തൃക്കൊടിത്താനത്തെ വീട്ടമ്മയുടെ മരണം; പോസ്റ്റ്‌മോർട്ടത്തിലും മരണകാരണം ഉറപ്പാക്കാനായില്ല...

തൃക്കൊടിത്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിൽ ആശയക്കുഴപ്പം. മരണത്തിൽ ദുരൂഹതയുണ്ടെങ്കിലും കൃത്യമായ മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്താനാവാതെ വന്നതോടെയാണ് പൊലീസ് വെട്ടിലായത്. സംഭവവുമായി ബന്ധപ്പെട്ട്മരിച്ച യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും വിശദമായ ചോദ്യം ചെയ്യലിനു ശേഷം തുടർ നടപടിയിലേയ്ക്കു കടന്നാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്‌കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക (36) യെയാണ് തിങ്കളാഴ്ച രാവിലെ ആറു മണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് ശേഷം മല്ലികയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയത്.
എന്നാൽ, പോസ്റ്റമോർട്ടത്തിലും കൃത്യമായ മരണകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതേ തുടർന്ന് മരിച്ച മല്ലികയുടെ ഭർത്താവിന്റെ പൊലീസ് അറസ്റ്റ് ചെയ്്തില്ല. ഇന്ന് വീണ്ടും ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. തിങ്കളാഴ്ച തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
ഞായറാഴ്ച രാത്രിയിൽ രണ്ടു പേരും ഒന്നിച്ചിരുന്നു മദ്യപിച്ചതായി അനീഷ് പൊലീസിനു മൊഴി നൽകി. ഇതിനിടെ വഴക്കുണ്ടായതായും താൻ മല്ലികയെ പിടിച്ചു തള്ളിയതായും അനീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, സംഭവിച്ചത് എന്താണ് എന്ന കാര്യത്തിൽ ഇനിയും വ്യക്തമായ മറുപടി അനീഷിൽ നിന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha