ശാഖാ കുമാരി കൊലക്കേസില്‍ അഡിഷനല്‍ ജില്ലാ കോടതി ഇന്ന് ശിക്ഷാ വിധി പറയും....

ശാഖാ കുമാരി കൊലക്കേസില്‍ അഡിഷനല്‍ ജില്ലാ കോടതി ഇന്ന് ശിക്ഷാ വിധി പറയും. സ്വത്തു തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് അവരെ വൈദ്യുതാഘാതം ഏല്‍പിച്ചു കൊലപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവ് അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണ്‍ (32) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.
അരുണിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റി. കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖ കുമാരി 2020 ഡിസംബര്‍ 26ന് ആണ് കൊല്ലപ്പെട്ടത്. അവിവാഹിതയായ ശാഖ കുമാരിയുമായി (52) ഇലക്ട്രിഷ്യനായ അരുണ്‍ (അന്ന് 28 വയസ്സ്) അടുക്കുകയും 2020 ഒക്ടോബര്‍ 29ന് വിവാഹം കഴിക്കുകയും ചെയ്തു.
2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെ 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ ഒന്നരയോടെ അരുണ്‍ ബെഡ് റൂമില്‍ വച്ച് ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ ശാഖാ കുമാരിയുടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്തുമസ് രാത്രിയില്‍ ബന്ധുക്കള്‍ മടങ്ങിയശേഷം അരുണ്‍ ഭാര്യയെ കൊല്ലാന്‍ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് കണ്ടെത്തി.
ശാഖ കുമാരിയെ അരുണ്‍ ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തി എന്നാണു കേസ്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശാല എ.അജികുമാര്‍ ഹാജരായി. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായിരുന്ന ശാഖ പരേതനായ ആല്‍ബര്‍ട്ടിന്റെയും ഫിലോമിനയുടെയും മകളാണ്. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്. അരുണുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ശാഖ തന്നെ മുന്‍കൈ എടുത്താണ് വിവാഹം നടത്തിയത്. വിവാഹം വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്ക് താമസിരുന്ന ശാഖാകുമാരി ചെറുപ്പകാരനായ അരുണുമായി പ്രണയത്തിലായതിന് പിന്നാലെയായിരുന്നു വിവാഹം.
ഇലക്ട്രീഷ്യന്‍ ആയിരുന്നു അരുണ്‍. ധനികയായ ശാഖാകുമാരിക്ക് തന്റെ സ്വത്തുകള്‍ക്ക് അവകാശിയായി ഒരു കുഞ്ഞു ജനിക്കണമെന്ന ആഗ്രഹമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്.
2020 ഒക്ടോബര്‍ 29 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ വിവാഹം രഹസ്യമാക്കാനായിരുന്നു അരുണ്‍ ശ്രമിച്ചത്. വിവാഹത്തിന് മുമ്പേ തന്നെ അരുണ്‍ പണം വാങ്ങിയതിനൊപ്പം കാര്‍, ബൈക്ക് എന്നിവ ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് വാങ്ങി ആഡംബര ജീവിതം നയിച്ചുപോന്നു. കുട്ടികള്‍ വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും ഭാര്യയുടെ പ്രായകൂടുതലും അരുണിനെ കൊല നടത്താന്‍ പ്രേരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.
ശാഖാകുമാരിയെ തെളിവില്ലാതെ കൊലപ്പെടുത്തി നിയമപരമായ ഭര്‍ത്താവെന്ന നിലയില്‍ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു അരുണ്‍ ലക്ഷ്യമിട്ടിരുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അരുണിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ ശിക്ഷയിന്മേല്‍ ഇരുഭാഗം വാദം കേള്‍ക്കുന്നതിനും വിധി പറയുന്നതിനായി ഇന്നത്തേയ്ക്ക് വിചാരണ മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha