സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെ ഉടനടി ആ സ്ഥാനത്തു നി്ന്നും കിഫ്ബി സിഇഒ ചുമതലയില്‍ നിന്നും നീക്കം പുറത്താക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അകത്തായതിനു ശേഷം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്. ചക്കരക്കുടത്തില്‍ കയ്യിട്ടവരുടെ അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍. കള്ളക്കടത്തും അനധികൃത നിയമനങ്ങളും അനധികൃത കോണ്‍ട്രാക്ടുകളും മാസപ്പടിയും എല്ലാം ചേര്‍ന്ന് കേരള ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. വിരമിച്ച ശേഷം ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നല്‍കി തന്റെ ഓഫീസിനെ നയിക്കാന്‍ പിണറായി വിജയന്‍ നിയോഗിച്ച ആളാണ് കെ.എം എബ്രഹാം. കേരള ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത പോലെ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കി മന്ത്രിമാര്‍ക്കു തുല്യസ്ഥാനം നല്കിയതും അടുത്തിടെയാണ്.കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കു മേല്‍ അന്വേഷണം വരുമെന്ന അവസ്ഥ വന്നപ്പോഴാണ് കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചത്. ഇത് കിഫ്ബിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ആരെയൊക്കെയോ രക്ഷിക്കുന്നതിന്റെ ഭാഗമായി നല്‍കിയ ഡീലാണ്. വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട് എന്നതിന്റെ സൂചന മാത്രമാണ് ആ ഡീല്‍. കെ.എം എബ്രഹാമിനെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണവും അതു അപ്പാടെ കണ്ണുമടച്ചു സ്വീകരിച്ച വിജിലന്‍സ് കോടതി വിധിയും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഹര്‍ജിക്കാരന്‍ കണ്ടെത്തി ഹാജരാക്കിയ നിസാരപ്പെട്ട വസ്തുതകള്‍ പോലും കേരള സംസ്ഥാനത്തിലെ വിജിലന്‍സ് വകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനു കാരണം എന്താണ് എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും.വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ സ്വന്തക്കാരെ മുഴുവന്‍ അഴിമതി കേസുകളില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി കുറഞ്ഞ പക്ഷം വിജിലന്‍സിന്റെ ചുമതലയെങ്കിലും ഒഴിയാനുള്ള സാമാന്യ മര്യാദ കാണിക്കണം - ചെന്നിത്തല പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തിന്റെ അവലോകന യോഗത്തില്‍ ഭാര്യയേയും മകളേയും കൊച്ചുമകനെയും ഒപ്പമിരുത്തിയ മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപമാനകരവും ലജ്ജാകരവുമാണ്. വിഴിഞ്ഞം പോലെ ഏറ്റവും സുപ്രധാനമായ ഒരു പദ്ധതിയുടെ അവലോകന യോഗത്തെ മുഖ്യമന്ത്രി കുടുംബയോഗമാക്കി മാറ്റി. . സര്‍ക്കാര്‍ കാര്യം പിണറായി വിജയന്റെ അടുക്കളക്കാര്യമല്ല. ഗുരുതരമായ അഴിമതി ആരോപണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പ്രതിയാണ് വീണാ വിജയന്‍. അത്തരമൊരാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ അവലോകന യോഗത്തില്‍ എങ്ങനെയാണ് പങ്കെടുപ്പിക്കാന്‍ ആവുന്നത്. മുഖ്യമന്ത്രിയുടെ കുടുംബക്കാര്യമല്ല വിഴിഞ്ഞം തുറമുഖ പദ്ധതി.. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല - രമേശ് ചെന്നിത്തല പറഞ്ഞു.