അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതിക്ക് തൂക്ക് കയറും 810500/ രൂപ പിഴയും... കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി. വധശിക്ഷക്ക് പുറമേ ജീവപര്യന്തം കഠിനതടവും.

പേരൂര്‍ക്കട അമ്പലമുക്ക് അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് വീട്ടില്‍ രാഗിണി മകള്‍ വിനീതയെ(38) കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വധശിക്ഷക്ക് കോടതി വിധിച്ചു. 4 ലക്ഷം പിഴയും ഒടുക്കണം.
തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ ഡാനിയല്‍ മകന്‍ രാജേന്ദ്രന്‍ (42) ആണ് പ്രതി. വധശിക്ഷക്ക് പുറമേ മരണം ഉണ്ടാക്കിയുള്ള കവര്‍ച്ചക്ക് ജീവപര്യന്തം കഠിനതടവും 4 ലക്ഷം രൂപ പിഴയും
കുറ്റകരമായ വസ്തു കൈയ്യേറ്റത്തിന് മൂന്നുമാസം കഠിനതടവും 500 രൂപ പിഴയും, തെളിവ് നശിപ്പിക്കലിന് ഏഴ് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴകള്‍ ഒടുക്കിയല്ലങ്കില്‍ മൂന്ന് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് 600 പേജുള്ള വിധിന്യായത്തില്‍ തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പ്രസൂണ്‍ മോഹന്‍ ഉത്തരവിട്ടു. പിഴ തുകയില്‍ നിന്നും 4 ലക്ഷം രൂപ വിനീതയുടെ കുട്ടികള്‍ക്ക് നല്‍കണം. കൂടാതെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലീഗല്‍ സര്‍വ്വീസ് അതോരിറ്റിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട വിനീതയുടെ 14 ഉം 11 ഉം വയസ്സായ രണ്ട് കുട്ടികള്‍ വിനീതയുടെ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്. ശിക്ഷാവിധി പറയുന്നത് കേള്‍ക്കാന്‍ വിനീതയുടെ മാതാപിതാക്കളും, കുട്ടികളും കോടതി മുറിയില്‍ കാതോര്‍ത്തിരുന്നു.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണന്നുള്ള പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് പ്രതിയുടെ ജീവിതത്തിന്റെ സാമൂഹിക വിലയിരുത്തല്‍ പഠനത്തെക്കുറിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ കോടതി ശേഖരിച്ചിരുന്നു. പ്രതിയുടെ പരിഷ്‌ക്കരണ- പരിവര്‍ത്തന സാദ്ധ്യതകളെ കുറിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുമാരി ഐ.എ.എസ്,പ്രതിയുടെ കുറ്റകരമായ മുന്‍ പ്രവൃത്തികളെ കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ തോംസന്‍ ജോസ് ഐ.പി.എസ്, പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രി സൂപ്രണ്ട് ഡോ: പ്രീതി ജയിംസ്
ജയിലിനുള്ളിലെ പ്രതിയുടെ സ്വഭാവവും, പെരുമാറ്റവും സംബന്ധിച്ച് തിരുവനന്തപുരം, പാളയംകോട്ട ജയില്‍ സൂപ്രണ്ടുമാര്‍, പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങളെ സംബന്ധിച്ച് നാഗര്‍കോവില്‍ റവന്യു അതോറിറ്റി, കന്യാകുമാരി, തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ മുദ്ര വച്ച കവറുകളില്‍ നല്‍കിയിരുന്നു. മന:പരിവര്‍ത്തനം നടത്താന്‍ കഴിയാത്ത കൊലപാതക പരമ്പര നടത്തുന്നയാളാണ് പ്രതിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുടെ പൊതു സാരാംശം. ശിക്ഷയെ കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് 70 വയസ് കഴിഞ്ഞ അമ്മക്ക് ഏക ആശ്രയം താനാണന്നും പോലീസിനെ ഭയന്ന് സഹോദരന്‍ പ്രഭുവും, സഹോദരി സുബ്ബലക്ഷ്മിയും അമ്മയെ കാണാന്‍ പോലും കൂട്ടാക്കാറില്ലന്നും പ്രതി കോടതിയെ അറിച്ചിരുന്നു.
ശിക്ഷയെ കുറിച്ച് പ്രോസിക്യൂഷന്റെയും, പ്രതിയുടെയും വാദങ്ങളും കോടതി കേട്ടിരുന്നു. പ്രതി കൊടും കുറ്റവാളിയാണന്നും കവര്‍ച്ചക്കായി തമിഴ്‌നാട്ടിലും കേരളത്തിലും പ്രതി നടത്തിയ നാലു കൊലപാതകങ്ങളില്‍ മൂന്നു പേരും സ്ത്രീകളായിരുന്നുവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ പറഞ്ഞു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നു.
ജീവപര്യന്തം ശിക്ഷയാണ് വിധിക്കുന്നതെങ്കില്‍ ശിക്ഷാ ഇളവിന് പ്രതി അര്‍ഹനാണന്നും ഭാവിയില്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പ് വരുത്താനാവില്ലന്നു മുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഒരു പരമ്പര കൊലയാളി എന്ന നിലയില്‍ പ്രതി സമൂഹത്തിന് ഭീഷണിയാണ്. നിരപരാധികളുടെ ദാരുണമായ അന്ത്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഏക മാര്‍ഗം വധശിക്ഷയാണന്ന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാടെടുത്തിരുന്നു.പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗം വാദം കോടതി തള്ളി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, ദേവിക മധു, ഫസ്‌ന.ജെ, ചിത്ര. ഒ.എസ് എന്നിവര്‍ ഹാജരായി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജി. സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ്സ് ന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എ.സി.യായിരുന്ന വി.എസ്.ദിനരാജ്, , പേരൂര്‍ക്കട സി.ഐ. ആയിരുന്ന വി.സജികുമാര്‍, ജുവനപുടി മഹേഷ് ഐ.പി.എസ്, സബ് ഇന്‍സ്പക്ടര്‍മാരായ എസ്.ജയുമാര്‍, ആര്‍. അനില്‍കുമാര്‍, മീന എസ്.നായര്‍ , സീനിയര്‍ സിവില്‍ പോലീസുകരായ പ്രമോദ്.ആര്‍, നൗഫല്‍ റഫീഖ്, ഷംനാദ്, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പ്രത്യേക പ്രശംസ.
വിനീത കൊലക്കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനും കേസ് വിചാരണ പൂര്‍ത്തിയാക്കിയ പ്രോസിക്യൂഷന്‍, ഫോറന്‍സിക് സയന്റിഫിക് ഉദ്യോഗസ്ഥര്‍, ദ്വിഭാഷികളായ രാജേശ്വരി.ആര്‍.കെ. രുഗ്മ ജെ എം എന്നിവര്‍ക്ക് കോടതിയുടെ പ്രത്യേക പ്രശംസ.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രക്ത സാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചതിന് ശേഷമാണ് അമ്പലമുക്ക് വിനീത കേസിന്റെ ശിക്ഷാവിധി കോടതി പറഞ്ഞത്.
"
https://www.facebook.com/Malayalivartha