എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ

കൊച്ചിയില്‍ ഡാന്‍സാഫിന്റെ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോ എവിടെയെന്ന ചോദ്യത്തിന് തന്റെ എക്സ്‌ക്ലൂസിവ് ദൃശ്യങ്ങളെന്ന പേരില്‍ പരിഹാസ സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് താരം. പൊലീസ് അന്വേഷണം നടന്നുവരവെയാണ് ഷൈനിന്റെ സ്റ്റോറി.
ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ പങ്കുവച്ചത്. ഹോട്ടലില്‍നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. 'ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്‌സ്‌ക്ലൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍' എന്ന് കുറിച്ചാണ് ഷൈന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ട്വന്റി 20 എന്ന സിനിമയില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും മോഹന്‍ലാല്‍ സ്വിമിങ് പൂളിലേക്ക് ചാടുന്നതാണ് മറ്റൊരു വിഡിയോ. ഷൈന്‍ ടോം ചാക്കോയും വിന്‍ സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'സൂത്രവാക്യം' എന്ന ചിത്രത്തിന്റെ പോസ്റ്ററും ഷൈന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു നടന്‍ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു ഈ വെളിപ്പെടുത്തലെങ്കിലും പിന്നാലെ പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നു. സിനിമാ സംഘടനകള്‍ക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും നടി പരാതി നല്‍കിയിരുന്നു. ഈ പരാതിയിലൂടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.
ഇ-മെയില്‍ വഴിയാണ് വിന്‍സി പരാതി നല്‍കിയത്. പിന്നാലെ പരാതി പരിഹരിക്കാന്‍ അമ്മ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിനു മോഹന്‍, അന്‍സിബ ഹസന്‍ , സരയു എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയില്‍ എന്തോ ഒരു വെള്ള പൊടി വായില്‍ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. നടന്‍ സിനിമാസെറ്റില്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂര്‍ത്തിയാക്കിയത് സഹപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നെന്നും വിന്‍സി പറയുന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു.
വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാനും എക്‌സൈസ് തീരുമാനിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ തേടുക. പരാതി ഉണ്ടെങ്കില്‍ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്സൈസാണ് വിവരങ്ങള്‍ ശേഖരിയ്ക്കുക.വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കാനാവില്ല. വിന്‍സിയില്‍ നിന്നും കൂടുതല്‍ വിവരങ്ങളും തെളിവുകളും ലഭിച്ചാല്‍ മാത്രം കേസ് എടുക്കും.
അതേസമയം, ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് നടനെ ചോദ്യം ചെയ്‌തേക്കും. നോട്ടിസ് നല്‍കി വൈകാതെ ഷൈന്‍ ടോം ചാക്കോയോട് ഹാജരാകാന്‍ നിര്‍ദേശിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. താമസിച്ചിരുന്ന ഹോട്ടലില്‍ ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ എന്തിനാണ് നടന്‍ പിന്‍വശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്നാണ് പൊലീസിന് അറിയേണ്ടത്.
https://www.facebook.com/Malayalivartha