9 നിലയുള്ള പുതിയ എ കെ ജി സെന്റര്‍ പണിഞ്ഞപ്പോള്‍ കാശിന് പഞ്ഞമില്ല; സാക്ഷാല്‍ എകെജി ചാട്ടവാറിനടിക്കും

കോടാനുകോടികളുടെ സമ്പത്ത് വിഴുങ്ങി നിയമത്തെപ്പറ്റിച്ച് വിലസി നടക്കുന്ന ഒരുവന്‍. ഖജനാവ് കുടുംബത്തോടെ ചേര്‍ന്ന് നക്കിത്തുടച്ച് മലയാളിയെ നോക്കി ഇളിക്കുന്നു. ഈ മാഫിയകള്‍ക്ക് ജയ്വിളിക്കാന്‍ പടുവിഡ്ഡികളായ കുറേയെണ്ണം. തൊഴിലാളി പാര്‍ട്ടിയാണത്രെ പക്ഷെ നേതാക്കന്മാര്‍ കോര്‍പറേറ്റുകള്‍. 'ഇരട്ടച്ചങ്ക്' എന്ന വിളിപ്പേര് അന്വര്‍ഥമാക്കുന്ന ഇരട്ട എകെജിസെന്റര്‍!. ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും അല്‍ഭുതം തോന്നാം. സാധാരണ ഇത്തരം മഹാസൗധങ്ങള്‍ ഒറ്റയടിക്ക് പടുത്തുയര്‍ത്താറില്ല. ഘട്ടം ഘട്ടമായാണ് പണിതുയര്‍ത്തുന്നത്. ഇപ്പോള്‍ അങ്ങിനെ പണത്തിന് പഞ്ഞമില്ല. ഒന്നല്ല പത്ത് മഹാസൌധങ്ങള്‍ നിര്‍മ്മിക്കാനും പഞ്ഞമില്ല. ഇതിനൊക്കെ കാശെവിടുന്നാണ് പിണറായി. കാരണഭൂതന് കൂട്ടിക്കൊടുപ്പുകാരന്‍ ആയാല്‍ മതി. മാഫിയ വലയമാണ് കാരണഭൂതനും പാര്‍ശ്വവര്‍ത്തികളും ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത ജനവിധി വന്നുകഴിഞ്ഞാല്‍ എല്ലാത്തിന്റെയും വെടിതീരും.
പാവങ്ങളുടെ പടത്തലവന്‍ സാക്ഷാല്‍ എകെജി തന്റെ പേരിലുള്ള പടുകൂറ്റന്‍ കെട്ടിടം കണ്ടാല്‍ ഞെട്ടും. തന്റെ കീശയില്‍ ഉള്ള നാണയത്തുട്ടുകള്‍ പോലും പെറുക്കിക്കൂട്ടി അന്യന്റെ വിശപ്പ് മാറ്റുന്ന എകെജിയും കറകളഞ്ഞ കമ്യൂണിസ്റ്റുകളും പില്‍ക്കാലത്ത് അവരുടെ പേരില്‍ പടുകൂറ്റന്‍ കെട്ടിടം കണ്ടാല്‍ മേലെയിരുന്ന് സന്തോഷിക്കുമെന്നാണോ. ഈ മണിമാളിക പണിയാന്‍ വേണ്ടിവന്ന പണത്തിന് മുഴുപ്പട്ടിണിക്കാരനും അരപ്പട്ടിണിക്കാരനും അന്നം കൊടുത്തൂടേയെന്ന് ചോദിച്ച് കാരണഭൂതനെ ചാട്ടവാറിന് തല്ലിയേനേ. ഒരു കമ്യൂണിസ്റ്റുകാരന്റെ ധര്‍മ്മവും മൂല്യവും മറന്ന് പോകരുതെന്ന് പഠിപ്പിച്ചേനേ. ആ കേരളത്തില്‍ പട്ടിണി ഇല്ലല്ലോ ഡിവൈഎഫ്‌ഐ പൊതിച്ചോറുണ്ടല്ലോയെന്ന് വേണേല്‍ എകെജിക്ക് പിണറായി മറുപടി കൊടുക്കുമായിരിക്കും.
എകെജി ജീവിച്ചിരുന്ന കാലത്ത് പാളയത്തെ ഇടറോഡില്‍ ചേര്‍ന്ന് നിന്ന് മൂത്രമൊഴിച്ച് പോകാന്‍ എത്രയോവട്ടം ഇവിടം അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടാകും. ഏജീസ് ഓഫീസിലെ പതിവ് സമരകേന്ദ്രത്തിലേക്ക് ചാക്കയില്‍ വിമാനമിറങ്ങി കാറില്‍ കുതിച്ചു പായുന്ന എ കെ ജി മുട്ടുശാന്തിക്ക് മൂത്രശങ്ക തീര്‍ക്കാന്‍ സാധാരണ കണ്ട് വെച്ചിരുന്നത് ഈ ഇടറോട് ആയിരുന്നു എന്നതും പഴമക്കാര്‍ക്ക് അറിയാം. ഇപ്പോള്‍ അവിടെയെങ്ങാന്‍ എ കെ ജി വന്നുപെട്ടാല്‍ കണ്ണഞ്ചി പോകും! അവിടെയെല്ലാം ശതകോടികളുടെ നിക്ഷേപപ്പെരുമ കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. ചെങ്കൊടി ചൂടി നില്‍ക്കുന്ന എത്ര എത്ര അമ്പര ചുംബികള്‍!.
പാര്‍ട്ടിയില്‍ ഇതിന്റെ നിര്‍മ്മാണ ചുമത വഹിച്ചിരുന്നവരില്‍ ഏറിയപങ്കും നേതാക്കള്‍ ഓരോ കാലത്ത് ഗുരുതരമായ അച്ചടക്ക നടപടികള്‍ നേരിട്ടവരാണ്. പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞു പോയവരാണ്. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രം തുടങ്ങുന്നത് പിണറായി വിജയന്‍ സെക്രട്ടറിയായ 1998 സെപ്റ്റംബര്‍ 25 മുതലാണെന്ന് വന്നാല്‍ അല്‍ഭുതപ്പെടാനില്ല. എകെജി സെന്റര്‍ പണിതുയര്‍ത്തും വരെ സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് പാളയം പഞ്ചാപ്പുര ജങ്ഷനിലെ മീന്‍ ചന്തയോട് ചേര്‍ന്ന് ഒരു സാധാരണ കെട്ടിടത്തിലായിരുന്നു. അക്കാലത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വരെയുള്ള നേതാക്കളുടെ തിരുവനന്തപുരത്തെ ആസ്ഥാനം ഈ കെട്ടിടമായിരുന്നു. ഇന്ന് ആ കെട്ടിടം പൊളിഞ്ഞു. ചരിത്രം ഉറങ്ങുന്ന മണ്ണ്. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ അവരെ വരവേല്‍ക്കുന്നത് പാളയം കണ്ണിമോറ മാര്‍ക്കറ്റിന് പിന്നില്‍ മല്‍സ്യമാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഈ സാധാരണ കെട്ടിടമായിരുന്നു.
മല്‍സ്യമാര്‍ക്കറ്റില്‍ നിന്നു കൊത്തിയെടുത്ത മീന്‍ കുഞ്ഞുങ്ങളുമായി തലയ്ക്കു മുകളിലൂടെ ഊളിയിടുന്ന പക്ഷികള്‍ റാകി പറക്കുമ്പോള്‍ പാളയത്തേക്ക് ഊടുവഴിയിലൂടെ നടന്നു കയറുന്ന പിബി അംഗങ്ങളുടെയും സെക്രട്ടറിയറ്റ് അംഗങ്ങളുടെയും കഷണ്ടി തലയില്‍ മീന്‍മുള്ളോ മീനിന്റെ ചെകളയോ പതിക്കാതിരുന്നാല്‍ ഭാഗ്യം. അന്നത്തെ ആ വഴിയാണ് പല നേതാക്കള്‍ക്കും ഏറെ പഥ്യം. മീനിന്റെ മണവും പുണ്യാഹം പോലുള്ള ഇറ്റിറ്റു വീഴുന്ന മീന്‍ വെള്ളവും ആവോളം ആസ്വദിച്ചാണ് അഴീക്കോടന്‍ രാഘവനും സി എച്ച് കണാരനും വി എസ് അച്യുതാനന്ദനും എന്‍ ശ്രീധരനും ഒ ജെ ജോസഎഫും ഇതുവഴി പോയത്. വി എസ് പാളയത്തു ബസ് ഇറങ്ങി ഒരു കറുത്ത തുകല്‍ ബാഗും പിടിച്ച് പഞ്ചാപ്പുരയിലേക്ക് നടന്നു വരുന്നത് ഒരു ഗോളം പാളയം ജംഗ്ഷന് മുകളില്‍ നിന്ന് താഴേയ്ക്ക് ഉരുട്ടി വിട്ടത് പോലെയാണ്, അത്ര തടിയനാണ് അന്നത്തെ വിഎസ്സ്. കൃശഗാത്രനായത് പിന്നീടാണ്. ലോകത്ത് ഒരാളോടും തനിക്ക് ഒരു സൌഹൃദവുമില്ലെന്ന മട്ടിലായിരുന്നു ശ്വാസം പിടിച്ചുള്ള ആ നടത്തം. പാര്‍ട്ടി തീരുമാനം ആരെയോ അറിയിക്കാനുള്ള വിപ്ലവകാരിയുടെ കുതിപ്പായിരുന്നോ അത്? എന്റെ പിന്നാലെ വരുന്നവനെ സൂക്ഷിക്കണം എന്നെങ്കിലും വി എസിന് മുന്നറിയിപ്പ് കൊടുത്തുകൂടായിരുന്നോ?
രാത്രികളില്‍ അധികം പണിയുള്ള ദിവസങ്ങളില്‍ ഇ എം എസ് പഞ്ചാപ്പുരയിലെ ഓഫീസില്‍ നിന്ന് ശാന്തി നഗറിലെ വീട്ടില്‍ രാത്രി ഉറങ്ങാന്‍ പോകുന്നത് വൈകിയായിരുന്നല്ലോ.രാത്രി എട്ടുമണി കഴിഞ്ഞാല്‍ ഓഫീസിന്റെ ചേര്‍ന്നുള്ള കെട്ടിടത്തില്‍ നിന്ന് പലപ്പോഴും ഉഗ്രന്‍ മുദ്രാവാക്യം ഉയരുമ്പോള്‍ അതിന്റെ പൊരുള്‍ അനേഷിച്ചു ഇ എം എസ് ഉഴറിയിട്ടുണ്ട്. ഇപ്പോള്‍ എന്തിനാ മുദ്രാവാക്യം വിളി എന്ന് ചോദിക്കുമ്പോള്‍ പരിസരത്തുള്ള സഖാക്കള്‍ നാണം കുണുങ്ങി മാറി നില്‍ക്കാറുണ്ട്. പിന്നീടാണ് ഇ എം എസിന് മനസിലായത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊട്ടടുത്ത മുക്കാടന്റെ ബാറിലെ രണ്ട് പൈന്റ് അടിക്കുമ്പോള്‍ ഉണ്ടാകുന്ന ആവേശമാണ് ആ മുദ്രാവാക്യം വിളിയെന്ന്. അതുമായി ഈ എം എസും പിന്നെ പിന്നെ പൊരുത്തപ്പെട്ടു. എന്തായിരുന്നു അന്നത്തെ പാളയം?. മനുഷ്യന്റെ പച്ചയായ ജീവിതത്തിന്റെ പരിച്ഛേദം അവിടെ കാണാമായിരുന്നു .തോമസ് ഹാര്‍ഡിയുടെ നോവലിലെ അദ്ധ്യായം തുറന്നുവച്ച പ്രതീതി. ഒരു നേരത്തെ വിശപ്പടക്കാന്‍ പച്ചയായ വ്യഭിചാരം.സുഖം നേടാന്‍ ഒന്നോ രണ്ടോ കവിള്‍ മദ്യം. ഇത്രയൊക്കെയേ ഉണ്ടായിന്നുളളൂ അന്നത്തെ ആഭിചാരങ്ങള്‍. ഒരു കൃത്രിമത്വവുമില്ലാത്ത ആ ജീവിതത്തില്‍ നിന്ന് എത്രയോ അകലെയാണ് ഇന്നത്തെ പുത്തന്‍ എകെജി സെന്റര്‍. ആര്‍ക്കും പ്രവേശനമില്ല. അകത്ത് നടക്കുന്നത് പുറത്ത് വരില്ല. എല്ലാം ഇരുമ്പ് മറയില്‍!. അത്രയും മാത്രം പറഞ്ഞാലും തീരില്ല.
ആദ്യ എകെജി സെന്റര്‍ പണി തുടങ്ങിയത് 1977 ലാണ് . അതിലെ പരിഷ്‌ക്കരണങ്ങള്‍ ഇനിയും മുഴുമിപ്പിച്ചിട്ടില്ല. തുടക്കത്തില്‍ ഒറ്റമുറി പോലും ശീതീകരിച്ചിരുന്നില്ല. ഇപ്പോഴാകട്ടെ,ശീതീകരിക്കാത്ത മുറി കണ്ടെത്താന്‍ പാടാവും. കാരണഭൂതന്റെ ദീര്‍ഘദൃഷ്ടിയെ ആര്‍ക്കും വിലകുറച്ചു കാണാനാകില്ല. ഒറ്റ ഉദാഹരണം മാത്രം ചൂണ്ടിക്കാട്ടാം. എന്തുകൊണ്ടാണ് ഈ സമുച്ചയങ്ങള്‍ക്കിടയില്‍ കൈരളി ചാനലിനെ കുടിയിരുത്തിയിരിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തൊരു കാഞ്ഞബുദ്ധി! ആരാ ചാനലിന്റെ അധിപന്‍! ഏതെങ്കിലും പാര്‍ട്ടി സ്ഥാപനത്തില്‍ ഇത്തരത്തില്‍ ഒരു മേധാവിയെ എവിടെയെങ്കിലും പാര്‍ട്ടി ചുമക്കുന്നുണ്ടോ? ഒരാള്‍ക്ക് അതിന്റെ മേധാവി ആയിരിക്കാന്‍ ആഗ്രഹിക്കുന്ന കാലത്തോളം അതിന്റെ തലപ്പത്തിരിക്കാം. ആരും ചോദിക്കില്ല? കാരണഭൂതന് കൂട്ടിക്കൊടുപ്പുകാരന്‍ ആയാല്‍ മതി. ഇത് എവിടെ നടക്കും? എറണാകുളത്ത് മരടില്‍ അനധികൃതമായി കെട്ടി പൊക്കിയ ബഹുനില മാളിക സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ധൂളിയായി പൊടിഞ്ഞു തീര്‍ന്നപ്പോള്‍ അവര്‍ ഒട്ടും ഹതാശരായില്ല. എന്തെന്നാല്‍ അതുക്കും ഊക്കന്‍ സൌധ ങ്ങള്‍ അവര്‍ക്ക് ഈ നഗരത്തിലുണ്ട്. കൈരളി സൌധം കയ്യടക്കിയത് തന്നെ വളഞ്ഞവഴിയിലൂടെയാണ്. സിപിഎം സഹയാത്രികനായ മഞ്ഞളാം കുഴി അലി അഡ്വാന്‍സ് കൊടുത്തിട്ടിരുന്ന സ്ഥലമായിരുന്നു ഇത്. അലിയെ ഭീഷണിപ്പെടുത്തിയാണ് ഈ സ്ഥലം കൈക്കലാക്കിയത്. അതോടെ അലി പാര്‍ട്ടി മാറി. ഇത്തരതിലുള്ള മാഫിയ വലയമാണ് കാരണഭൂതനും പാര്‍ശ്വവര്‍ത്തികളും ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് സമാന്തരമായ മറ്റൊരു വലയമാണ് പാര്‍ട്ടി സെക്രട്ടറിയുടെ ആശീര്‍വാദത്തോടെ ഉണ്ടാക്കിയിരിക്കുന്നത്. രണ്ടും മാഫിയകള്‍ ആണ്. അടുത്ത ജനവിധി വന്നുകഴിഞ്ഞാല്‍ എല്ലാം വെടിതീരും.
https://www.facebook.com/Malayalivartha