ഗവിയില്‍ വിനോദയാത്രയ്ക്ക് പോയി വനത്തില്‍ കുടുങ്ങിയവരെ തിരികെ എത്തിച്ചു

കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം പാക്കേജില്‍ ഗവിയില്‍ വിനോദയാത്രക്ക് പോയി വനത്തില്‍ കുടുങ്ങിയ യാത്രക്കാരെ തിരികെ എത്തിച്ചു. 38 പേരുമായി ചടയമംഗലത്ത് നിന്ന് പോയ ബസാണ് മണിക്കൂറുകളോളം വനത്തില്‍ കുടുങ്ങിയത്. ബസിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ കുടുങ്ങിയത്. പകരം ബസ് എത്തിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് യാത്രക്കാര്‍ പറയുന്നു. വൈകിട്ട് അഞ്ചരയോടെയാണ് ആളുകളെ ജനവാസ മേഖലയില്‍ എത്തിക്കാനായത്.
വിനോദയാത്ര സംഘത്തിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ഗവി പാതയില്‍ കുടുങ്ങിയത്. ചടയമംഗലത്ത് നിന്ന് ഇവര്‍ പുറപ്പെട്ട കെ.എസ്.ആര്‍,ടി,സി ബസ് 11 മണിയോടെ വനമേഖലയിലെ നാല്പത് എന്ന സ്ഥലത്ത് വച്ച് കേടായി. പത്തനംതിട്ടയില്‍ നിന്ന് മൂന്നരയോടെ പകരമൊരു ബസെത്തിയെന്നും എന്നാല്‍ ആ വണ്ടിയ്ക്കും കേടുപാടുകള്‍ സംഭവിച്ചെന്ന് യാത്രക്കാര്‍ വ്യക്തമാക്കി. ശക്തമായ മഴ പെയ്തതും യാത്രക്കാരെ പരിഭ്രാന്തരാക്കി. ഒടുവില്‍ വൈകിട്ട് അഞ്ചരയോടെ കുമളിയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് യാത്രക്കാരെ മൂഴിയാറിലെ ജനവാസ മേഖലയില്‍ എത്തിക്കാനായത്.
ഇന്ന് പുലര്‍ച്ചെ ചടയമംഗലത്ത് നിന്നും വിനോദയാത്രാ സംഘവുമായി ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് പതിനൊന്നരയോടെ മൂഴിയാറിലെ വനമേഖലയില്‍ തകരാറിലായത്. കനത്ത മൂടല്‍മഞ്ഞും മഴയും ആശങ്ക വര്‍ധിപ്പിച്ചു. യാത്രക്കാരെ തിരികെയെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി.
മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കുമളിയില്‍ നിന്ന് വന്ന ട്രിപ്പ് ബസ്സില്‍ യാത്രക്കാരെ മൂഴിയാറില്‍ എത്തിച്ചത്. 38 യാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും കെഎസ്ആര്‍ടിസി ലഭ്യമാക്കിയിട്ടുണ്ട്. യാത്ര പകുതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കും. സിഎംഡിയുടെ അനുമതി ലഭിച്ചശേഷം ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കുക.
https://www.facebook.com/Malayalivartha