മലപ്പുറത്തെ അധ്യാപകനെതിരായ പോക്‌സോ കേസ് റദ്ദാക്കിയ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകള്‍ കേരള ഹൈക്കോടതി റദ്ദാക്കിയതിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. അഞ്ചു വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സുരേഷ് കുമാറിനെതിരെ മലപ്പുറം തിരൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളാണ് 2022 ജൂലൈ 13ന് ഹൈക്കോടതി റദ്ദാക്കിയത്.
കുറ്റപത്രം സമര്‍പ്പിക്കുകയും അതിജീവിതകളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടും, ലൈംഗിക ഉദ്ദേശ്യത്തിന് തെളിവില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി അധ്യാപകനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയത്.ഹൈക്കോടതി നടപടിയെ നിര്‍വികാരപരം എന്നു വിശേഷിപ്പിച്ച സുപ്രീം കോടതി പ്രതിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ പുനഃസ്ഥാപിച്ചു.
ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കേസിലെ നടപടികള്‍ പുനസ്ഥാപക്കാന്‍ ഉത്തരവിട്ടത്. ഇരകളെ വീണ്ടും ഇരകളാക്കുന്ന നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ അതിജീവിതകളുടെ മൊഴി ഹൈക്കോടതി കാര്യമായി പരിഗണച്ചില്ലെന്നും പ്രതി പ്രത്യേക ലൈംഗിക ഉദ്ദേശ്യത്തോടെയാണ് കൃത്യം ചെയ്‌തെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ നിഗമനത്തെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.
പ്രതി ഒരു അധ്യാപകനാണെന്നും ഇരകള്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളാണെന്നുമുള്ള കാര്യം അവഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വികാരരഹിതമായി പെരുമാറിയതെന്നും സുപ്രീം കോടതി പറഞ്ഞു. എഫ്ഐആറുകള്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ്, അതിജീവിതകളില്‍ ഒരാളുമായി വിഷയം ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു. തുടക്കത്തില്‍, 19 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയുടെ മൊഴി മാത്രമാണ് പോലീസ് രേഖപ്പെടുത്തിയതെന്നും, ജുഡീഷ്യല്‍ ഇടപെടലിന് ശേഷമാണ് അഞ്ച് എഫ്ഐആറുകള്‍ ഒടുവില്‍ ഫയല്‍ ചെയ്തതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha