പഠിപ്പിക്കാമെന്ന് കോടതി... ആരും കൂടുതല്‍ പഠിപ്പിക്കേണ്ടെന്ന് വിഎസ്
ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മറുപടി നല്‍കി. ആരും കൂടുതല്‍ പഠിപ്പിക്കേണ്ടെന്ന് വിഎസ് പറഞ്ഞു. 70 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ആരേയും അത് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് വിഎസ് പറഞ്ഞു.
വിഎസിനെ അതിശക്തമായ ഭാഷയിലായിരുന്നു കോടതി വിമര്‍ശിച്ചത്. വി.എസ് അച്യുതാനന്ദന്‍ ഏതുവരെ പഠിച്ചിട്ടുണ്ടെന്നും കയ്യടി കിട്ടാന്‍ കോടതിയെ കരുവാക്കരുതെന്നും, നിയമം പഠിച്ചിട്ടില്ലെങ്കില്‍ താന്നെ സമീപിച്ചാല്‍ മതിയെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞു.
നേരത്തെ സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കോടതിക്ക് പേടിയാണെന്ന് വി.എസ് ആരോപിച്ചിരുന്നു. സലിംരാജിന് പിന്നില്‍ സ്വാധീനമുള്ള ശക്തിയുണ്ടെന്ന് മാത്രമാണ് കോടതി പറഞ്ഞത്. ആരെന്ന് പറയാന്‍ കോടതി മടിക്കുകയാണ്. വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നതു പോലെ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണ്. ഭയം വെടിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതി തയ്യാറാകണമെന്നും വി.എസ് പറഞ്ഞിരുന്നു.
അതേസമയം ഭൂമി തട്ടിപ്പ് കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. മൂന്നാഴ്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണം. മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha