വിവാഹസമയത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വര്‍ണാഭരണത്തിന് രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് നീതിനിഷേധത്തിന് കാരണമാവരുതെന്ന് ഹൈകോടതി....

വിവാഹസമയത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വര്‍ണാഭരണത്തിന് രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് നീതിനിഷേധത്തിന് കാരണമാവരുതെന്ന് ഹൈകോടതി. ഇത്തരം ആഭരണങ്ങളുടെ കൈമാറലുകള്‍ക്ക് സ്വകാര്യ സ്വഭാവമുള്ളതിനാല്‍ സ്ത്രീകള്‍ക്ക് തെളിവുകള്‍ ഹാജരാക്കാനാവാത്ത അവസ്ഥയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിരീക്ഷിച്ചത്.
സത്യം തിരിച്ചറിയാവുന്ന സന്ദര്‍ഭത്തില്‍ രേഖമൂലമുള്ള ശക്തമായ മറ്റ് തെളിവുകള്‍ വേണ്ടതില്ലെന്ന തത്ത്വം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ഈ സാഹചര്യങ്ങളില്‍ കോടതികളില്‍ നിന്നുണ്ടാകേണ്ടത്. സാധ്യത വിലയിരുത്തി അതില്‍ മുന്‍തൂക്കം പരിഗണിച്ച് വേണം തീരുമാനമെടുക്കാനെന്നും വ്യക്തമാക്കി ഡിവിഷന്‍ബെഞ്ച്.
ഭര്‍ത്താവുമായി പിരിഞ്ഞതിനെ തുടര്‍ന്ന് വിവാഹസമയത്ത് തനിക്ക് തന്ന സ്വര്‍ണാഭരണങ്ങളും വീട്ടുസാധനങ്ങളും തിരികെ നല്‍കണമെന്ന ആവശ്യം എറണാകുളം കുടുംബകോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണനിച്ചത്.
വിവാഹസമയത്ത് ഹരജിക്കാരിക്ക് മാതാപിതാക്കളും ബന്ധുക്കളുമടക്കം 71 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയെന്നായിരുന്നു വാദം. എന്നാല്‍, ഈ ആഭരണങ്ങള്‍ ഗര്‍ഭിണിയായ സമയത്ത് ഹരജിക്കാരി തിരികെ കൊണ്ടുപോയെന്ന ഭര്‍ത്താവിന്റെ വാദം ശരിവെച്ചാണ് കുടുംബ കോടതി ഉത്തരവുണ്ടായത്. തന്റെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍തൃവീട്ടുകാര്‍ വിട്ടുതന്നിട്ടില്ലെന്ന് തെളിയിക്കാന്‍ ഹരജിക്കാരിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
വിവാഹസമയത്ത് പെണ്‍കുട്ടികള്‍ക്ക് കൊടുത്തയക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താക്കന്മാരും ബന്ധുക്കളും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍ നിലവിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ഗാര്‍ഹിക പീഡനക്കേസുകളും സ്ത്രീധന പീഡനക്കേസുകളും വരുമ്പോഴാണ് ആഭരണങ്ങള്‍ തിരികെ തരുന്നില്ലെന്ന വിവരം സ്ത്രീകള്‍ പറയുക. എന്നാല്‍, ഉടമസ്ഥാവകാശം തെളിയിക്കല്‍ ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യത്തില്‍ ക്രിമിനല്‍ കേസിലെപ്പോലെ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെടാനാവില്ലെന്ന വസ്തുത ബന്ധപ്പെട്ട കോടതികള്‍ മനസ്സിലാക്കണമെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.
വിവാഹസമയത്ത് നല്‍കിയ സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരി നല്‍കിയ വിശദീകരണം തന്നെ അച്ഛനും നല്‍കി. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായതിനാല്‍ 65 പവന്‍ നല്‍കാനുള്ള ശേഷി മാതാപിതാക്കള്‍ക്കുള്ളതായും ഇത്രയും സ്വര്‍ണാഭരണങ്ങള്‍ നല്‍കിയെന്ന ഇരുവരുടെയും വാദം തള്ളേണ്ടതില്ലെന്നും കോടതി വിലയിരുത്തി.
മാത്രമല്ല, സ്വര്‍ണം തിരികെ സ്വന്തം വീട്ടിലേക്ക് ഹര്‍ജിക്കാരി കൊണ്ടുപോയി എന്ന ഭര്‍ത്താവിന്റെ വാദം വിശ്വസനീയവുമല്ല. പിതാവ് 59.5 പവന്‍ സ്വര്‍ണം വിവാഹ സമയത്ത് നല്‍കിയെന്നത് ജ്വല്ലറിയുടെയും മറ്റും വിശദാംശങ്ങളില്‍നിന്ന് വ്യക്തമാണ്. അതിനാല്‍, ഇത്രയും സ്വര്‍ണാഭരണങ്ങളോ വിപണി മൂല്യത്തിനൊത്ത തുകയോ ഹര്‍ജിക്കാരിക്ക് നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി നിര്‍ദേശിച്ചു.
അതേസമയം, വീട്ടുസാധനങ്ങള്‍ സംബന്ധിച്ച വിശ്വസനീയമായ തെളിവുകളൊന്നും നല്‍കാനാവാത്തതിനാല്‍ ഭര്‍തൃവീട്ടുകാര്‍ ദുരുപയോഗം ചെയ്‌തെന്ന വാദവും തിരിച്ചുനല്‍കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കോടതി .
https://www.facebook.com/Malayalivartha