അക്ഷയതൃതീയ ഇന്ന്.... ഈ ദിവസത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങി

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഈ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്.
അന്ന് പാവപെട്ടവര്‍ക്ക് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതപ്പെടുന്നു. വിഷ്ണു അവതാരങ്ങളായ പരശുരാമന്‍, ബലഭദ്രന്‍ എന്നിവര്‍ ജനിച്ച ദിവസം, ഭഗവതി അന്നപൂര്‍ണേശ്വരിയുടെ അവതാര ദിവസം, മഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്ന ദിവസം എന്നിവ കൂടിയാണത്. അതിനാല്‍ പരശുരാമജയന്തി, ബലഭദ്രജയന്തി അഥവാ കര്‍ഷകരുടെ പുണ്യദിവസം, സമൃദ്ധിയുടെ ദിവസം എന്നൊക്കെ പ്രാദേശികമായ പല പേരുകളില്‍ അറിയപ്പെടാറുണ്ട്. അന്നപൂര്‍ണ ദേവി അവതാര ദിവസം ആയതിനാല്‍ ഭഗവതി ക്ഷേത്രങ്ങളില്‍ ഇത് വിശേഷമാണ്.
കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളില്‍ അന്നേദിവസം അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂര്‍ക്ഷേത്രത്തിലും അന്നേ ദിവസം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വര്‍ഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളില്‍ അക്ഷയതൃതീയ ഉള്‍പ്പെടുന്നു. ദേവന്‍മാര്‍ക്കുപോലും ഇതു വന്ദനീയമാണ് എന്നു പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു.
വരള്‍ച്ചയില്‍ വേവുന്ന ഭൂമിക്കു സാന്ത്വനസ്പര്‍ശമായി ഭഗീരഥമുനിയുടെ തപസ്സിലൂടെ ഗംഗാനദി സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണു വിശ്വാസം. ഭൂമിയില്‍ സമസ്ത ഐശ്വര്യവും പകര്‍ന്നു നല്‍കിയ ഗ ംഗാദേവിയുടെ ആഗമനദിനത്തിനു മഹത്ത്വം അന്നു മുതല്‍ കല്‍പിച്ചു പോന്നു. അക്ഷയതൃതീയയ്ക്ക് എല്ലാ ക്ഷേത്രങ്ങളിലുംതന്നെ വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട്.
അതേസമയം അക്ഷയ തൃതീയദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിവസത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങികഴിഞ്ഞിരിക്കുകയാണ്. ഇത്തവണ വലിയൊരു ആഘോഷമായി അക്ഷയ തൃതീയ മാറും എന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാല്‍ത്തന്നെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്റാണുള്ളത്.
അക്ഷയതൃതീയ ആഘോഷവുമായി ബന്ധപ്പെട്ട് 10 ലക്ഷത്തോളം കുടുംബങ്ങളെ ജ്വല്ലറി ഉടമകള്‍ നേരിട്ടും അല്ലാതെയും ആഭരണം വാങ്ങുന്നതിനായി ക്ഷണിച്ചിട്ടുണ്ട് എന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പറയുന്നത്. 5 ലക്ഷത്തിലധികം കുടുംബങ്ങള്‍ അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണ വ്യാപാര മേഖലയിലേക്ക് ഒഴുകിയെത്തും എന്നാണ് പ്രതീക്ഷയുള്ളത്.
ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് നിന്നും ലഭ്യമായ കണക്കനുസരിച്ച് സാധാരണ ദിവസങ്ങളില്‍ 300 മുതല്‍ 400 കോടി രൂപയുടെ സ്വര്‍ണ്ണ വ്യാപാരമാണ് ഒരു ദിവസം കേരളത്തില്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha