തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും അയാളുടെ മാതാപിതാക്കള്‍ക്കും: യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പായം കേളന്‍പീടിക സ്വദേശിനി സ്‌നേഹ (24) യുടെ മരണത്തില്‍ ഭര്‍ത്താവ് ജിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടില്‍വച്ച് ഇന്നലെയാണ് സ്‌നേഹയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ജിനീഷിനെതിരെ പരാതിയുമായി സ്‌നേഹയുടെ കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും അയാളുടെ മാതാപിതാക്കള്‍ക്കും ആണെന്നും സ്‌നേഹയുടെ ആത്മഹത്യ കുറിപ്പിലും ഉണ്ടായിരുന്നു. കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരില്‍ ഭര്‍ത്താവ് ജിനീഷ് സ്‌നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പരാതിയില്‍ ആരോപിക്കുന്നത്.
'2020 ജനുവരിയില്‍ ആയിരുന്നു സ്‌നേഹയുടെയും ജിനീഷിന്റെയും വിവാഹം. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങി. ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുന്നതും പതിവായിരുന്നു. പിന്നീട് കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോഴും ഉപദ്രവം തുടര്‍ന്നു. ജിനീഷിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നു. പലപ്പോഴും രാത്രി സമയത്തുപോലും അവിടെ നിന്ന് കൂട്ടിക്കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്. പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അനുരഞ്ജന ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു പതിവ്. എന്നാല്‍, പിന്നീട് വീണ്ടും ജിനീഷ് പഴയപടി തന്നെയാണ് തുടര്‍ന്നിരുന്നത്' - സ്‌നേഹയുടെ ബന്ധുക്കള്‍ പറയുന്നു. ലോറി ഡ്രൈവര്‍ ആണ് ഭര്‍ത്താവ് ജിനീഷ്. കുഞ്ഞിന് മൂന്നു വയസ്സാണ് പ്രായം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
https://www.facebook.com/Malayalivartha