ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍

ഇന്ത്യയുടെ എക്കാലത്തെയും പ്രതിഭാശാലിയായ ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസ് ഓര്‍മയായി. ഒളിമ്പിക്‌സിലും ഏഷ്യാഡിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് മെഡല്‍ വര്‍ഷം സമ്മാനിച്ച പ്രഫസര്‍ സണ്ണി തോമസിന്റെ അന്ത്യം കോട്ടയം ഉഴവൂരിലെ വസതിയില്‍ ഇന്നു രാവിലെയായിരുന്നു. 19 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിന്റെ ചീഫ് കോച്ചായിരുന്നു സണ്ണി തോമസ്. 2004ല്‍ ആതന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് വെള്ളി നേടിയപ്പോള്‍ ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യത്തെ വ്യക്തിഗത വെള്ളി മെഡലായി അതുമാറി. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണമണിഞ്ഞപ്പോള്‍ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമായി രാജ്യം അഭിമാനം കൊണ്ടു. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയകുമാര്‍ വെള്ളിയും ഗഗന്‍ നാരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസിലെ പരിശീലകന് അംഗീകാരമെത്തി. ദേശീയതലത്തില്‍ ഇരുന്നൂറിലേറെ ഷൂട്ടര്‍മാരുടെ പരിശീലനകനായിരുന്നു സണ്ണി തോമസ്. ഇന്ത്യന്‍ റെയില്‍വെയിലും കസ്റ്റംസിലും ഉള്‍പ്പെടെ സണ്ണിയുടെ ശിഷ്യര്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി കരസ്ഥമാക്കിയിട്ടുണ്ട്.
ഷൂട്ടിങ്ങില്‍ അഞ്ചു തവണ സംസ്ഥാന ചാംപ്യനും 1976ല്‍ ദേശീയ ചാംപ്യനും ആയിരുന്നുമായിരുന്നു ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഇംഗഌഷ് അധ്യാപകനായിരുന്ന സണ്ണി തോമസ്. 2001ലാണ് സണ്ണി തോമസിനെ രാജ്യം പരമോന്നത പരിശീലക ബഹുമതിയായ ദ്രോണാചാര്യ ബഹുമതി നല്‍കി രാജ്യം ആദരിച്ചത്. അഞ്ചു ലക്ഷം രൂപയും ദ്രോണാചാര്യരുടെ വെങ്കല പ്രതിമയും മെഡലും ഉള്‍പ്പെടുന്നതാണ് ദ്രോണാചാര്യ പുരസ്‌കാരം. കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായ സണ്ണി തോമസ് കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ കോളളില്‍ അധ്യാപകനായി ചേരും മുന്‍പു തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും കുറെക്കാലം അധ്യാപകനായി സണ്ണി തോമസ് സേവനം ചെയ്തു. ഏഷ്യന്‍ ഗെയിംസുകളില്‍ 29 മെഡലുകളും കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ 95 മെഡലുകളും സണ്ണി തോമസിന്റെ ശിഷ്യഗണങ്ങള്‍ സ്വന്തമാക്കി. 1965ല്‍ കോട്ടയം റൈഫിള്‍ ക്ലബ്ബില്‍ അംഗത്വം നേടിയതാണ് സണ്ണിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അത്തരത്തില്‍ അഞ്ച് തവണ സണ്ണി തോമസ് സംസ്ഥാന ചാംപ്യനായി മാറി. പിന്നീട് 1976ല്‍ ദേശീയ ഷൂട്ടിംഗ് ചാംപ്യനുമായി. 1993 മുതല്‍ റൈഫഌംഗ് പരിശീലകത്തിലേക്ക് കടന്നുവന്നതോടെയാണ് ഇന്ത്യ റൈഫഌംഗ് രംഗത്ത് പേരും പെരുമയും സ്വന്തമാക്കിയത്. നാലു പതിറ്റാണ്ടു മുന്‍പ് ഇന്ത്യയ്ക്ക് തികച്ചും അന്യമായിന്ന കായികരംഗമാണ് റൈഫഌംഗ്. ഈ രംഗത്ത് തനതായൊരു വിലാസവും നേട്ടവും സമ്മാനിക്കാന്‍ മലയാളിയായി ഈ അധ്യാപകനു സാധിച്ചു എന്നതാണ് നേട്ടം.
ഷൂട്ടിംഗില്‍ ചൈനയുടെ ആധിപത്യം തകര്‍ക്കാനായത് സണ്ണി തോമസിന്റെ പരിശീലനത്തിലൂടെയാണ്. ഇന്ത്യന്‍ കായിക വേദിയില്‍ ഇത്രത്തോളം നേട്ടങ്ങള്‍ സമ്മാനിക്കാനായ മറ്റൊരു പരിശീലകന്‍ വേറെയില്ലെന്നു പറയാം. കോട്ടയം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രൊഫ. കെ.ജെ. ജോസമ്മയാണ് സണ്ണിയുടെ ഭാര്യ. , മുന്‍ സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യന്‍മാരായ മനോജ് സണ്ണി, സനില്‍ സണ്ണി, മകള്‍ സോണിയ സണ്ണി എന്നിവരാണ് മക്കള്‍. പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനായ ദ്രോണരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ദേശീയ പുരസ്‌കാരം മികച്ച കായികാധ്യാപന് 1985 മുതലാണ് നല്‍കിത്തുടങ്ങിയത്. ദ്രോനാചാര്യരുടെ ഒരു വെങ്കല പ്രതിമയും പ്രശസ്തിപത്രവും അഞ്ചു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.ഇന്ത്യയില്‍ മികച്ച കായിക താരങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് അര്‍ജുന അവാര്‍ഡ് എന്ന് പേര് നല്‍കാന്‍ കാരണം തന്നെ ദ്രോണര്‍ അര്‍ജ്ജുനന്റെ ഗുരുവായതിനാലാണ്. ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ സ്‌പോര്‍ട്‌സ് പരിശീലനകന്‍ എന്ന ഖ്യാതിയും അംഗീകാരവും സ്വന്തമാക്കിയാണ് സണ്ണി തോമസ് വിടപറയുന്നത്.
https://www.facebook.com/Malayalivartha