വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികള്‍ പിടിയില്‍

കൊടുവള്ളിയില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ പന്നിപ്പടക്കമെറിഞ്ഞ് ആക്രമണം നടത്തിയ മൂന്ന് പ്രതികള്‍ പിടിയില്‍. കൊളവയല്‍ അസീസ്, ആട് ഷമീര്‍, അജ്മല്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുന്നതിനിടയില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനിടെ ബസില്‍ നിന്ന് പുറത്തിറങ്ങിയവരെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ബസ് ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവം നടന്നത്.
പെട്രോള്‍ പമ്പിനുള്ളില്‍ നിന്ന് റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്ന ബസിന് നേരെ പന്നിപ്പടക്കം ഉള്‍പ്പടെ എറിയുകയും മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. അക്രമികള്‍ എറിഞ്ഞ പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്ത് നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോള്‍ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയില്‍ അതുവഴി വന്ന കാറില്‍ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷം ആക്രമണം നടത്തുകയായിരുന്നു.
ആട് ഷമീര്‍, കൊളവയല്‍ അസീസ് എന്നിവര്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയില്‍ ഇവര്‍ക്കെതിരെ മുന്‍പും വധശ്രമത്തിന് കേസുണ്ട്. പ്രവാസിയെയാണ് വധിക്കാന്‍ ശ്രമിച്ചത്. അജ്മലിനെതിരെ 11 കേസുകളാണ് ഉള്ളത്. ആക്രമണത്തില്‍ പങ്കാളിയായ അമല്‍ എന്നയാളെയാണ് ഇനി പിടികൂടാനുള്ളത്.
https://www.facebook.com/Malayalivartha