വിദേശ ജോലി വാഗ്ദാനം ചെയ്ത് 1.5 കോടി തട്ടിയെടുത്ത വഞ്ചനാ കേസ്... 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ്

വിദേശ രാജ്യങ്ങളില്‍ സ്വപ്ന ജോലികള്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 പേരില്‍ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത വഞ്ചനാ കേസില്‍ പോലീസ് വീഴ്ച ചൂണ്ടിക്കാട്ടിയും വഞ്ചിയൂര്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടും പ്രതിക്ക് ജാമ്യം അനുവദിച്ചു.
10 വര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കേസില്‍ പ്രതിയുടെ അറസ്റ്റ് തീയതി മുതല്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പ്രതിക്ക് നിയമാനുസരണ ജാമ്യത്തിന് അര്‍ഹതയുണ്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 167 (2) പ്രകാരമാണ് പ്രതിക്ക് ഇപ്രകാരം നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. ജനുവരി 18 മുതല്‍ അഴിക്കുള്ളില്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്കെതിരെ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ് ഒത്താശയില്‍ പ്രതിക്ക് ജാമ്യം നേടിക്കൊടുത്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് പോലീസ് സര്‍ക്കാര്‍ അഭിഭാഷക മുഖേന കോടതിയില്‍ ബോധിപ്പിച്ചത്.
പ്രതിയായ തിരുവനന്തപുരം സ്വദേശി താജുദീന്‍ (54) സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഏപ്രില്‍ 21ന് ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലസ് മജിസ്‌ട്രേറ്റ് കെ.ജി. രവിതയാണ് വഞ്ചിയൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഉത്തരവിട്ടത്. എന്നിട്ടു പോലും കുറ്റപത്രം സമര്‍പ്പിക്കാതെ ഒളിച്ചു കളിച്ചു.
2025 ജനുവരി 18 ന് താജുദീനെ ചെന്നൈയില്‍ നിന്നാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളില്‍ പല പേരുകളിലായി ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, പല ബാങ്കുകളുടെ 15 ഓളം എടിഎം കാര്‍ഡുകള്‍, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
തിരുവനന്തപുരം വഞ്ചിയൂര്‍, കൊല്ലം കരുനാഗപ്പള്ളി, കണ്ണൂര്‍, തലശ്ശേരി പാലക്കാട് വടക്കാഞ്ചേരി, തൃശൂര്‍, കുന്നംകുളം, വരന്തരപള്ളി എന്നിവിടങ്ങളിലെ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2019 ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും മണ്ണുത്തി പൊലീസ് സ്റ്റേഷനിലും 2021 ല്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിചാരണ നേരിട്ടു വരികയാണ്.
"
https://www.facebook.com/Malayalivartha