ് ക്ലിഫ് ഹൗസിൽ ആരുമുപയോഗിക്കാതിരിക്കുന്ന നീന്തൽക്കുളത്തിന് ലക്ഷങ്ങൾ അനുവദിക്കുന്നതെന്നതാണ് ജനങ്ങളെ ചൊടിപ്പുക്കുന്നത്.
https://www.facebook.com/Malayalivartha