ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരവസരം കൂടി നല്‍കാമെന്ന് ഫെഫ്ക: ഷൈന്‍ ടോം ചാക്കോയ്ക്ക് ഇനി അവസരം കൊടുക്കാന്‍ സൗകര്യമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരവസരം കൂടി നല്‍കാമെന്ന് അറിയിച്ച ഫെഫ്കയുടെ നടപടിയെ കടന്നാക്രമിച്ച് പ്രൊഡ്യൂസര്‍സ് അസോസിയേഷനും ഫിലിം ചേമ്പറും.ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ലെന്നും ഫെഫ്ക പറഞ്ഞത് അവരുടെ കാര്യം മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാര്‍.'ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടില്ല. ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യമാണ്', സുരേഷ് കുമാര്‍ പറഞ്ഞു. സംവിധായകരും ഫെഫ്ക ഭാരവാഹികളുമായ ബി ഉണ്ണികൃഷ്ണനെയും സിബി മലയിലിനെയും പേരെടുത്തു വിമര്‍ശിച്ചാണ് ജി സുരേഷ് കുമാറിന്റെ പ്രതികരണം. ഫെഫ്ക എട്ടുകാലി മമ്മൂഞ്ഞ് ആവരുതെന്ന് ചേമ്പര്‍ ജനറല്‍ സെക്രട്ടറിയും വിമര്‍ശിച്ചു. ഷൈനിന് മാപ്പ് നല്‍കേണ്ടത് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനല്ലെന്നും നിര്‍മാതാക്കള്‍. ഫെഫ്കയുടെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ല എന്നും പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍.
വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ IC തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ഷൈന്‍ ടോം ചാക്കോയെ FEFKA ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. 'സൂത്രവാക്യം' സിനിമയുടെ നിര്‍മാതാവും എത്തിയിരുന്നു. ഷൈനിനു അവസാനമായി ഒരവസരം കൂടി നല്‍കാമെന്നും ലഹരി മുക്തമായാല്‍ മാത്രം സിനിമകളില്‍ സഹരിപ്പിക്കാമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രൊഡ്യൂസര്‍സ് അസോസിയേഷന്റെ രൂക്ഷവിമര്‍ശനം. അന്വേഷണം നടക്കുന്നതിനിടെ ഷൈനിനെ വിളിച്ചുവരുത്താന്‍ ഫെഫ്ക ആരാണെന്ന് ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്.
ലഹരി ഉപയോഗിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചുവെന്നും അദ്ദേഹത്തിന് അവസാനം അവസരം നല്‍കുകയാണെന്നുമാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ പറഞ്ഞത്. വീണ്ടും അവസരം നല്‍കിയത് ദൗര്‍ബല്യമായി കാണരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. 'ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാവും. മലയാള സിനിമയില്‍ ലഹരി മാഫിയ പിടിമുറുക്കി എന്ന രീതിയിലാണ് നിരന്തരം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മലയാള സിനിമാ രംഗം അടുത്ത രണ്ട്, മൂന്ന് മാസങ്ങളില്‍ നിലയ്ക്കുന്ന അവസ്ഥയാണ്. അത്തരം ഒരു അവസ്ഥയില്‍ ഇത്തരം പെരുമാറ്റം ഉള്ളവരുമായി സഹകരിക്കുന്നത് ബുദ്ധിമുട്ടാകും. ഷൈന്‍ ടോം ചാക്കോയുമായി തുറന്ന് സംസാരിച്ചു. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. അദ്ദേഹം ഒരു അവസരം കൂടി ആവശ്യപ്പെടുകയായിരുന്നു. ഷൈന്‍ പ്രതിഭയുള്ള അഭിനേതാവാണ്. ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നതാണ് മാനുഷികമായ നിലപാട്. എന്നാല്‍ ഈ നിലപാട് ദൗര്‍ബല്യമായി കരുതരുത്', ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.
അതേസമയം ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍സി അലോഷ്യസിന്റെ പരാതി ശരിവച്ച് നടി അപര്‍ണ്ണ ജോണ്‍സും രംഗത്ത് എത്തിയിട്ടുണ്ട്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീര്‍ത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിനിടെ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപര്‍ണ ഒരു ചാനലിനോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha