അഭിറാമിന്റെ മരണം; ആനത്താവള സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണ്തകർന്നത് ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ട്; സംഭവിച്ചത് വൻ വീഴ്ച

കോന്നി ആനക്കൊട്ടിലില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന്‍ മരിച്ച സംഭവം. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ചത് വൻ വീഴ്ച. പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ല. സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച പറ്റിയെന്നുമാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന വിവരം. അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച വനംമന്ത്രിക്ക് കൈമാറും.
കഴിഞ്ഞ ദിവസമാണ് അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിറാം കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് മരണപ്പെട്ടത്. ഇളകി നില്‍ക്കുകയായിരുന്ന തൂണില്‍ പിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
രാവിലെ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കല്ലേലി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. തലയിൽ ആന്തരിക രക്തസ്രാവമുണ്ടായി. നെറ്റിയിലും തലയുടെ പുറകിലുമുള്ള പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha