ഏറ് കൊണ്ടത് ജനത്തിന്റെ നെഞ്ചില്‍ ... സരിതയും സോളാറുമെല്ലാം ജനങ്ങള്‍ മറന്നു, ഒറ്റ ദിവസം കൊണ്ട് ഉമ്മന്‍ചാണ്ടി സൂപ്പര്‍ ഹീറോ
ഉമ്മന്‍ ചാണ്ടിക്കു കൊണ്ട ഏറ് സാക്ഷാല്‍ ജനത്തിന്റെ നെഞ്ചിലാണ് പതിച്ചത്. അത് കൊണ്ടുതന്നെ സരിതയും സോളാറുമെല്ലാം ജനങ്ങള്‍ മറന്നു. ഒറ്റ ദിവസം കൊണ്ട് ഉമ്മന്‍ ചാണ്ടി സൂപ്പര്‍ ഹീറോ ഇമേജിലേക്ക് മാറി. ഇമേജ് നഷ്‌ടപ്പെട്ടുകൊണ്ടിരുന്ന ഉമ്മന്‍ ചാണ്ടി അങ്ങനെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയും നേടി. എതിര്‍ത്തിരുന്ന മാധ്യമങ്ങളും ഉമ്മന്‍ചാണ്ടിയെ സ്‌തുതിച്ച് രംഗത്തെത്തി.
ഒരുപക്ഷേ മുള്ളില്‍ മേല്‍ നിന്ന് ഭരണം നടത്തിയ ആദ്യ സംസ്ഥാന മുഖ്യമന്ത്രിയാകാം ഉമ്മന്‍ ചാണ്ടി. അധികാരത്തില്‍ വന്നതുതന്നെ മൂത്രമൊഴിക്കാന്‍ പോയാല്‍ തീരുന്ന ഭൂരിപക്ഷത്തില്‍. ആദ്യ ആറുമാസം അല്ലലില്ലാതെ ഭരണം കൊണ്ടു പോയി. ഇതിനിടയ്‌ക്ക് അഞ്ചാം മന്ത്രിയും അതിനെതിരായി സുകുമാരന്‍ നായരും വെല്ലുവിളികളുമായി നിന്നതും ഉമ്മന്‍ ചാണ്ടി വിദഗ്‌ദ്ധമായി കൈകാര്യം ചെയ്‌തു.
സുകുമാരന്‍ നായര്‍ രമേഷ് ചെന്നിത്തലയെ മുന്നില്‍ കണ്ട് ഭരണത്തിലെ മുന്നോക്ക സമുദായത്തിലെ പിന്നാക്കാവസ്ഥ എടുത്തിട്ടു. ഉമ്മന്‍ ചാണ്ടിയാകട്ടെ തന്റെ കൈയ്യിലിരുന്ന ആഭ്യന്തരം തിരുവഞ്ചൂരിന് നല്‍കി ചെന്നിത്തലയെ തന്ത്രപൂര്‍വം ഒഴിവാക്കുകയായിരുന്നു.
തുടര്‍ന്ന് സിപിഎമ്മിന്റെ കരുത്തനായ എംഎല്‍എ സെല്‍വരാജിനെ മറുകണ്ടം ചാടിപ്പിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന് കരുത്തായി. അപ്പോഴേക്കും ടിപി വധം വന്നു. അതോടെ പ്രതിപക്ഷം ആറുമാസം വെള്ളം കുടിച്ചു.
ഇതിനിടയ്‌ക്ക് വിഎസിനെ പേടിച്ച് സര്‍ക്കാരിനെ മറിച്ചിടില്ല എന്ന തീരുമാനവും സിപിഎം എടുത്തു. അങ്ങനെ പ്രതിപക്ഷം ഭരണപക്ഷ അനുകൂലമായപ്പോള്‍ ചെന്നിത്തലയും സംഘവും പരസ്യമായി രംഗത്തെത്തി. ഒപ്പം സോളാറും പൊങ്ങി വന്നു.
മുഖ്യമന്ത്രിയുടെ ഓഫീസംഗങ്ങളുടെ വഴിവിട്ട ബന്ധം അദ്ദേഹത്തിന് തന്നെ പാരയായി. എല്ലാം നഷ്‌ടപ്പെട്ടിരുന്ന പ്രതിപക്ഷം ഒരു ലക്ഷം പേരേയും കൊണ്ട് സെക്രട്ടറിയേറ്റ് വളയാന്‍ തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കാര്യം പോക്കെന്ന് ശരാശരി മലയാളികള്‍ ചിന്തിച്ച വേളില്‍ തന്നെ സമരത്തെ വിദഗ്‌ദ്ധമായി പിരിച്ചുവിടാന്‍ ഉമ്മന്‍ ചാണ്ടിക്കായി.
തുടര്‍ന്ന് കരിങ്കൊടിയും അല്ലറചില്ലറ ചടങ്ങ് സമരങ്ങളുമായി ഇലക്ഷന്‍വരെ കാലം കഴിക്കാമെന്നായിരുന്നു പ്രതിപക്ഷ മോഹം. ഒരുവശത്ത് ഐ ഗ്രൂപ്പും മറുവശത്ത് പ്രതിപക്ഷവുമായി ഉമ്മന്‍ ചാണ്ടിയുടെ ഉറക്കം തന്നെ കെടുത്തി.
