ട്രാക്കുണര്‍ന്നു
തിരുവനന്തപുരം : 56മത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് തുടങ്ങും. മത്സരങ്ങള്‍ രാവിലെ ഏഴ് മണിക്ക് തന്നെ തുടങ്ങിക്കഴിഞ്ഞു. മേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം വൈകിട്ട് മൂന്നരയ്‌ക്ക് പി.കെ.അബ്‌ദുറബ്ബ് നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷത്തെ വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്ന് പുറപ്പെട്ട ദീപശിഖ ഇന്നലെ വൈകുന്നേരം നാലരയ്‌ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മന്ത്രി അനൂപ് ജേക്കബ് ഏറ്റുവാങ്ങി.
ഇനി നാലുനാള്‍ അനന്തപുരിയുടെ ട്രാക്കിലും ഫീല്‍ഡിലും കുട്ടിത്താരങ്ങളുടെ പോരാട്ടം. രണ്ടായിരത്തി ഏഴുനൂറിലധികം കായികതാരങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ് നിലവിലെ ചാമ്പ്യന്‍മാര്‍. മാര്‍ബസേലിന്റെയും സെന്റ് ജോര്‍ജ്ജിന്റെയും മേഴ്‌സിക്കുട്ടന്‍ അക്കാദമിയുടെയും കരുത്തില്‍ എട്ട് വര്‍ഷമായി എറണാകുളം കയ്യടക്കി വച്ചിരിക്കുന്ന ചാമ്പ്യന്‍പട്ടം കൈക്കലാക്കാനായി സംഭരിച്ച കരുത്തുമായാണ് പാലക്കാട് എത്തിയിരിക്കുന്നത്. പറളിയും കല്ലടിയും മുണ്ടൂരുമാണ് പാലക്കാടിന്റെ ശക്തി. മലപ്പുറവും ശക്തമായ മത്സരവീര്യവുമായി എത്തുമ്പോള്‍ അനന്തപുരിയില്‍ പൊടിപാറുമെന്നുറപ്പ്.
മിക്ക സ്‌കൂളുകളും ഇന്നലെത്തന്നെ നഗരത്തിലെത്തിക്കഴിഞ്ഞു. ഉദ്‌ഘാടന - സമാപന സമ്മേളനങ്ങളും ഹാമര്‍- ഡിസ്‌കസ് ത്രോകളും ഒഴികെയുളള മത്സരങ്ങളും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ സിന്തറ്റിക് ട്രാക്കിലാണ് നടക്കുന്നത്. ഡിസ്‌കസ്-ഹാമര്‍ ത്രോ ഇനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
https://www.facebook.com/Malayalivartha