താലികെട്ടിനെത്തിയ ക്ഷേത്രം മാറി; വരനും വധുവും നിൽക്കുന്ന അമ്പലങ്ങൾ തമ്മിൽ 60- കിലോമീറ്ററിന്റെ വ്യത്യാസം; ആശങ്കകൾക്കിടയിൽ സംഭവിച്ചത്...

ഗൂഗിൾ ലൊക്കേഷൻ വഴി വിവാഹസ്ഥലം കണ്ടെത്തിയ വരനും കുടുംബത്തിനും കിട്ടിയത് എട്ടിന്റെ പണി. വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ഗൂഗിൾ ലോക്കേഷൻ ആണ് മുട്ടൻ പണിയായത്. ഇരിട്ടി മാടത്തിൽ സ്വദേശിനിയായ വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ലൊക്കേഷൻ മാറിയാണ് ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തേണ്ട തിരുവനന്തപുരത്തുകാരനായ വരൻ വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിലെത്തിയത്. 10.30-നുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്.
അല്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തിൽ എത്തി. പക്ഷേ, വിവാഹം നടത്താൻ നിശ്ചയിച്ച അമ്പലമായിരുന്നില്ല. ഞങ്ങളെത്തി നിങ്ങൾ എവിടെ എന്ന വരന്റെ സംഘത്തിന്റെ അന്വേഷണത്തിലാണ് വരനും വധുവും നില്ക്കുന്ന അമ്പലങ്ങൾ തമ്മിൽ 60-ലധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്. ആകെ വിഷമത്തിലായ വധുവിനെ ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി കീഴ്‌പ്പാട്ടില്ലത്ത് സുരേന്ദ്രൻ നമ്പൂതിരിയും ജീവനക്കാരും സമാധാനിപ്പിച്ചു. ക്ഷേത്രത്തിൽ പ്രത്യേകമായി മുഹൂർത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു.
ഒന്നരയോടെ വരൻ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തിൽ നടയിൽവെച്ച് താലിചാർത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. പെണ്ണുകാണൽ ചടങ്ങിന് വരൻ വധുവിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും വിവാഹവേദിയായി വധുവിന്റെ കുടുംബക്കാർ നിശ്ചയിച്ച ഇരിട്ടി കീഴൂരിലെ അമ്പലം അറിയില്ലായിരുന്നു. അതിനാലാണ് ഗൂഗിൾ ലൊക്കേഷന്റെ സഹായം തേടിയത്.
https://www.facebook.com/Malayalivartha