ഇതിനിടയിലും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി വിട്ടുവീഴ്‌ച ചെയ്‌തില്ല. താന്‍ തുടങ്ങിവച്ച ജനസംമ്പര്‍ക്ക പരിപാടികളുമായി അദ്ദേഹം മുന്നോട്ടു പോയി. പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു എങ്കിലും ഒന്നും ഫലം കണ്ടില്ല. കാരണം ഒരുഗതിയും പരഗതിയും ഇല്ലാത്ത പാവങ്ങളാണ് സഹായത്തിനായി രാഷ്‌ട്രീയം മറന്ന് മുഖ്യമന്ത്രിയുടെ മുന്നിലെത്തുന്നത്. അവരുടെ വിരോധം സമ്പാദിച്ചാല്‍ പണികിട്ടും.
അങ്ങനെ മുഖ്യമന്ത്രി കണ്ണൂരില്‍ എത്തി. മുഖ്യമന്ത്രി പങ്കെടുക്കുന്നത് പോലീസ് പരിപാടിക്കും. സിപിഎമ്മിന്റെ ആസ്ഥാനത്ത് മുഖ്യമന്ത്രിക്ക് സര്‍വ്വവിധ സുരക്ഷയും ഒരുക്കി പോലീസ് കാത്തു നിന്നു. ജാഗരൂഗരായി നിന്ന പോലീസുകാരേയും കടത്തിവെട്ടി ഒരു കല്ല് ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാറില്‍ വന്നു പതിച്ചു. കാറിന്റെ ചില്ല് തെറിച്ച് ഉമ്മന്‍ചാണ്ടിയുടെ നെറ്റിയിലും നെഞ്ചിലും കൊണ്ടു.
എല്ലാവരും ഭയന്നെങ്കിലും ഉമ്മന്‍ചാണ്ടി തന്റെ യാത്ര അവസാനിപ്പിച്ചില്ല. ചില്ലുകൊണ്ട് മുറിഞ്ഞ ശരീരവുമായി തന്നെ അദ്ദേഹം വേദിയിലെത്തി. ആരോടും പരിഭവമില്ലാതെ അദ്ദേഹം സംസാരിച്ചു. ലോക്കല്‍ നേതാക്കന്‍മാര്‍ ആക്രമിപ്പെടുമ്പോള്‍ പോലും ഹര്‍ത്താലുണ്ടാകുന്ന നാട്ടില്‍ ഇതിന്റെ പേരില്‍ ഹര്‍ത്താലില്ലെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പിച്ചു പറഞ്ഞു.
ഇതെല്ലാം തത്സമയം കണ്ട ജനങ്ങള്‍ കഴിഞ്ഞതെല്ലാം പെട്ടന്ന് മറന്നു. പാവം മുഖ്യമന്ത്രി…
പ്രതിപക്ഷ നേതാക്കളെല്ലാം പശ്ചാത്താപത്തോടെ ഉമ്മന്‍ചാണ്ടിയെ കണ്ടു. വിഎസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിയെ മെഡിക്കല്‍ കോളേജില്‍ നേരിട്ടുകണ്ട് വിവരം അന്വേഷിക്കുകയും ചെയ്‌തു.
ഇതോടെ നില്‍ക്കക്കള്ളി ഇല്ലാതായ ഐ ഗ്രൂപ്പും രംഗത്തെത്തി. അങ്ങനെ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഗ്രൂപ്പിന് അധീതമായി കോണ്‍ഗ്രസുകാര്‍ ഒത്തൊരുമിച്ച് പ്രകടനം നടത്തി.
കേരളത്തില്‍ വഴി തടഞ്ഞതിന്റെ പേരില്‍ ജീവന്‍ നഷ്‌ടപ്പെട്ട നിരവധി പേര്‍ കണ്ണൂരിലുണ്ട്. അന്നത്തെ മന്ത്രിയായിരുന്ന എവി രാഘവനെ തടഞ്ഞതിനാല്‍ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സിപിഎം നേതാക്കളായ പി. ജയരാജനേയും ടി.വി. രാജേഷ് എംഎല്‍എയേയും തടഞ്ഞതിന്റെ പേരിലാണ് ഷുക്കൂര്‍ എന്ന 21 കാരനെ മൃഗീയമായി വധിച്ചത്.
ആ കണ്ണൂരിലാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. ഒരുവശത്ത് പോലീസിന്റെ വീഴ്‌ചയായും മറുവശത്ത് എറിഞ്ഞത് കോണ്‍ഗ്രസുകാരാണെന്നും വാദിക്കുന്നു.
എന്തായാലും ഉമ്മന്‍ചാണ്ടി ആ നേരത്ത് കാണിച്ച സമചിത്തത എല്ലാവരാലും പ്രശംസിക്കപ്പെട്ടു. ആശുപത്രിയില്‍ പോലും പോകാതെ അദ്ദേഹം നേരിട്ട് ജനങ്ങളുടെ മുന്നിലെത്തി. ജനങ്ങളാകട്ടെ തങ്ങളുടെ അടുത്ത ആളിന് പറ്റിയ അപകടമായി തന്നെ അതിനെ കണ്ടു. അവര്‍ പരസ്‌പരം ചോദിക്കുന്ന ഒരു ചോദ്യമിതാണ്. എന്താണ് ഉമ്മന്‍ ചാണ്ടി ചെയ്‌ത തെറ്റ്? ആരും ഇല്ലാത്തവര്‍ക്കായി ഓടി നടക്കുന്നതോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha