കടുത്ത നടപടിയിലേക്ക്... ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസില്‍ കഥ തെളിയാന്‍ സജീറിനെ തേടി പോലീസ്, വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍ നടക്കുകയാണ്. സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മറ്റി യോഗവും ഫിലിം ചേംബറിന്റെ യോഗവും ഇന്ന് ചേരും.സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട ദുരനുഭവത്തില്‍ ഇന്റേണല്‍ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സിനിമ സംഘടനകള്‍.
ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. ഐസിയില്‍ ഉയര്‍ന്നുവന്ന തീരുമാനങ്ങള്‍ അടക്കം ചേംബറില്‍ ചര്‍ച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികള്‍ അറിയിക്കും. ഇതിനിടെ, വിന്‍സി ഉന്നയിച്ച പരാതിയില്‍ ഷൈന്‍ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നല്‍കിയില്ല.
വിഷയത്തില്‍ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുന്‍പാകെ വിശദീകരണം നല്‍കാന്‍ ഷൈനിനു നല്‍കിയ സമയം അവസാനിച്ചു. ഷൈനിന്റെ അച്ഛന്‍ മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്‌ഹോക്ക് കമ്മറ്റി മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യും. കൊച്ചിയില്‍ നടക്കുന്ന ഐസി യോഗം കൂടി പരിഗണിച്ച് സംഘടന ഷൈനിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയേക്കും.
അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളെ എക്‌സൈസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡില്‍ കഴിയുന്ന തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഇവരുടെ സഹായി ഫിറോസ് എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യും. ഇതിനുശേഷം ഇവര്‍ തങ്ങിയിരുന്ന കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും.
കേസുമായി ബന്ധപ്പെട്ട 25ലധികം പേരെയാണ് എക്‌സൈസ് ഇതുവരെ ചോദ്യം ചെയ്തത്. ലഹരി കേസില്‍ കൊച്ചിയില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോ, തസ്ലീമയുമായി ബന്ധമുണ്ടെന്ന് മൊഴി നല്‍കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടക്കം എക്‌സൈസ് വ്യക്തത വരുത്തും.പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെ തസ്ലിമ പേര് വെളിപ്പെടുത്തിയ സിനിമ നടന്മാര്‍ക്ക് നോട്ടീസ് അയക്കുകയുള്ളു. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലോടെ കൂടുതല്‍ സിനിമാക്കാര്‍ നിരീക്ഷമത്തിലാണ്.
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസില്‍ പോലീസ് തിരയുന്നത് മയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി സജീറിനെ. കുറച്ചുകാലമായി പോലീസ് 'റഡാറി'ലുള്ള സജീറിനെ കിട്ടിയാല്‍ കേസിലെ കഥ തെളിയുമെന്നാണ് കരുതുന്നത്.
സജീറിനെ തേടിയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി ഡാന്‍സാഫ് സംഘം എറണാകുളം നോര്‍ത്തിലെ പിജിഎസ് വേദാന്ത ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. ഇയാള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സജീര്‍ കൊച്ചിയിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
കൊച്ചിയില്‍ ലഹരിക്കേസില്‍ പിടിയിലായവരുടെ മൊഴികളില്‍നിന്നാണ് സജീറിനെക്കുറിച്ച് സൂചന കിട്ടുന്നത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ബുധനാഴ്ച രാത്രി ഡാന്‍സാഫ് സംഘത്തെ വേദാന്ത ഹോട്ടലിലെത്തിച്ചത്.
രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ഷൈന്‍ ടോം ചാക്കോ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായത്. സജീറുമായി ഷൈനിന് ബന്ധമുണ്ടോയെന്ന കാര്യമാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഒന്നും ലഭിക്കാത്തതിനാല്‍ കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് മറ്റു തെളിവുകള്‍ തേടേണ്ടിവരും. ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന മറ്റു മയക്കുമരുന്ന് കച്ചവടക്കാരെക്കുറിച്ചുള്ള വിവരവും അന്വേഷിച്ചുവരികയാണ്. പോലീസും എക്‌സൈസും സജീറിനായുള്ള തിരച്ചില്‍ വ്യാപകമാക്കി.
തിങ്കളാഴ്ച രാവിലെ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ ഷൈനിനെ ചോദ്യംചെയ്ത എസിപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാകും വീണ്ടും ചോദ്യംചെയ്യേണ്ട തീയതിയും മറ്റും തീരുമാനിക്കുക.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ശനിയാഴ്ച എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈനിനെ മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധം തെളിഞ്ഞതോടെയാണിത്.
വൈദ്യപരിശോധനയ്ക്കു ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടു. വീണ്ടും ചോദ്യംചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ഹാജരാകേണ്ടന്നും പറഞ്ഞിട്ടുണ്ട്.
പോലീസ് പരിശോധന നടക്കുന്ന സമയത്ത് ഷൈന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷദ് രണ്ടാംപ്രതിയാണ്. ഷൈനിന്റെ പേരില്‍ എന്‍ഡിപിഎസ് നിയമത്തിലെ 27, 29 വകുപ്പുകള്‍ പ്രകാരവും ബിഎന്‍എസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്.
ലഹരി ഇടപാടുകാരായ സജീറുമായും തസ്ലീമയുമായും തനിക്കുള്ള ബന്ധം സമ്മതിച്ച ഷൈന്‍ നേരത്തേ ലഹരി ഉപയോഗിച്ചിരുന്നെന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി എറണാകുളം നോര്‍ത്തിലുള്ള ഹോട്ടലില്‍ പോലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഷൈന്‍ ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി ഓടിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് പോലീസ് ഷൈനിന് നോട്ടീസയച്ചത്.
ആദ്യ ചോദ്യംചെയ്യലില്‍ ലഹരിയിടപാടുകാരെ അറിയില്ലെന്നാണ് ഷൈന്‍ പറഞ്ഞത്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് ആരോ ആക്രമിക്കാന്‍ വരുന്നുവെന്ന് ഭയന്നിട്ടാണെന്നും പറഞ്ഞു. എന്നാല്‍, സജീറുമായുള്ള ഫോണ്‍വിളികളും വാട്സാപ്പ് സന്ദേശങ്ങളും നിരത്തി ചോദ്യംചെയ്തതോടെ ഷൈന്‍ പതറി. ഇരുവരും തമ്മില്‍ ഗൂഗിള്‍ പേ വഴി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും കണ്ടെത്തിയതായാണ് സൂചന. ശനിയാഴ്ച വൈകുന്നേരം മാതാപിതാക്കളുടെ ജാമ്യത്തിലാണ് വിട്ടയച്ചത്.
സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് ഷൈന്‍ ഹോട്ടലിലെത്തിയത്. ഇതിനുപിന്നാലെ ഒരു യുവതി എത്തിയതായും രാത്രി ഏഴുവരെ ഇവര്‍ ഹോട്ടല്‍മുറിയിലുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുശേഷം രണ്ടുപേര്‍കൂടി മുറിയില്‍ വന്നുപോയതായും പോലീസ് കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ചതിന് ചുമത്തുന്നതാണ് എന്‍ഡിപിഎസിലെ വകുപ്പ് 27 ബി. ആറുമാസം തടവോ 25,000 രൂപ പിഴയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ഈ വകുപ്പ് പ്രകാരമുള്ള ശിക്ഷ. കൊക്കെയ്ന്‍ പോലുള്ള മാരക മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ചുമത്തുന്നത് വകുപ്പ് 27 എ ആണ്.
ഷൈനിന്റെ രക്തസാംപിളും നഖത്തിന്റെയും മുടിയുടെയും സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിട്ടുള്ളതിനാല്‍ ഇതിന്റ പരിശോധനാഫലം എന്താണെന്നത് കേസില്‍ നിര്‍ണായകമാണ്. രക്തത്തില്‍ ലഹരിയുടെ ഘടകങ്ങള്‍ 24 മണിക്കൂറില്‍ കൂടുതല്‍ കാണില്ല. എന്നാല്‍ നഖത്തിലും മുടിയിലുമൊക്കെ മയക്കുമരുന്നിന്റെ സാന്നിധ്യം ഏറെനാള്‍ നില്‍ക്കും.
ഗൂഢാലോചനക്കുറ്റമാണ് എന്‍ഡിപിഎസ് ആക്ടിലെ വകുപ്പ് 29. ബന്ധപ്പെട്ട കുറ്റം എന്താണോ അതിനുള്ള ശിക്ഷയാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്കും ബാധകമാകുക. ഇവിടെ ഷൈനിനെതിരേയുള്ള കുറ്റം മയക്കുമരുന്ന് ഉപയോഗിച്ചു എന്നതായതിനാല്‍ ഗൂഢാലോചനക്കുറ്റവും വലിയ ശിക്ഷ കിട്ടുന്നതായി കരുതാനാകില്ല.
തെളിവ് നശിപ്പിച്ചതിന് ബിഎന്‍എസ് 238 പ്രകാരമുള്ള ശിക്ഷയും ഏത് കുറ്റവുമായി ബന്ധപ്പെട്ടാണോ അതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇവിടെ കുറ്റം മയക്കുമരുന്ന് ഉപയോഗിച്ചു എന്നതായതിനാല്‍ തെളിവ് നശിപ്പിച്ചു എന്ന കുറ്റവും വലിയ ശിക്ഷയിലേക്ക് വഴിതുറക്കുന്നില്ല.
അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ കുടുങ്ങിയത്. ബുധനാഴ്ച രാത്രി എറണാകുളം നോര്‍ത്ത് പാലത്തിനുസമീപമുള്ള ഹോട്ടല്‍മുറിയില്‍നിന്ന് ജനല്‍വഴി എന്തിന് ഇറങ്ങി ഓടിയെന്ന വിഷയവും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസും കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യല്‍. 32 ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്.
നടന്‍ പലപ്പോഴായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച സുഹൃത്ത് അഹമ്മദ് മുര്‍ഷാദിനൊപ്പം ഹോട്ടലില്‍ താമസിച്ചതെന്നും എഫ്െഎആറില്‍ പറയുന്നു. പോലീസിന് തെളിവ് നല്‍കാതിരിക്കാനാണ് ഹോട്ടല്‍മുറിയില്‍നിന്ന് രക്ഷപ്പെട്ടതെന്നും എഫ്െഎആറിലുണ്ട്.
എന്നാല്‍ ബുധനാഴ്ച രാത്രി ഹോട്ടല്‍മുറിയില്‍ വന്ന ഡാന്‍സാഫ് പരിശോധനാസംഘത്തെ ഗുണ്ടകളായി കരുതി പേടിച്ച് ഓടിയെന്നാണ് ഷൈന്‍ പോലീസിനോട് പറഞ്ഞത്. പോലീസ് പരിശോധന നടത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ അച്ഛന്‍തന്നെ ഡിഅഡിക്ഷന്‍ കേന്ദ്രത്തിലാക്കി. പക്ഷേ, ഒരാഴ്ചയ്ക്കുശേഷം ചികിത്സ അവസാനിപ്പിച്ചുവെന്നും ഷൈന്‍ പോലീസിനോട് പറഞ്ഞു. വിന്‍ സിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും നടന്‍ ആരോപിച്ചു.
ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിരുന്നതിനും അര മണിക്കൂര്‍ മുന്‍പ് ഷൈന്‍ ടോം ചാക്കോ സ്റ്റേഷനിലെത്തി. രാവിലെ 10.30-ന് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. 10-നുതന്നെ ഷൈന്‍ എത്തി.
നര്‍കോട്ടിക്സ് അസി. കമ്മിഷണര്‍ കെ.എ. അബ്ദുല്‍ സലാം, കൊച്ചി സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, കൊച്ചി സിറ്റി എസിപി പി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വൈകീട്ട് മൂന്നോടെ ഷൈനിനെ വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ടോടെ ഷൈന്റെ മാതാപിതാക്കളും സഹോദരനും സ്റ്റേഷനിലെത്തി.
നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട ലഹരിക്കേസില്‍ അന്വേഷണസംഘം തിരയുന്ന സജീര്‍ കൊച്ചിനഗരത്തിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരന്‍. കൊച്ചിനഗരത്തില്‍ അടുത്തയിടെ പിടികൂടിയ ചില ലഹരിക്കടത്തുകാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം കിട്ടിയത്. അന്നുമുതല്‍ സജീറിനെ പിടികൂടാന്‍ ഡാന്‍സാഫ് സംഘം തിരച്ചിലിലായിരുന്നു. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രി നോര്‍ത്ത് പാലത്തിനുസമീപമാണ് ലൊക്കേഷന്‍ കിട്ടിയത്. ഇതിന് 200 മീറ്റര്‍ ചുറ്റളവില്‍ ലൊക്കേഷന്‍ കാണിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് പാലത്തിനുസമീപത്തെ ഹോട്ടലില്‍ പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഏതെങ്കിലും ഹോട്ടലില്‍ തങ്ങിയിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പരിശോധന. ഹോട്ടലില്‍ എത്തിയപ്പോഴാണ് ഷൈന്‍ ടോം അവിടെ മുറിയെടുത്തതായി കണ്ടത്. ഇതോടെ പോലീസിന് സംശയം കൂടുകയും മുറിയില്‍ പരിശോധിക്കുകയുമായിരുന്നു.
പോലീസ് തിരയുന്ന സജീര്‍ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ കേരളത്തില്‍ എത്തിച്ചുനല്‍കുന്ന പ്രധാനിയാണെന്ന് പോലീസ് പറയുന്നു. ബെംഗളൂരു, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ മാറിമാറി താമസിക്കുകയാണിയാള്‍.
കേരളത്തിലെത്തുമ്പോള്‍ പിടിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു പോലീസ്. ബുധനാഴ്ച പോലീസ് സംഘം ഹോട്ടലിലെത്തിയെങ്കിലും ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഇയാളെ പിടികൂടാനുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ലഹരി ഇടപാട് രംഗത്തുണ്ടെങ്കിലും ഇയാളുടെ പേരില്‍ കേസുകള്‍ ഉണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ സജീറിനെ പിടികൂടാന്‍ കൊച്ചിയിലെ എക്സൈസ് സംഘവും ശ്രമിക്കുന്നുണ്ടായിരുന്നു. എക്സൈസ് പിടികൂടിയ കേസിലും ഇയാളുടെ പങ്ക് തെളിഞ്ഞിരുന്നു. ഷൈന്‍ ടോം ചാക്കോയ്ക്ക് സജീറുമായി നേരിട്ട് ബന്ധമില്ലന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസ് നിഗമനം.
അതേസമയം ലഹരിവേട്ടയ്ക്കായി പോലീസില്‍ പ്രത്യേക വിഭാഗം രൂപവത്കരിക്കാന്‍ ശുപാര്‍ശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന ശുപാര്‍ശയാണ് പോലീസ് ആസ്ഥാനത്തുനിന്ന് സര്‍ക്കാരിനു നല്‍കിയത്. ഈ വിഭാഗത്തിന്റെ മേല്‍നോട്ടത്തിനായി ഒരു എന്‍ഫോഴ്സ്മെന്റ് ഡിഐജിയുടെ തസ്തിക സൃഷ്ടിക്കാനും ശുപാര്‍ശയുണ്ട്. കേരളത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ലഹരി മാഫിയയ്ക്കു തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്. ജില്ലകളില്‍ നിലവിലുള്ള ഡാന്‍സാഫിനു പുറമേയാണ് പ്രത്യേക സംഘം. ഡിവൈഎസ്പി അല്ലെങ്കില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കീഴില്‍ വരുന്നതാണ് ഒരോ സബ് ഡിവിഷനും.
ഒരോ സബ് ഡിവിഷനിലും ലഹരിയിടപാടുകാരെ നിരീക്ഷിക്കുന്നതും അത്തരക്കാരുടെ പട്ടിക തയ്യാറാക്കുന്നതും ലഹരിവസ്തുക്കള്‍ പിടികൂടുന്നതിനായി പരിശോധനകള്‍ നടത്തുന്നതും ഈ പ്രത്യേക വിഭാഗത്തിന്റെ ചുമതലയില്‍ വരും. സബ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം വരുന്നതോടെ ലഹരിക്കെതിരേയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാകുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലഹരിയിടപാടുകാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് സ്വീകരിക്കുന്നുണ്ട്.
കേരളത്തിലെ ലഹരികടത്തും ഉപഭോഗവും തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ലഹരിയെത്തുന്നതു തടയാന്‍ അതത് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായോ എഡിജിപിമാരുമായോ സംസ്ഥാന പോലീസ് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുമുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളാണ് ലഹരിവേട്ട നടത്തുന്നത്. ഇതു ഫലപ്രദമാണെന്നു കണ്ടതോടെയാണ് സംസ്ഥാനത്തും ഈ രീതി സ്വീകരിക്കാന്‍ ശ്രമിക്കുന്നത്.
രാസലഹരിക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ ഷൈന്‍ ടോം ചാക്കോ. എഫ്ഐആര്‍ റദ്ദാക്കാനുളള സാദ്ധ്യത തേടി നടന്‍ അഭിഭാഷകരെ സമീപിച്ചു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും.
വിവാദങ്ങള്‍ക്കിടയിലും ഷൈന്‍ ടോം ചാക്കോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നതും ചര്‍ച്ചയായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ എയ്ഞ്ചല്‍ നമ്പര്‍ 16ന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് ഷൈന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മലയാള സിനിമാ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമാണെന്നും ഷൈന്‍ ടോം ചാക്കോ കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞിരുന്നു. പല വലിയ നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നല്‍കി. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികള്‍ കേള്‍ക്കുന്നത് താനും മറ്റൊരു നടനും മാത്രമാണെന്നും ഷൈന്‍ വ്യക്തമാക്കി.കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഷൈനിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നടന്‍ നടത്തിയ ദുരൂഹമായ പണമിടപാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് നീക്കം. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ വ്യക്തികള്‍ക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന 14 പണമിടപാടുകളെക്കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകള്‍ ലഹരിക്കു വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോവെന്നാണ് സംശയം. എന്നാല്‍ താന്‍ പലര്‍ക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈന്‍ നല്‍കുന്ന വിശദീകരണം.അതേസമയം, ഷൂട്ടിംഗ് ലൊക്കേഷനില്‍ ഷൈന്‍ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ഫിലിം ചേമ്പര്‍ കൊച്ചിയില്‍ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷൈനിനെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സിനിമ സംഘടനകളോട് ചേമ്പര്‍ ശുപാര്‍ശ ചെയ്തേക്കുമെന്നാണ് വിവരം. നാളെ കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവര്‍ത്തകരും, സിനിമയിലെ ഐസിസി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുക്കും. നടി വിന്‍സിയെയും ഷൈന്‍ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുളളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha