പിണറായിയെ കുഴപ്പത്തിലാക്കാൻ ബേബി: സോണിയക്ക് പിന്തുണ ; സി.എമ്മിന് തട്ട്

ഇ.ഡി. നടപടി അംഗീകരിക്കാനാവാത്തതെന്നും ലജ്ജാകരമെന്നും ഡിഎംകെ പറഞ്ഞു.. ബിജെപിയുടെ പ്രതികാര നടപടിയാണിത്. വഖഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കിയ കോൺഗ്രസിനെതിരെ ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം കെട്ടഴിച്ചുവിട്ടിരിക്കുകയാണെന്നും ഡിഎംകെ ട്രഷററും പാർലമെന്ററി പാർട്ടി നേതാവുമായ ടി ആർ ബാലു ആരോപിച്ചു.
നടപടിയെ ഡിഎംകെയുടെ പേരിൽ ശക്തമായി അപലപിക്കുന്നുവെന്നും ടി ആർ ബാലു പാർട്ടി പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. 'ഗുജറാത്തിൽ അടുത്തിടെ നടന്ന എഐസിസി യോഗത്തിൽ കേന്ദ്രത്തിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടിയത് ബിജെപിയെ അസ്വസ്ഥരാക്കി. ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന എഐസിസി സമ്മേളനത്തിനിടയിലും ഇഡി റെയ്ഡുകൾ നടത്തി.
വഖഫ് ബില്ലിനെതിരെ കോൺഗ്രസ് ഉറച്ചുനിൽക്കുന്നതും പ്രതിപക്ഷ പാർട്ടികളെ ചേർത്തുനിർത്തുന്നതും ബിജെപി സർക്കാരിനെ അസ്വസ്ഥരാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സംരംഭങ്ങളെയും അതിന്റെ പരാജയങ്ങളെയും കോൺഗ്രസ് ജനങ്ങളിലേക്ക് എത്തിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇഡി കോൺഗ്രസിനെ ചുറ്റിപ്പറ്റി പ്രവർത്തിക്കുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അവർ വെറുതെവിടുന്നില്ല. കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ ബിജെപി സർക്കാർ ഇഡിയെയും മറ്റ് ഏജൻസികളെയും കെട്ടഴിച്ചുവിടുകയാണ്. ഇത് അംഗീകരിക്കാനാവാത്തതാണ്. ലജ്ജാകരമായ രാഷ്ട്രീയ പ്രതികാരമാണിത്'- ഡിഎംകെ നേതാവ് ടി ആർ ബാലു വിമർശിച്ചു.
ഇതിനു ശേഷമാണ് നാഷണൽ ഹെറാൾഡ് കേസിൽ സിപിഎം നിലപാട് വ്യക്തമാക്കിയത്. ഇ ഡി ആരെ വേട്ടയാടുന്നുവോ അവർക്കൊപ്പമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ഇക്കാര്യത്തിൽ സിപിഎമ്മിന് രണ്ട് നിലപാട് ഇല്ലെന്നും എം എ ബേബി പറഞ്ഞു.സി പി എമ്മിൽ നിന്നും ഇ ഡി വേട്ടയാടുന്നത് പിണറായിയെ മാത്രമാണ്.സി പിഎമ്മിന് ഇ.ഡി. പേടി തുടങ്ങിയിട്ട് കുറച്ചു നാളായി.
പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് ഇടപെടാനുള്ള അവസരമാകുമെന്നു സിപിഎം വിലയിരുത്തിയിട്ട് അധിക നാളായിട്ടില്ല. ചില ഏരിയ കമ്മിറ്റികൾ കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ തികഞ്ഞ അലംഭാവം കാണിക്കുന്നതായി സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരുന്നു..
സിപിഎമ്മിനെ ദുർബലപ്പെടുത്താനുള്ള ഒരവസരവും കേന്ദ്രസർക്കാർ പാഴാക്കില്ലെന്ന് ഓർക്കണമെന്നാണു മുന്നറിയിപ്പ്. കണക്കുകളിൽ അവ്യക്തത വന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇ.ഡി. യുടെയും ആദായ നികുതി വകുപ്പിന്റെയും ഇടപെടലാണു സിപിഎം പേടിക്കുന്നതെന്നു വ്യക്തം.
പാർട്ടി കമ്മിറ്റികളുടെ കണക്കുകൾ ഓരോ സാമ്പത്തിക വർഷവും ഓഡിറ്റ് ചെയ്ത് ആദായ നികുതി വകുപ്പിനു സമർപ്പിക്കേണ്ടതുണ്ട്. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും അങ്ങനെ ചെയ്യുന്നു. എന്നാൽ, ചില ഏരിയ കമ്മിറ്റികൾ ചെയ്യുന്നില്ല. ഫലപ്രദമായി കണക്കുകൾ കൈകാര്യം ചെയ്യണമെന്നും ജില്ലാ കമ്മിറ്റി ഓഫിസുകളിൽ ഇതിനായി അക്കൗണ്ടിങ് മേഖലയിൽ പ്രാഗല്ഭ്യമുള്ളവരെ നിയമിക്കണമെന്നും നിർദേശമുണ്ട്.
പാർട്ടിയുമായി ബന്ധപ്പെട്ട മറ്റു സംഘടനകളുടെ കണക്കുകൾ കൈകാര്യം ചെയ്യുന്ന രീതിയിലും സിപിഎമ്മിന് അതൃപ്തിയുണ്ട്. അത്തരം സംഘടനകളിൽ പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങളാണ് വരവുചെലവു കണക്കുകൾ പാർട്ടി കമ്മിറ്റിക്കു നൽകേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ പലയിടത്തും വീഴ്ചകൾ സംഭവിക്കുന്നു. ഓഫിസ് കെട്ടിട നിർമാണ ഫണ്ട് പിരിവ്, തിരഞ്ഞെടുപ്പ് ഫണ്ട് പിരിവ് എന്നിവയുടെ കണക്കുകൾ അതതു സമയത്തുതന്നെ ബന്ധപ്പെട്ട കമ്മിറ്റികൾ ഓഡിറ്റ് ചെയ്തു പാർട്ടിയെ ബോധ്യപ്പെടുത്താനാണു നിർദേശം.
ബേബിക്ക് ആരെയും പേടിക്കാനില്ല. ഒരു അഴിമതിയിലും അദ്ദേഹം പ്രതിയല്ല. തന്നെ ആരും വേട്ടയാടാൻ വരില്ലെന്ന് ബേബിക്ക് നന്നായറിയാം. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നാണ് ബേബിയുടെ നിലപാട്. പിണറായി കഴിഞ കുറെ നാളുകളായി പിന്തുടർന്ന് വരുന്ന രീതികളിൽ ബേബിക്ക് താൽപര്യമില്ല.തനിക്കിട്ട് ദ്രോഹം ചെയ്യാൻ സാധിക്കുന്ന ഒരവസരവും പിണറായി പാഴാക്കിയിട്ടുമില്ല. ഒടുവിൽ തന്നെ അഖിലേന്ത്യാ സെക്രട്ടറിയാക്കാതിരിക്കാനും ചരടുവലിച്ചു. എന്നാൽ സി പി എമ്മിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ ഒരു വർഷം കൂടി പിന്തുണക്കാതിരിക്കാൻ ബേബിക്ക് കഴിയില്ല. അതാണ് ബേബി സർവവും സഹിച്ച് മിണ്ടാതിരിക്കുന്നത്.
എന്നാൽ പിണറായിയെ ഇ.ഡി. പിടിക്കുന്നതിൽ ബേബിക്ക് സന്തോഷം മാത്രമാണുള്ളത്. അങ്ങനെയെങ്കിലും പിണറായിയുടെ ശല്യം ഇല്ലാതാകുമെന്നാണ് ബേബി കരുതുന്നത്. എന്നാൽ പിണറായിക്ക് ഭാഗ്യത്തിന്റെ അനുഗ്രഹം പോലെ ഒന്നും സംഭവിക്കുന്നില്ല. പിണറായി അധികാരം ഒഴിയാത്തിടത്തോളം തനിക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് ബേബിക്കറിയാം. എന്നാൽ ഇത്തരം കാര്യങ്ങളിൽ ബേബി നിസഹായനാണ്.
പിണറായി കരുതുന്നത് മറ്റൊരു കാര്യമാണ്. കോൺഗ്രസിന്റെ ദേശീയ നേതാക്കളെ ബേബി അനു കൂലിച്ച് തുടങ്ങിയാൽ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാൻ പോകുന്നത് താനാണെന്ന് പിണറായിക്ക് നന്നായറിയാം.ഇത് കേന്ദ ഏജൻസികളെ പ്രകോപിപ്പിക്കുന്ന പ്രവണതയാണ്. ഓരോ പ്രകോപനവും തനിക്ക് ഹാനകരമാകും.
നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിന്റെ മുന്‍പ്രസിഡന്റുമാരായ സോണിയയേയും രാഹുലിനെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതാണ് വിവാദമായത്. . ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്‌ക്കുന്നതിനു വേണ്ടി ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥതയുള്ള എജിഎല്‍ കമ്പനിയുടെ കോടാനുകോടികള്‍ വിലമതിക്കുന്ന സ്വത്ത് യങ് ഇന്ത്യന്‍ എന്ന ഒരു കടലാസ് കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് കേസ്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ സോണിയക്കും, ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുലിനും പുറമേ കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോദയും സുമന്‍ ദുബെയും പ്രതികളാണ്. കേസില്‍ പ്രതികളായിരുന്ന കോണ്‍ഗ്രസ് മുന്‍ ദേശീയ ഖജാന്‍ജി മോത്തിലാല്‍ വോറയും, കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസും മരിച്ചുപോയി. ന്യൂദല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസുകളില്‍ ഒന്നായ നാഷണല്‍ ഹെറാള്‍ഡ് കേസ് തേഞ്ഞു മാഞ്ഞു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിച്ചിരിക്കുമ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കി വ്യക്തമായ തെളിവുകളോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജനശ്രദ്ധ തിരിക്കാനാണ് എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കണ്ണടച്ചിരുട്ടാക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ഇഡി ഓഫീസുകളിലേക്ക് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സോണിയാ കുടുംബത്തിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനാണ്. മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചിരിക്കുന്ന രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലുമൊക്കെയാണല്ലോ തീവ്ര പ്രതിഷേധക്കാര്‍.
നാഷണല്‍ ഹെറാള്‍ഡ് കേസ് ഒരു സുപ്രഭാതത്തില്‍ ആകാശത്തുനിന്ന് പൊട്ടിവീണതല്ല. സോണിയാ കുടുംബത്തിന് മുതല്‍ക്കൂട്ടാന്‍ 5000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. മന്‍മോഹന്‍ സിങ്ങിനെ പാവ പ്രധാനമന്ത്രിയാക്കി സോണിയ രാജ്യം ഭരിക്കുമ്പോഴാണ് ഈ അഴിമതി അരങ്ങേറിയത്. അതിനകം അടച്ചുപൂട്ടിയ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഹരികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് 90 കോടി രൂപ നല്‍കിയെന്ന് വരുത്തി സ്വന്തമാക്കുകയാണ് സോണിയയും കൂട്ടരും ചെയ്തത്. തീര്‍ത്തും നിയമവിരുദ്ധമായ ഈ നടപടിയെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. കേസ് നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും വിജയിച്ചില്ല. ഒടുവില്‍ ജാമ്യമെടുത്ത്, ഒന്നും സംഭവിക്കാത്തതുപോലെ നടക്കുകയായിരുന്നു സോണിയയും രാഹുലും.
അഴിമതിയിലൂടെ സ്വന്തമാക്കിയ യങ് ഇന്ത്യന്‍ കമ്പനിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടാന്‍ നടപടിയെടുത്തതിന് പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ സോണിയ പൊട്ടിത്തെറിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചത്. താനും മകനും നിരപരാധിയാണെന്നും, അന്വേഷണ ഏജന്‍സി രാഷ്‌ട്രീയമായി വേട്ടയാടുകയാണെന്നും വരുത്തിത്തീര്‍ക്കാനാണ് സോണിയയുടെ ഈ നാടകമെന്ന് അവരെ അറിയാവുന്നവര്‍ക്കൊക്കെ മനസ്സിലാവും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചതു കൊണ്ടോ പൊട്ടിക്കരഞ്ഞതുകൊണ്ടോ അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാമെന്ന് സോണിയയും കൂട്ടുപ്രതികളും കരുതേണ്ട. ഇത്തരം ഭീഷണികളും കപടനാടകങ്ങളും ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ക്കു മുന്നില്‍ വിലപ്പോവില്ല. അഴിമതി കേസുകളില്‍ നിയമം അതിന്റെ വഴിക്ക് പോകും. അഴിമതികള്‍ നടത്താന്‍ സോണിയക്കും മക്കള്‍ക്കും നിയമപരിരക്ഷയുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ടാവാം. അത് അവരുടെ കാര്യം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാവില്ല.
പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്തെ അഴിമതികളുടെയെല്ലാം പ്രഥമ സ്രോതസ്സ് സോണിയയായിരുന്നു. അധികാരത്തിന്റെ ബലത്തില്‍ മറ്റുള്ളവര്‍ നടത്തുന്ന അഴിമതികളുടെ പങ്ക് സോണിയാ കുടുംബത്തിന് ലഭിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടര്‍ രാജ്യത്തെത്തന്നെ കൊള്ളയടിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു സ്വാതന്ത്ര്യസമര സേനാനികളുടെ ആത്മാവിലേക്ക് കാര്‍ക്കിച്ചുതുപ്പിയ നാഷണല്‍ ഹെറാള്‍ഡ് അഴിമതി.
ഇ ഡി നിരപരാധികളെ തൊടുകയില്ല. അഴിമതി നടത്തുന്നവർക്കാണ് പൊള്ളലേൽക്കുന്നത്.ഇന്ത്യയിൽ പ്രതിപക്ഷ മുഖ്യമന്ത്രിമാർ ധാരാളമുണ്ടെങ്കിലും അവരൊന്നും ഇ ഡിയെ ഭയക്കുന്നില്ല. പിന്നറായിക്ക് അഴിമതി ത്വരയുള്ളതുകൊണ്ടാണ് ഇ.ഡി. അദ്ദേഹത്തെ കാണാൻ നിരന്തരം വന്നു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ മകളെ വേട്ടയാടുന്നതും വെറുതെയല്ല. പിന്നെങ്ങനെയാണ് ബേബി അതിന് ഒത്താശ നൽകുക?
കേന്ദ്ര സർക്കാരിനെ പരമാവധി പ്രീണിപ്പിച്ച് കേസിൽ നിന്നും ഊരാനാണ് പിണറായിയുടെ ശ്രമം. രാഹുലിനെയും സോണിയയെയും അനുകൂലിച്ച് പിണറായി രംഗത്ത് വരാത്തത് ഇതുകൊണ്ടാണ്. ബേബി അങ്ങനെ ചെയ്താലും തട്ട് തനിക്ക് കിട്ടുമെന്ന് പിണറായിക്കറിയാം.
https://www.facebook.com/Malayalivartha