വിജയകുമാറിന്റെയും ഭാര്യയുടെയും സംസ്ക്കാരം അല്പസമയത്തിനകം; മകളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കൾ

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അമിത്തിനെ നാളെ കസ്റ്റഡിയിൽ വാങ്ങും. അമിത് ഉറാങ് സംഭവം നടന്ന ദിവസവും അതിനും മുൻപും സഞ്ചരിച്ച സ്ഥലങ്ങളും ബന്ധം പുലർത്തിയവരെയും കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യണം. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണു കസ്റ്റഡിയിൽ വാങ്ങുന്നത്. അമിത്തിന്റെ പെൺസുഹൃത്തുമായി പൊലീസ് ആശയവിനിമയം നടത്തി. ഇവർ അസമിലാണ്. എട്ടാം മാസം ഗർഭം അലസിയതും യഥാസമയം ചികിത്സ നൽകാൻ കഴിയാതിരുന്നതും അമിത്തിനെ വല്ലാത്ത മാനസികാവസ്ഥയിൽ എത്തിച്ചിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകി.
മാള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന അമിത്തിന്റെ സഹോദരൻ ഗുണ്ടുവിനു സംഭവവുമായി ബന്ധമില്ലെന്നാണു പൊലീസിന്റെ കണ്ടെത്തൽ. കൊല നടത്തുന്നതിനു മുൻപ് അമിത് ജോലി ചെയ്ത കുമളിയിലെ തട്ടുകടയും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാർ, ഭാര്യ ഡോ. മീര വിജയകുമാർ എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കലെ വീട്ടുവളപ്പിലാണ് സംസ്കാരം. മകൾ വിദേശത്ത് ആയതിനാലാണ് സംസ്കാരം ഇന്നത്തേക്ക് മാറ്റിവെച്ചത്. കഴിഞ്ഞദിവസം ഇവർ വിദേശത്ത് നിന്നും നാട്ടിൽ എത്തിയിരുന്നു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ പൊതുദര്ശനത്തിനു ശേഷം
വീട്ടിൽ മൃതദേഹങ്ങൾ എത്തിച്ചു. അമ്മയെയും അച്ഛനെയും കാണാൻ നാട്ടിൽ വരാനിരിക്കവേ ആയിരുന്നു ദാരുണ കൊലപാതക വാർത്ത മകൾ അറിഞ്ഞത്. ആ നടുക്കം ഇപ്പോഴും മകള്‍ ഗായത്രിയെ വിട്ടൊഴിഞ്ഞിട്ടില്ല. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും വിങ്ങിപ്പൊട്ടി.
https://www.facebook.com/Malayalivartha